ബാഴ്‌സലോണ: ലാ ലിഗയില്‍ വലന്‍സിയ എഫ്‌സിയ്‌ക്കെതിരെ ഗോളടിമേളം തീര്‍ത്ത് വിജയ വഴിയില്‍ തിരിച്ചെത്തി ബാഴ്‌സലോണ. സ്വന്തം തട്ടകത്തില്‍ വച്ച് വലന്‍സിയ എഫ്‌സിയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ബാഴ്‌സ മുക്കിയത്. ബാഴ്‌സയുടെ ആക്രമണത്തില്‍ പതറിയ വലന്‍സിയയ്‌ക്ക് മത്സരത്തില്‍ കാര്യമായ റോളുണ്ടായിരുന്നില്ല.
ആദ്യ പകുതിയില്‍ തന്നെ അഞ്ച് ഗോളുകള്‍ അവരുടെ പോസ്റ്റില്‍ കയറിയിരുന്നു. മൂന്നാം മിനിട്ടില്‍ ഫ്രെങ്കി ഡി ജോങ്ങാണ് കറ്റാലന്മാരുടെ ഗോള്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. ലാമിൻ യമലിന്‍റെ തകര്‍പ്പന്‍ ക്രോസില്‍ ബോക്‌സിന്‍റെ മധ്യഭാഗത്ത് നിന്നുള്ള താരത്തിന്‍റെ വലങ്കാല്‍ ഷോട്ടാണ് വലന്‍സിയയുടെ വലതുളച്ചത്. എട്ടാം മിനിട്ടില്‍ ഫെറാൻ ടോറസ് ലീഡുയര്‍ത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അലചാൻട്രോ ബാൽഡെയാണ് ഗോളിന് വഴിയൊരുക്കിയത്. 14-ാം മിനിട്ടില്‍ റാഫീന്യയും ഗോളടിയില്‍ പങ്കുചേര്‍ന്നതോടെ ബാഴ്‌സ മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്തി. വലന്‍സിയ ഗോള്‍ കീപ്പര്‍ ജോർജി മമർദാഷ്‌വിലിയുടെ പിഴവില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്.
തുടര്‍ന്ന് 24, 45+4 മിനിട്ടുകളിലായി ഫെർമിൻ ലോപ്പസ് ഇരട്ടവെടിപൊട്ടിച്ചതോടെ വലന്‍സിയ നടുങ്ങി. ഇതോടെ ആദ്യ പകുതിയില്‍ അഞ്ച് ഗോളുകളോടെയാണ് ബാഴ്‌സ അവസാനിപ്പിച്ചത്. രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍ന്ന് കളിച്ച വലന്‍സിയ 59-ാം മിനിട്ടില്‍ ഹ്യൂഗോ ഡ്യൂറോയിലൂടെയാണ് തങ്ങളുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
എന്നാൽ ബാഴ്‌സലോണ ആധിപത്യം തുടർന്നു. പകരക്കാരനായി ഇറങ്ങിയ റോബർട്ട് ലെവൻഡോവ്‌സ്‌കി 66-ാം മിനിട്ടില്‍ ടീമിന്‍റെ ആറാം ഗോൾ നേടി. 75-ാം മിനിട്ടില്‍ സീസർ ടാരേഗ വഴങ്ങിയ സെല്‍ഫ് ഗോള്‍ വന്‍സിയയ്‌ക്ക് കൂനിന്മേല്‍ കുരുവായി. മത്സരത്തിന്‍റെ 72 ശതമാനവും പന്ത് കൈവശം വച്ച ബാഴ്‌സ മത്സരത്തില്‍ വമ്പന്‍ ആധിപത്യമാണ് പുലര്‍ത്തിയത്.
ALSO READ: ഇത്തിഹാദില്‍ ചെല്‍സിയെ ചുരുട്ടിക്കൂട്ടി സിറ്റി; ലിവർപൂളിനും ആഴ്‌സണലിനും വിജയം, നോട്ടിങ്ഹാമിന് തോൽവി
അവസാനത്തെ ഒമ്പത് ലീഗ് മത്സരങ്ങളില്‍ ബാഴ്‌സയുടെ രണ്ടാമത്തെ മാത്രം വിജയമാണിത്. ഇതോടെ പോയിന്‍റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും ബാഴ്‌സയ്‌ക്ക് കഴിഞ്ഞു. 21 മത്സരങ്ങളില്‍ 42 പോയിന്‍റാണ് ടീമിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാൾ മൂന്ന് പോയിന്‍റും ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ ഏഴ് പോയിന്‍റും പിന്നിലാണ് ബാഴ്‌സ. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന വലൻസിയ 19-ാം സ്ഥാനത്താണ്.