ന്യൂഡൽഹി: പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കാന്‍ പോകുന്ന ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. ടൂർണമെന്‍റ് ഇന്ത്യയുടെ ആവശ്യപ്രകാരം ഹൈബ്രിഡ് മോഡലിൽ നടത്തുമോ? അതോ പാകിസ്ഥാനു പകരം മത്സരങ്ങൾ മറ്റൊരു വേദിയിലേക്ക് മാറ്റുമോ? ക്രിക്കറ്റ് ലോകം കഴിഞ്ഞ മാസങ്ങളായി ആകാംക്ഷയോടെ ഉറ്റുനോക്കുന്ന വിഷയമാണിത്. എന്തായാലും അന്തിമ തീരുമാനം വെള്ളിയാഴ്ച അറിയാനാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഐസിസി വെള്ളിയാഴ്ച (നവംബർ 29) വെർച്വൽ മീറ്റിംഗ് നടത്തുകയും പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയുടെ ഷെഡ്യൂൾ അന്തിമമാക്കാൻ തീരുമാനമുണ്ടാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ പാകിസ്ഥാനിൽ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചതാണ് ഷെഡ്യൂൾ പൂർത്തിയാക്കാൻ വൈകാൻ കാരണം.
ടൂർണമെന്‍റ് പൂർണമായും സ്വന്തം രാജ്യത്ത് സംഘടിപ്പിക്കുന്നതിൽ പിസിബി ഉറച്ചുനിൽക്കുകയാണ്. എന്നാല്‍ പാകിസ്ഥാനിൽ പോയി കളിക്കാൻ ഇന്ത്യ വിസമ്മതിക്കുന്ന സാഹചര്യത്തിൽ ടൂർണമെന്‍റ് 'ഹൈബ്രിഡ് മോഡൽ' ആയിരിക്കും നടത്താന്‍ സാധ്യത. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല.
ഹൈബ്രിഡ് മോഡലിൽ കളിക്കണമെന്നാണ് ബിസിസിഐയുടെ ആവശ്യം. പാകിസ്ഥാൻ ഇതുവരെ വിഷയത്തില്‍ സമ്മതം മൂളിയിട്ടില്ല. കഴിഞ്ഞ വർഷം ഇന്ത്യ യാത്ര ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്ന് പാകിസ്ഥാൻ ഹൈബ്രിഡ് മോഡലിൽ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. സെമി ഫൈനലും ഫൈനലും ഉൾപ്പെടെ ഇന്ത്യയുടെ ടൂർണമെന്‍റിലെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ കളിച്ചു.
അതേസമയം ഡിസംബർ 1 ന് ഐസിസി ചെയര്‍മാനായി ജയ് ഷാ ചുമതലയേല്‍ക്കും. അതിന് മുമ്പ് തന്നെ ചാമ്പ്യന്‍സ് ട്രോഫി വിവാദം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.1996 ലോകകപ്പിന് ശേഷമുള്ള പാകിസ്ഥാന്‍റെ ആദ്യ ഐസിസി ഇവന്‍റാണ് 2025 ചാമ്പ്യന്‍സ് ട്രോഫി. പിസിബി ഹൈബ്രിഡ് മോഡലിന് സമ്മതിക്കുന്നതിന് സാമ്പത്തിക ആനുകൂല്യങ്ങളും നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങൾ നവീകരിക്കുന്നതിനായി പിസിബി ദശലക്ഷക്കണക്കിന് ഡോളറാണ് ചെലവഴിച്ചത്.
2009 ൽ ശ്രീലങ്കൻ ടീം ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് വർഷങ്ങള്‍ക്ക് ശേഷം അടുത്തിടെ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഉൾപ്പെടെയുള്ള പ്രധാന ടീമുകൾ പാകിസ്ഥാനില്‍ പര്യടനം നടത്തിയിരുന്നു.
Also Read:ചരിത്രനേട്ടത്തില്‍ ലെവൻഡോവ്സ്‌കി; ചാമ്പ്യന്‍സ് ലീഗ് ഗോള്‍വേട്ടയില്‍ സെഞ്ച്വറി