കേരളം

kerala

ETV Bharat / sports

'ഹാര്‍ദിക്ക് എന്തിന്; റിങ്കു വേണമായിരുന്നു'; ഇന്ത്യന്‍ ടീം സെലക്ഷനെ ചോദ്യം ചെയ്‌ത് പാകിസ്ഥാന്‍ മുന്‍ താരം - Danish Kaneria On Rinku Singh

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പാകിസ്ഥാന്‍ മുന്‍ സ്‌പിന്നര്‍ ഡാനിഷ് കനേരിയ.

RINKU SINGH  HARDIK PANDYA  INDIA SQUAD FOR T20 WORLD CUP 2024  ഹാര്‍ദിക് പാണ്ഡ്യ
Danish Kaneria On Rinku Singh's T20 World Cup 2024 Snub (IANS)

By ETV Bharat Kerala Team

Published : May 4, 2024, 2:30 PM IST

ഇസ്ലാമാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ അടുത്തിടെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സ്‌ക്വാഡുമായി ബന്ധപ്പെട്ട് നിരവധിയായ ചര്‍ച്ചകള്‍ അരങ്ങേറുന്നുണ്ട്. ഇക്കൂട്ടത്തിലെ പ്രധാന ചര്‍ച്ച വിഷയം 15 അംഗ സ്‌ക്വാഡില്‍ റിങ്കു സിങ്ങിന് ഇടം ലഭിക്കാത്തതാണ്. ലഭിച്ച അവസരങ്ങളിലെല്ലാം ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്തിയ 26-കാരന്‍ ടീമിന്‍റെ ഭാഗമാവണമെന്ന് അഭിപ്രായപ്പെട്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരുന്നത്.

ഇന്ത്യയുടെ മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, കൃഷ്‌ണമാചാരി ശ്രീകാന്ത് തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ റിങ്കുവിനെ പ്രധാന ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന ബിസിസിഐ സെകല്‌ടര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത് രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാൻ മുന്‍ സ്പിന്നർ ഡാനിഷ് കനേരിയ.

"നിലവാരമുള്ള ക്രിക്കറ്റർമാരെ സൃഷ്‌ടിക്കുന്നതിൽ ഇന്ത്യയ്ക്ക് എപ്പോഴും ഖ്യാതിയുണ്ട്. യശസ്വി ജയ്‌സ്വാളും അംഗ്‌കൃഷ് രഘുവംശിയും സമീപകാലത്തുള്ള ഇതിന്‍റെ പ്രധാന ഉദാഹരണങ്ങളാണ്. തന്‍റെ വേഗം കൊണ്ട് മായങ്ക് യാദവും എല്ലാവരെയും അമ്പരപ്പിച്ചു,

അതുപോലെ തന്നെ തന്‍റെ പവർ ഹിറ്റിംഗ് കഴിവുകൾ കൊണ്ട് അഭിഷേക് ശർമ്മയും ശ്രദ്ധപിടിച്ചുപറ്റി. റിങ്കു സിങ് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിന്‍റെ ഭാഗമാകേണ്ടതായിരുന്നുവെന്ന് എനിക്കും തോന്നുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിലെ പ്രകടനങ്ങൾ പരിഗണിക്കുകയാണെങ്കിൽ, ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഞാന്‍ കരുതുന്നു.

അവന് സ്ഥിരതയോടെ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച പ്രകടനം നടത്തുന്ന ശിവം ദുബെ പേസ് ഓള്‍റൗണ്ടറായി ടീമിലുണ്ട്. സ്ക്വാഡ് മൊത്തത്തില്‍ നോക്കുകയാണെങ്കില്‍ മികച്ചതാണ്. എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് ഡൗണ്‍ ഓര്‍ഡറില്‍ ദുബെയും റിങ്കുവും ഒന്നിച്ചാല്‍ അതു ശക്തമായ കൂട്ടുകെട്ടായി മാറുമായിരുന്നു" കനേരിയ പറഞ്ഞു.

15 അംഗ ടീമില്‍ ഇടം ലഭിക്കാതിരുന്ന റിങ്കുവിനെ റിസര്‍വ്‌ താരങ്ങളുടെ പട്ടികയിലാണ് സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂണില്‍ അമേരിക്ക- വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായണ് ടി20 ലോകകപ്പ് നടക്കുന്നത്.

ALSO READ: 'അവനേക്കാള്‍ മികച്ചത് വേറെയാരുണ്ട്..?' ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പിന്തുണയുമായി എംഎസ്‌കെ പ്രസാദ് - MSK Prasad Backs Hardik For T20 WC

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

റിസര്‍വ് താരങ്ങള്‍: ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്.

ABOUT THE AUTHOR

...view details