ബെംഗളൂരു:ടിവിയിലൂടെയും അല്ലാതെയും ക്രിക്കറ്റ് മത്സരങ്ങള്‍ കാണുമ്പോള്‍ ഇന്ന് സ്ഥിരമായി കാണാൻ സാധിക്കുന്ന കാഴ്‌ചയാണ് ബൗണ്ടറി ലൈനിന് തൊട്ടുപുറത്ത് ഡിസ്‌പ്ലേയ്‌ക്കായി വച്ചിരിക്കുന്ന കാറുകള്‍. ഒരു ടൂര്‍ണമെന്‍റിലോ അല്ലെങ്കില്‍ പരമ്പരയിലോ മികച്ച പ്രകടനം നടത്തുന്ന താരത്തിന് കൈമാറുന്നതിനായും ഒപ്പം ആ കമ്പനിയുടെ പരസ്യ പ്രചരണത്തിനും വേണ്ടിയാകും ഇങ്ങനെ ഗ്രൗണ്ടിനോട് ചേര്‍ന്ന് തന്നെ അവ പ്രദര്‍ശിപ്പിക്കുന്നതും. ഒരു മത്സത്തിനിടെ ഒരിക്കലെങ്കിലും പന്ത് ഈ വാഹനത്തില്‍ വന്ന് കൊണ്ടിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്ത ഒരു ക്രിക്കറ്റ് ആരാധകൻ പോലും ഉണ്ടാകില്ല.
അങ്ങനെ ചിന്തിക്കുന്ന ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് വനിത പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്‍റെ പ്രധാനിയായ ഓസ്‌ട്രേലിയൻ ഓള്‍റൗണ്ടര്‍ എല്ലിസ് പെറി. വനിത പ്രീമിയര്‍ ലീഗിന്‍റെ രണ്ടാം പതിപ്പിലെ തങ്ങളുടെ അവസാന ഹോം മത്സരത്തിനിടെയാണ് എല്ലിസ് പെറി ചില ആരാധകരെങ്കിലും കാത്തിരുന്ന ആ കാഴ്‌ച സമ്മാനിച്ചത്. അതും, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഡിസ്‌പ്ലേയ്‌ക്ക് വച്ചിരുന്ന കാറിന്‍റെ ചില്ലുകള്‍ തകര്‍ത്തുകൊണ്ട്.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ യുപി വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട ആര്‍സിബിയാണ് ആദ്യം ബാറ്റ് ചെയ്‌തത്. എസ് മേഘ്‌നയും ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയും ചേര്‍ന്ന് അവര്‍ക്ക് നല്‍കിയതാകട്ടെ തരക്കേടില്ലാത്ത ഒരു തുടക്കവും. ആറാം ഓവറിലെ ആദ്യ പന്തില്‍ സ്കോര്‍ 51ല്‍ നില്‍ക്കെ മേഘ്‌നയെ നഷ്‌ടപ്പെട്ടതോടെയാണ് എല്ലിസ് പെറി ക്രീസിലേക്ക് എത്തിയത്.
സ്‌മൃതിയും എല്ലിസ് പെറിയും ചേര്‍ന്ന് യുപി വാരിയേഴ്‌സിന്‍റെ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തി. രണ്ടാം വിക്കറ്റില്‍ 95 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 17-ാം ഓവറില്‍ സ്‌മൃതി മന്ദാന (80) പുറത്തായെങ്കിലും പെറി ടീമിന്‍റെ റണ്‍സ് ഉയര്‍ത്തിക്കൊണ്ടേയിരുന്നു. ഇതിനിടെയായിരുന്നു താരത്തിന്‍റെ തകര്‍പ്പൻ ഒരു സിക്‌സര്‍ ടാറ്റ പഞ്ച് ഇ.വി.യുടെ ചില്ലുകള്‍ തകര്‍ത്തത്.