മുംബൈ: ഒക്‌ടോബർ 16ന് ബെംഗളൂരുവിൽ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്ന് ടെസ്‌റ്റ് മത്സരങ്ങള്‍ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയാണ് ഇന്ത്യൻ ടീമിനെ നയിക്കുക. ഉപനായക സ്ഥാനത്തേക്ക് ജസ്‌പ്രീത് ബുംറയെ തെരഞ്ഞെടുത്തു.
ബംഗ്ലാദേശിനെതിരെ കഴിഞ്ഞ ടെസ്‌റ്റ് പരമ്പരയിലെ അതേ ടീമാണ് ന്യൂസിലൻഡിന് എതിരെയും ഇന്ത്യ കളത്തിലിറക്കുന്നത്. ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്‌റ്റുകൾക്കുമുള്ള ടീമിൽ ആദ്യം ഇടംപിടിക്കുകയും പിന്നീട് രണ്ടാം മത്സരത്തിനുള്ള സ്‌ക്വാഡില്‍ നിന്ന് പുറത്താകുകയും ചെയ്‌ത ഇടങ്കയ്യൻ പേസർ യാഷ് ദയാലിനെ ന്യൂസിലന്‍ഡിനെതിരായ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
അതേസമയം, ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമിയുടെ ടീമിലേക്ക് തിരിച്ചുവരവ് വൈകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കണങ്കാലിന് പരിക്കേറ്റ ഷമി ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ഇതിനുശേഷം, ഇന്ത്യയ്‌ക്കായി കളിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ടി20 മത്സരത്തില്‍ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിച്ച യുവതാരം മായങ്ക് യാദവ്, ഹർഷിത് റാണ, നിതീഷ് റെഡ്ഡി എന്നിവരെ കൂടാതെ പ്രസിദ്ധ് കൃഷ്‌ണയേയും ട്രാവലിങ് റിസർവായി തെരഞ്ഞെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക