മുംബൈ:ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടി20 ടീമുകളെ കഴിഞ്ഞ ദിവസമായിരുന്നു ബിസിസിഐ പ്രഖ്യാപിച്ചത്. ഇന്ത്യൻ ടീമിന്‍റെ മുഖ്യപരിശീലകന്‍റെ റോളില്‍ ഗൗതം ഗംഭീര്‍ എത്തുന്ന ആദ്യത്തെ പരമ്പരയാണ്. ഈ മാസം 27ന് ആരംഭിക്കുന്ന പരമ്പരയില്‍ ഇന്ത്യ മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിന മത്സരങ്ങളും ലങ്കയ്‌ക്കെതിരെ കളിയ്ക്കും.
ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം കണ്ടെത്തിയിട്ടുണ്ട്. ടി20 സ്ക്വാഡില്‍ റിഷഭ് പന്തിന് പുറമെയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് സഞ്ജു. ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമിലേക്ക് പരിഗണിച്ചെങ്കിലും ഏകദിന സ്ക്വാഡില്‍ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം ദോഡ്ഡ ഗണേഷ്.
അവസാനം കളിച്ച ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടിയ താരമാണ് സഞ്ജു സാംസണ്‍. ആ താരത്തെ ഒഴിവാക്കി ശിവം ദുബെയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയത് പരിഹാസ്യമാണെന്ന് ദോഡ്ഡ ഗണേഷ് പറഞ്ഞു. മിക്കപ്പോഴും സഞ്ജുവിനോട് ബിസിസിഐ പുലര്‍ത്തുന്ന സമീപനത്തേയും അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്.
'ഏകദിന ക്രിക്കറ്റില്‍ സഞ്ജുവിന്‍റെ സ്ഥാനത്ത് ശിവം ദുബെ വരുന്നത് പരിഹാസ്യമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തന്‍റെ അവസാന ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടിയ താരമാണ് പാവം സഞ്ജു. എന്തുകൊണ്ടാണ് എല്ലായിപ്പോഴും അവൻ മാത്രം ? എന്‍റെ ഹൃദയം ഈ ചെറുപ്പക്കാരനൊപ്പമാണ്'- ടീം പ്രഖ്യാപനത്തിന് പിന്നാലെ ദേഡ്ഡ ഗണേഷ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.