മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ട് ബിസിസിഐ. 366 ഇന്ത്യൻ താരങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ആകെ 574 പേരാണ് ഉള്ളത്. ആദ്യം രജിസ്റ്റര്‍ ചെയ്‌ത 1574 പേരില്‍ നിന്നും 1000 പേരെ ഒഴിവാക്കിയാണ് ബിസിസിഐ അന്തിമ പട്ടിക പുറത്തുവിട്ടത്.
ഈ മാസം 24, 25 തീയതികളിലായി സൗദിയിലെ ജിദ്ദയില്‍ വച്ചാണ് ഇക്കുറി മെഗാ താരലേലം നടക്കുന്നത്. ഐപിഎല്ലിലെ പത്ത് ടീമുകളിലായി നിലവില്‍ 204 താരങ്ങളുടെ ഒഴിവാണുള്ളത്. ഇതില്‍ വിദേശ താരങ്ങളുടെ 70 സ്ലോട്ടും ഒഴിഞ്ഞ് കിടപ്പുണ്ട്.
ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ അഭാവമാണ് ചുരുക്കപ്പട്ടികയിലെ പ്രധാന സവിശേഷത. അതേസമയം, രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആൻഡേഴ്‌സണ്‍ ഇക്കുറി താരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. 42കാരനായ ആൻഡേഴ്‌സണ്‍ ഇതാദ്യമായാണ് ഐപിഎല്ലിലേക്ക് വരാനൊരുങ്ങുന്നത്.
കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ താരമായിരുന്ന ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും ലേലത്തിനില്ല. പരിക്കിനെ തുടര്‍ന്നാണ് താരത്തിന്‍റെ പിന്മാറ്റം. 13കാരനായ വൈഭവ് സൂര്യവൻഷിയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ താരം.
81 താരങ്ങള്‍ക്ക് 2 കോടിയാണ് താരലേലത്തില്‍ അടിസ്ഥാന വിലയിട്ടിരിക്കുന്നത്. റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് അടിസ്ഥാന വില 2 കോടിയിട്ടിരിക്കുന്നവരുടെ പട്ടികയിലെ പ്രധാനപ്പെട്ട ഇന്ത്യൻ താരങ്ങള്‍. 1.50 കോടി അടിസ്ഥാനവിലയുള്ള 27 താരങ്ങളും 1.25 കോടി വിലയുള്ള 18 താരങ്ങളും 1 കോടി അടിസ്ഥാന വിലയിട്ടിരിക്കുന്ന 23 താരങ്ങളും ലേലത്തിനുണ്ട്.