ചെന്നൈ :ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലെ തോല്‍വിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് കണക്കുതീര്‍ക്കാൻ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. സീസണിലെ എട്ടാം മത്സരത്തിനിറങ്ങുന്ന ഇരു ടീമുകളുടെയും ലക്ഷ്യം അഞ്ചാമത്തെ ജയമാണ്.
എക്കാലവും ഹോം ഗ്രൗണ്ടിലെ പ്രകടനങ്ങളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് കരുത്ത്. ഈ സീസണിലും ആ ട്രെന്‍ഡിന് മാറ്റം വന്നിട്ടില്ല. ഇക്കുറി ചെപ്പോക്കില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും അവര്‍ക്ക് ആധികാരികമായി തന്നെ ജയം നേടാനായിട്ടുണ്ട്.
ഇന്ന്, സീസണിലെ നാലാം ഹോം മത്സരത്തിന് ഇറങ്ങുമ്പോഴും ജയം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. എന്നാല്‍, ചെപ്പോക്കിന് ഏറെക്കുറെ സമാനമാണ് ലഖ്‌നൗവിന്‍റെ തട്ടകമായ ഏകന സ്റ്റേഡിയത്തിലെ സാഹചര്യങ്ങളും. അതുകൊണ്ടുതന്നെ ഇന്ന് ഇരു ടീമുകളും മുഖാമുഖം വരുമ്പോള്‍ വിജയം ആര്‍ക്കെന്ന കാര്യം അപ്രവചനീയം.
ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ പ്രകടനം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. സീസണിലെ ആദ്യ മത്സരങ്ങളില്‍ കത്തിക്കയറിയെങ്കിലും പിന്നീട് ആ മികവ് കാട്ടാൻ രചിൻ രവീന്ദ്രയ്‌ക്ക് സാധിച്ചില്ലെങ്കിലും താരത്തെ ടീമില്‍, ചെന്നൈ പ്ലെയിങ് ഇലവനില്‍ നിലനിര്‍ത്താനാണ് സാധ്യത. പരിക്ക് ഭേദമായ അജിങ്ക്യ രഹാനെ മധ്യനിരയിലേക്ക് മാറി ക്യാപ്‌റ്റൻ റിതുരാജ് ഗെയ്‌ക്‌വാദ് ഓപ്പണറായി മടങ്ങിയെത്തിയേക്കും.
ശിവം ദുബെയുടെ വമ്പൻ അടികളും എംഎസ് ധോണിയുടെ വെടിക്കെട്ട് ഫിനിഷിങ്ങും ചെന്നൈ ലൈനപ്പിന്‍റെ കരുത്ത് കൂട്ടുന്നു. കഴിഞ്ഞ കളിയില്‍ ലഖ്‌നൗവിനെതിരെ അര്‍ധസെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജ ഫോം തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മറുവശത്ത്, കഴിഞ്ഞ കളിയില്‍ ബാറ്റര്‍മാരുടെ കരുത്തില്‍ ചെന്നൈയെ തോല്‍പ്പിക്കാൻ സാധിച്ചതിന്‍റെ ആത്മവിശ്വാസം ലഖ്‌നൗ താരങ്ങള്‍ക്ക് ഉണ്ടാകും. ക്യാപ്‌റ്റൻ കെഎല്‍ രാഹുല്‍, ക്വിന്‍റണ്‍ ഡി കോക്ക്, നിക്കോളസ് പുരാൻ എന്നിവരിലാകും അവര്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുക. ചെന്നൈയിലെ മിക്ക ബൗളര്‍മാര്‍ക്കെതിരെയും മികച്ച റെക്കോഡുള്ള ദേവ്‌ദത്ത് പടിക്കലിന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇന്ന് അവസരം നല്‍കാനും സാധ്യതകളേറെ.
ബൗളിങ്ങില്‍ രവീന്ദ്ര ജഡേജ, മൊയീൻ അലി എന്നിവരെയാകും ലഖ്‌നൗ ബാറ്റര്‍മാരെ കറക്കി വീഴ്‌ത്താൻ ചെന്നൈ നിയോഗിക്കുക. പേസര്‍ മതീഷ പതിരണയുടെ ഡെത്ത് ഓവറിലെ പ്രകടനങ്ങളും ആതിഥേയര്‍ക്ക് നിര്‍ണായകമായേക്കും. പരിക്കിന്‍റെ പിടിയിലുള്ള യുവ പേസര്‍ മായങ്ക് യാദവ് ലഖ്‌നൗവിനായി ഇന്നും കളിക്കാൻ സാധ്യതയില്ല. മായങ്കിന്‍റെ അഭാവത്തില്‍ മൊഹ്‌സിൻ ഖാൻ, യാഷ് താക്കൂര്‍ എന്നിവര്‍ക്കാകും പേസ് ബൗളിങ് ചുമതല. രവി ബിഷ്‌ണോയ്, കൃണാല്‍ പാണ്ഡ്യ എന്നിവരിലാണ് ലഖ്‌നൗവിന്‍റെ സ്പിൻ പ്രതീക്ഷകള്‍.
ചെന്നൈ സൂപ്പര്‍ കിങ്സ് സാധ്യത ടീം :റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്‌റ്റൻ), രചിൻ രവീന്ദ്ര, അജിങ്ക്യ രഹാനെ, ശിവം ദുബെ, മൊയീൻ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), സമീര്‍ റിസ്‌വി, ദീപക് ചഹാര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, മുസ്‌തഫിസുര്‍ റഹ്മാൻ, മതീഷ പതിരണ.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സാധ്യത ടീം :ക്വിന്‍റണ്‍ ഡി കോക്ക്, കെഎല്‍ രാഹുല്‍ (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, നിക്കോളസ് പുരാൻ, മാര്‍ക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, ആയുഷ് ബഡോണി, കൃണാല്‍ പാണ്ഡ്യ, മാറ്റ് ഹെൻറി, രവി ബിഷ്‌ണോയ്, യാഷ് താക്കൂര്‍, മൊഹ്‌സിൻ ഖാൻ.