ഇസ്‌ലാമാബാദ്: ചാമ്പ്യൻസ് ട്രോഫിക്കായി ടീം ഇന്ത്യയെ ബിസിസിഐ പാകിസ്ഥാനിലേക്ക് അയക്കരുതെന്ന ഉപദേശവുമായി മുൻതാരം. 2025ല്‍ പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനായി ഇന്ത്യൻ ടീം അവിടേക്ക് പോകരുകതെന്ന ഉപദേശം നല്‍കിയിരിക്കുന്നത് മുൻ പാക് താരം ഡാനിഷ് കനേരിയയാണ്. പാകിസ്ഥാനില്‍ സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാതിരിക്കുന്നതാണ് നല്ലതെന്നുമാണ് ഡാനിഷ് കനേരിയയുടെ അഭിപ്രായം.
2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്ഥാൻ വേദിയൊരുക്കുന്നത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ പങ്കാളിത്തത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ഡാനിഷ് കനേരിയയുടെ പ്രതികരണം. സുരക്ഷ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകരുതെന്ന് പറഞ്ഞ അദ്ദേഹം ടൂര്‍ണമെന്‍റ് ഹൈബ്രിഡ് മോഡലില്‍ സംഘടിപ്പിക്കുന്നതാകും ഉചിതമെന്നും അഭിപ്രായപ്പെട്ടിരുന്നു.
'നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് വരരുത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. പാകിസ്ഥാനിലെ അധികൃതരും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. ഐസിസിയും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിക്കട്ടെ. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലായിരിക്കും ഒരുപക്ഷെ നടത്തുക എന്നാണ് എനിക്ക് തോന്നുന്നത്.
കളിക്കാരുടെ സുരക്ഷയ്‌ക്കാണ് എപ്പോഴും പ്രാഥമിക പരിഗണന. അതിന് ശേഷം മാത്രമെ ബഹുമാനവും ആദരവുമെല്ലാം വരൂ. ഈ വിഷയത്തില്‍ ബിസിസിഐയുടെ നിലപാട് ശ്രദ്ധേയമാണ്. ഐസിസിയുടെ അന്തിമ തീരുമാനം മുഴുവൻ ടീമുകളും അംഗീകരിക്കുമെന്നാണ് എന്‍റെ വിശ്വാസം'- കനേരിയ പറഞ്ഞു.