രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ക്ക് കാലിടറി. ജമ്മു കശ്‌മീരിനെതിരെ നടന്ന മത്സരത്തിന്‍റെ ഒന്നാം ദിവസം ഇന്ത്യയുടെ ടെസ്റ്റ് ടീം നായകന്‍ രോഹിത് ശര്‍മ വെറും മൂന്ന് റണ്‍സിന് പുറത്തായി. സൂപ്പര്‍താരം യശസ്വി ജയ്സ്വാളും വെറും നാല് റണ്‍സുമായി മടങ്ങി. പത്തു വര്‍ഷത്തിനു ശേഷം മടങ്ങിയെത്തിയ അജിങ്ക്യ രഹാനെയുടെ നായകത്വത്തിലിറങ്ങിയ മുംബൈ ടീമിന് ഏറെ പ്രതീക്ഷ പകര്‍ന്ന ഇരുവരും പെട്ടെന്ന് മടങ്ങിയത് ഞെട്ടലുളവാക്കി.
തുടക്കം മുതല്‍ പന്തിന്‍റെ ലെങ്ത്തും ബൗണ്‍സും മനസ്സിലാക്കാനാവാതെ രോഹിത് ശര്‍മ്മ കുഴങ്ങുന്നതാണ് കണ്ടത്. ആറാം ഓവറില്‍ ജമ്മു കശ്‌മീരിന്‍റെ ഉമര്‍ നസീര്‍ മിറിന്‍റെ പന്തില്‍ ലൂസ് ഷോട്ടിന് ശ്രമിച്ച രോഹിത് ശര്‍മ പരസ് ദോഗ്രയ്ക്ക് അനായാസ ക്യാച്ച് നല്‍കി മടങ്ങി. 19 പന്തില്‍ നിന്നാണ് രോഹിത് 3 റണ്‍സെടുത്തത്.
മോശം പ്രകടനവുമായി ജെയ്‌സ്വാളും ശിവം ദുബെയും അയ്യരും
മൂന്നാം ഓവറില്‍ അക്വിബ് നബിയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയാണ് യശസ്വി ജയ്സ്വാള്‍ പുറത്തായത്. എട്ടു പന്തില്‍ നിന്ന് 4 റണ്‍സാണ് താരത്തിന് നേടാനായത്. നായകന്‍ അജിങ്ക്യ രഹാനെയും പതിമൂന്നാം ഓവറില്‍ 12 റണ്‍സുമായി മടങ്ങി. ഉമര്‍നസീര്‍ മിറിനു തന്നെയായിരുന്നു വിക്കറ്റ്.
മുംബൈ താരങ്ങളില്‍ ശിവം ദുബെയും നിരാശപ്പെടുത്തി. മൂന്ന് പന്ത് നേരിട്ട് പൂജ്യനായാണ് ശിവം ദൂബേ മടങ്ങിയത്. ഏഴ് പന്തില്‍ നിന്ന് ഒരു സിക്‌സും ഫോറുമടക്കം 11 റണ്‍സടിച്ച ശ്രേയസ് അയ്യര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല.
നിരാശനാക്കി ഗില്ലും
ബെംഗളൂരുവില്‍ കര്‍ണാടകയ്ക്കെതിരായ മത്സരത്തിനിറങ്ങിയ പഞ്ചാബ് നിരയില്‍ ശുഭ്‌മാ ന്‍ ഗില്ലിനും കാലിടറി. എട്ടു പന്തില്‍ നിന്ന് 4 റണ്‍സെടുത്ത ഗില്ലിനെ അഭിലാഷ് ഷെട്ടിയാണ് പുറത്താക്കിയത്. അഭിലാഷ് ഷെട്ടിയും വി കൗശിക്കും കര്‍ണാടകയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.