ന്യൂഡല്‍ഹി: ചെസ് ഒളിമ്പ്യാഡിലെ ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുഡാപെസ്റ്റില്‍ നടന്ന 45-ാമത് ചെസ് ഒളിമ്പ്യാഡ് ഓപ്പണ്‍ സെലക്ഷന്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് പുരുഷ-വനിത ടീമുകള്‍ ചരിത്രം കുറിച്ചത്. പുരുഷ ടീം സ്ലോവേനിയയെ മുട്ടുകുത്തിച്ചപ്പോള്‍ വനിത ടീം അസര്‍ബൈജാനെ പരാജയപ്പെടുത്തി.
ഡി ഗുകേഷ്, അര്‍ജുന്‍ എരിഗെയ്‌സി, ദിവ്യ ദേശ്‌മുഖ് എന്നിവര്‍ വ്യക്തിഗത സ്വര്‍ണവും നേടി. പുരുഷ ടീമിന്‍റെ പ്രകടനത്തിന് പിന്നാലെ വനിത ടീമും സ്വര്‍ണം നേടിയതോടെ ഇന്ത്യ ഇരട്ട വിജയം നേടുകയായിരുന്നു. ഹരിക ദ്രോണവല്ലി, വൈശാലി രമേഷ്ബാബു, ദിവ്യ ദേശ്‌മുഖ്, വന്തിക അഗർവാൾ, ടാനിയ സച്ച്‌ദേവ്, അഭിജിത് കുൻ്റെ (ക്യാപ്റ്റൻ) എന്നിവരാണ് ഇന്ത്യന്‍ വനിത ടീമിലെ പുലിക്കുട്ടികള്‍.