റാഞ്ചി:ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം റാഞ്ചിയില്‍ നാളെയാണ് ആരംഭിക്കുന്നത് (India vs England 4th Test). അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. വിശാഖപട്ടണത്തെയും രാജ്‌കോട്ടിലെയും ജയം റാഞ്ചിയിലും ആവര്‍ത്തിച്ചാല്‍ ആതിഥേയര്‍ക്ക് പരമ്പര സ്വന്തമാക്കാം.
മറുവശത്ത്, പരമ്പരയില്‍ ഒപ്പം പിടിക്കാനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട്. എന്നാല്‍, റാഞ്ചിയില്‍ ഇരു ടീമുകള്‍ക്കും കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നാണ് സ്റ്റോക്‌സിന്‍റെ അഭിപ്രായം. ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ വെല്ലുവിളികള്‍ സൃഷ്‌ടിക്കുന്നതായിരിക്കും റാഞ്ചിയിലെ പിച്ചെന്നും ഇതുപോലൊരു വിക്കറ്റ് താൻ മുന്‍പ് എവിടെയും കണ്ടിട്ടില്ലെന്നും ഇംഗ്ലണ്ട് ക്യാപ്‌റ്റൻ വ്യക്തമാക്കി.
'ഇതുപോലൊരു പിച്ച് ഞാൻ മുന്‍പ് എവിടെയും കണ്ടിട്ടില്ല. ഈ പിച്ചിനെ കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു ഐഡിയയുമില്ല. എന്താണ് ഇവിടെ സംഭവിക്കുക എന്നത് കണ്ട് തന്നെ അറിയണം. ഡ്രസിങ് റൂമില്‍ നിന്നും, പിച്ചിന്‍റെ ഒരു വശത്ത് നിന്നും മറുവശത്തേക്ക് നോക്കുമ്പോള്‍ പിച്ചില്‍ പച്ച പുല്ല് നിറഞ്ഞത് പോലെ തോന്നും.
എന്നാല്‍, അടുത്തുവന്ന് നോക്കുമ്പോള്‍ ആദ്യം കണ്ട കാഴ്‌ചയല്ല. കറുത്ത മണ്ണില്‍ ചില വിള്ളലുകളെല്ലാം പിച്ചിന് അരികില്‍ വന്ന് നോക്കുമ്പോഴാണ് കാണുന്നത്'- ബിബിസി സ്പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബെൻ സ്റ്റോക്‌സ് വ്യക്തമാക്കി (Ben Stokes About Ranchi Pitch).