ന്യൂഡല്‍ഹി: ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ആദ്യ നാലില്‍ ഇടം കണ്ടെത്താനുള്ള പോരാട്ടം കടുപ്പിക്കാൻ ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നു. അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പ്ലേഓഫിന് തൊട്ടരികിലുള്ള രാജസ്ഥാൻ റോയല്‍സാണ് എതിരാളി. രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.
11 മത്സരങ്ങളില്‍ അഞ്ച് ജയം നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നിലവില്‍ പോയിന്‍റ് പട്ടികയിലെ ആറാം സ്ഥാനക്കാരാണ്. കരുത്തരായ രാജസ്ഥാൻ റോയല്‍സിനെതിരെ സ്വന്തം തട്ടകത്തില്‍ മിന്നും ജയം നേടാനായാല്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ ഇടം നേടാനുള്ള പ്രതീക്ഷ വര്‍ധിപ്പിക്കാന്‍ ഡല്‍ഹിക്ക് കഴിയും. അതുകൊണ്ട് തന്നെ രാജസ്ഥാനെതിരെ ശക്തമായ പോരാട്ടം കാഴ്‌ചവെയ്‌ക്കാനാകും ഡല്‍ഹിയുടെ ശ്രമം.
മറുവശത്ത്, ഇന്ന് ഡല്‍ഹിയെ തോല്‍പ്പിക്കാനായാല്‍ ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി രാജസ്ഥാൻ റോയല്‍സിന് മാറാം. കൂടാതെ പോയിന്‍റ് പട്ടികയില്‍ നഷ്‌ടപ്പെട്ട ഒന്നാം സ്ഥാനവും അവര്‍ക്ക് തിരികെ പിടിക്കാൻ സാധിക്കും.
ബാറ്റിങ് പറുദീസയായ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാൻ റോയല്‍സും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ബാറ്റര്‍മാരുടെ പ്രകടനങ്ങള്‍ ആയിരിക്കും നിര്‍ണായകമാകുക. ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക്, റിഷഭ് പന്ത്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരാണ് ഡല്‍ഹിയുടെ റണ്‍സ് പ്രതീക്ഷ. മറുവശത്ത്, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, റിയാൻ പരാഗ്, യശസ്വി ജയ്സ്വാള്‍ എന്നിവരാകും റോയല്‍സിന്‍റെ ആശ്രയം. റോവ്‌മാന്‍ പവല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍ എന്നിവരടങ്ങിയ മധ്യനിരയുടെ ഫോമാണ് രാജസ്ഥാൻ റോയല്‍സിന് നിലവില്‍ ആശങ്ക.