ചെന്നൈ:പരിചയ സമ്പന്നനായ ഇന്ത്യൻ ഡിഫൻഡർ മന്ദർ റാവു ദേശായിയെ സ്വന്തമാക്കി ഐഎസ്എൽ ടീം ചെന്നൈയിൻ എഫ്‌സി. മുംബൈ സിറ്റിയുടെയും എഫ്‌സി ഗോവയുടെയും ക്യാപ്റ്റനായിരുന്ന മന്ദർ റാവു ദേശായി ലീഗിൻ്റെ ചരിത്രത്തില്‍ ഏറ്റവും തവണ കളികളത്തില്‍ ഇറങ്ങിയ താരം കൂടിയാണ്. രണ്ട് വർഷത്തെ കരാറിലാണ് ദേശായി ഗോവയിൽ നിന്നും ചെന്നൈയിൻ എഫ്‌സിയില്‍ എത്തിയിരിക്കുന്നത്.
ഒരു ലീഗ് ടൈറ്റിലും മൂന്ന് ലീഗ് ഷീൽഡും നേടിയിട്ടുളള ദേശായിയെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായാണ് കണക്കാക്കുന്നത്. 2021ല്‍ മുംബൈ സിറ്റിയ്‌ക്കൊപ്പമാണ് മന്ദർ റാവു ലീഗ് ടൈറ്റില്‍ നേടുന്നത്. 2020ല്‍ എഫ്‌സി ഗോവയ്‌ക്കൊപ്പവും 2021, 2023 സീസണുകളില്‍ മുംബൈ സിറ്റിയ്‌ക്കൊപ്പവുമാണ് ലീഗ് ഷീൽഡ് നേട്ടം.
റയാൻ എഡ്വേർഡ്‌സ്, എൽസൺ ജോസ് ഡയസ് ജൂനിയർ, പിസി ലാൽഡിൻപുയ എന്നിവര്‍ക്കൊപ്പം മന്ദർ റാവു കൂടി ചേരുന്നതോടെ പ്രതിരോധ നിരയുടെ കരുത്ത് ഏറുമെന്നാണ് ചെന്നൈയുടെ പ്രതീക്ഷ. താരത്തിന്‍റെ അനുഭവസമ്പത്ത് ലെഫ്റ്റ് ബാക്കിന്‍റെ കരുത്ത് കൂട്ടുമെന്ന് മുഖ്യ പരിശീലകൻ ഓവൻ കോയ്‌ല്‍ പ്രതികരിച്ചു.
2013-ല്‍ ഡെംപോയിലൂടെയാണ് മന്ദര്‍ തന്‍റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. എഫ്‌സി ഗോവയിലൂടെ ഐഎസ്‌എല്ലില്‍ അരങ്ങേറ്റം നടത്തിയ താരം തുടര്‍ന്ന് 14 പ്ലേഓഫുകൾ ഉൾപ്പെടെ ആകെ 155 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ആറ് ഗോളുകളും 12 അസിസ്റ്റുകളും അക്കൗണ്ടിലുണ്ട്. 100 ഐഎസ്എൽ മത്സരങ്ങൾ കളിക്കുന്ന ആദ്യ കളിക്കാരനായി 2020-ൽ ദേശായി ചരിത്രം കുറിച്ചിരുന്നു.
ചെന്നൈക്കൊപ്പം ചേരുന്നതില്‍ സന്തോഷമെന്ന് താരം പ്രതികരിച്ചു. 'രണ്ട് തവണ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സി നിരവധി തവണ പ്ലേ ഓഫിൽ എത്തിയിട്ടുണ്ട്. ഞാൻ മുമ്പ് അവർക്കെതിരെ കളിച്ചിട്ടുണ്ട്. എപ്പോഴും നല്ല ടീം ആയിരിക്കാന്‍ അവര്‍ ശ്രദ്ധിക്കാറുണ്ട്.' എന്ന് ദേശായി പറഞ്ഞു.
യുവ താരങ്ങള്‍ക്ക് മാതൃകയാകാനും ടീമിൻ്റെ പ്രകടനം മികച്ചതാക്കാനും തനിക്ക് കഴിയുമെന്ന് കോച്ച് പറഞ്ഞതായും ദേശായി കൂട്ടിച്ചേര്‍ത്തു. വിവിധ ടൂർണമെൻ്റുകളിൽ ഇന്ത്യയ്‌ക്കായി താരം ബൂട്ട് കെട്ടിയിട്ടുണ്ട്. 2021 ൽ സാഫ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഭാഗവുമായിരുന്നു.
Also Read:23-ാം സെക്കൻഡില്‍ ഗോള്‍ വഴങ്ങി, പിന്നീട് രണ്ടെണ്ണം തിരിച്ചടിച്ച് ജയത്തിലേക്ക്; യൂറോ കപ്പില്‍ അല്‍ബേനിയയെ തകര്‍ത്ത് ഇറ്റലി