ന്യൂഡൽഹി:കായിക ലോകത്ത് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ ഒട്ടനവധിയാണ്. അന്താരാഷ്ട്ര വേദിയിൽ മറ്റ് കായിക ഇനങ്ങളിലും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്‌ത അപൂർവ ക്രിക്കറ്റ് താരങ്ങളുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.
യുസ്‌വേന്ദ്ര ചാഹൽ: ഇന്ത്യയുടെ യുസ്‌വേന്ദ്ര ചാഹൽ തന്‍റെ ചെറുപ്പകാലത്ത് അന്താരാഷ്ട്ര തലത്തിൽ ചെസ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2002-ൽ കൊൽക്കത്തയിൽ നടന്ന ദേശീയ അണ്ടർ-12 ചാമ്പ്യൻഷിപ്പ് ചാഹൽ നേടി. കൂടാതെ ഏഷ്യൻ, ലോക U12 ജൂനിയർ ചാമ്പ്യൻഷിപ്പുകളിലും പങ്കെടുത്തിട്ടുണ്ട്. FIDE റേറ്റിംഗുകൾ പ്രകാരം, 2024 ജൂൺ വരെ, ചാഹലിന്‍റെ റേറ്റിംഗ് ദേശീയ റാങ്കിൽ 1,833 ആയിരുന്നു. അതേസമയം ഏഷ്യയിൽ 18,321 ഉം ലോകത്തിൽ 82,387 ഉം ആയിരുന്നു. 72 ഏകദിനങ്ങളും 80 ടി20കളും ഉൾപ്പെടെ 152 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 217 വിക്കറ്റുകൾ നേടിയിട്ടുണ്ട് താരം.
കോടാർ രാമസ്വാമി: 1936-ൽ ഇന്ത്യക്കായി രണ്ട് ടെസ്റ്റുകൾ കളിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കോടാർ രാമസ്വാമി ടെസ്റ്റ് ക്രിക്കറ്റിലും ഡേവിസ് കപ്പ് ടെന്നീസിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. 40-ാം വയസ്സിൽ ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ച രാമസ്വാമിക്ക് 56.7 ശരാശരിയിൽ 170 റൺസ് നേടിയ റെക്കോർഡും ഉണ്ടായിരുന്നു.
സർ വിവിയൻ റിച്ചാർഡ്സ്: ഇതിഹാസ വെസ്റ്റ് ഇന്ത്യൻ ബാറ്റർ, സർ ഐസക് വിവിയൻ റിച്ചാർഡ്സ് ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാന പാദത്തിലെ ഏറ്റവും സ്റ്റൈലിഷ് ബാറ്ററായി വാഴ്ത്തപ്പെടുന്നു. 1975ലും 1979ലും വെസ്റ്റ് ഇൻഡീസിനായി വിജയിച്ച ലോകകപ്പുകളിൽ സർ വിവ് പ്രത്യക്ഷപ്പെട്ടു. രസകരമായ കാര്യം, 1974 ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിൽ വിവിയൻ റിച്ചാർഡ്സ് ആന്‍റിഗ്വയ്ക്കും ബാർബുഡയ്ക്കും വേണ്ടിയും ഫുട്ബോൾ കളിച്ചിട്ടുണ്ട്.
ജോൺടി റോഡ്‌സ്: തന്‍റെ കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായി അംഗീകരിക്കപ്പെട്ട ജോൺടി റോഡ്‌സിന് ക്രിക്കറ്റ് കളിക്കാരനായും ഫീൽഡിംഗ് പരിശീലകനായും ശ്രദ്ധേയമായ ഒരു കരിയർ ഉണ്ടായിരുന്നു, എന്നാൽ ദക്ഷിണാഫ്രിക്കക്കാരൻ ഒരു കാലത്ത് ഒരു അന്താരാഷ്ട്ര ഹോക്കി കളിക്കാരനായിരുന്നുവെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. ബാഴ്‌സലോണയിലേക്ക് പോകാനുള്ള 1992 ഒളിമ്പിക് ഗെയിംസ് സ്ക്വാഡിന്‍റെ ഭാഗമായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. എന്നാല്‍ ടൂർണമെന്‍റിന് പോകാൻ ടീമിന് യോഗ്യത ലഭിച്ചില്ല. 1992 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇൻസമാം-ഉൾ-ഹഖിനെ പുറത്താക്കാൻ പറന്ന ജോൺടിയുടെ റണ്ണൗട്ട് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു ഐക്കൺ റണ്ണൗട്ടായി ഇന്നും കണക്കാക്കപ്പെടുന്നു.
ആൻഡ്രൂ ഫ്ലിന്‍റോഫ്: 2005 ആഷസ് ട്രോഫി നേടുന്നതിൽ നിർണായക പങ്ക് വഹിച്ച ഇംഗ്ലണ്ട് ഓൾറൗണ്ടർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ബോക്‌സിംഗിലേക്ക് പ്രവേശിച്ചു. 2012 നവംബർ 30-ന് അമേരിക്കയുടെ റിച്ചാർഡ് ഡോസണുമായി അദ്ദേഹം പോരാട്ടം നടത്തി.
സൂസി ബേറ്റ്‌സ്: തകർപ്പൻ ബാറ്റിംഗിന് പേരുകേട്ട ന്യൂസിലൻഡ് വനിതാ ക്രിക്കറ്റ് താരം സൂസി ബേറ്റ്‌സ് ഏകദിനത്തിലും ടി20യിലുമായി 100-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2008-ലെ ബെയ്ജിംഗ് ഒളിമ്പിക്സിൽ ബാസ്ക്കറ്റ്ബോളിൽ കിവീസിന് വേണ്ടി ബേറ്റ്സ് കളിച്ചു.
എല്ലിസ് പെറി:ഓസ്‌ട്രേലിയയുടെ എല്ലിസ് പെറി 17 വയസ്സ് തികയുന്നതിന് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ബൗളിംഗ് ഓൾറൗണ്ടറായി തുടങ്ങിയ പെറി 2010 വനിതാ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായിരുന്നു. ന്യൂസിലൻഡിനെതിരായ ഫൈനലിൽ താരത്തിന്‍റെ മൂന്ന് വിക്കറ്റ് നേട്ടം ടീമിനെ കിരീടത്തിലേക്ക് നയിച്ചു. കൗമാരപ്രായത്തിൽ പെറി മട്ടിൽഡയ്‌ക്കായി ഫുട്‌ബോൾ കളിച്ചു, അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ട് ഒരു മാസത്തിനുള്ളിൽ, ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ടീമിനു വേണ്ടിയും അവർ പ്രത്യക്ഷപ്പെട്ടു. ഓസ്‌ട്രേലിയയുടെ 2011 ഫിഫ ലോകകപ്പ് ടീമിൽ അംഗമായിരുന്നു എല്ലിസ് പെറി, സ്വീഡനെതിരെ ക്വാർട്ടർ ഫൈനലിൽ 1-3 തോൽവിയിൽ ഓസ്‌ട്രേലിയയുടെ ഏക ഗോൾ നേടി.
ക്ലെയർ ടെയ്‌ലർ: പെറിക്ക് മുമ്പ്, ക്രിക്കറ്റ്, ഫുട്ബോൾ ലോകകപ്പുകളിൽ ഇടം നേടിയ ക്ലെയർ ടെയ്‌ലർ 1993-ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ ശേഷം, 1995-ലെ ഫിഫ വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ നാല് മത്സരങ്ങളിലും കളിച്ചു.