മുംബൈ :ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍വേട്ട നടത്തിയിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ഏറെ വൈകിയാണ് മുംബൈ ബാറ്റര്‍ സര്‍ഫറാസ് ഖാന് (Sarfaraz Khan) വിളിയെത്തിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള (India vs England) ടീമിൽ പരിക്കേറ്റ കെഎൽ രാഹുലിന് പകരക്കാരനായാണ് സര്‍ഫറാസിനെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പ്ലെയിങ് ഇലവന് പുറത്തിരുന്ന് കളി കാണാനായിരുന്നു താരത്തിന്‍റെ വിധി.
സര്‍ഫറാസിനെ ഒഴിവാക്കി മധ്യപ്രദേശ് ബാറ്റര്‍ രജത് പടിദാറിനായിരുന്നു ടീം മാനേജ്‌മെന്‍റ് അവസരം നല്‍കിയത്. ഇപ്പോഴിതാ യുവതാരങ്ങളെ, പ്രത്യേകിച്ച് സര്‍ഫറാസിനെ മികച്ച ഫോമില്‍ നില്‍ക്കുന്ന സമയത്ത് ടീമിലെടുക്കാതിരിക്കുന്ന സെലക്‌ടര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മുന്‍ സെലക്‌ടറും താരവുമായിരുന്ന ദിലീപ് വെങ്‌സര്‍ക്കാര്‍ (Dilip Vengsarkar). ശരിയായ സമയത്ത് ഒരു കളിക്കാരന് അവസരം ലഭിച്ചില്ലെങ്കിൽ, ഒരു ഘട്ടത്തില്‍ വച്ച് തന്‍റെ ആത്മവിശ്വാസവും റണ്‍സ് നേടാനുള്ള ദാഹവും അയാള്‍ക്ക് നഷ്‌ടപ്പെട്ടേക്കാമെന്നാണ് വെങ്‌സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
"നമുക്ക് ധാരാളം നല്ല കളിക്കാരുണ്ട്. രജത് പടിദാര്‍ മികച്ച കളിക്കാരനാണെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഏകദേശം നാല് വർഷം മുമ്പ് ഞാൻ അവന്‍റെ കളി കണ്ടിരുന്നു. എന്നിരുന്നാലും, അവന് കാര്യമായ അവസരം ലഭിച്ചില്ല.
സർഫറാസ് ഖാനും മികച്ച താരമാണ്. അവനും ശരിയായ സമയത്ത് അവസരം ലഭിച്ചിട്ടില്ല. യുവ താരങ്ങള്‍ക്ക് ശരിയായ സമയത്ത് അവസരം ലഭിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. മികച്ച ഫോമിലായിരിക്കുമ്പോള്‍ അവരെ കളിപ്പിക്കുക. ശരിയായ സമയത്ത് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു പക്ഷെ, തന്‍റെ ഫോമും കളിയോടുള്ള താത്പര്യവും ഫിറ്റ്‌നസും അവര്‍ക്ക് നഷ്‌ടപ്പെട്ടേക്കും" വെങ്‌സർക്കാർ പറഞ്ഞു.