ബാഴ്‌സലോണ: സ്‌പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ ബാഴ്‌സലോണയെ തകര്‍ത്ത് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം പിടിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്. ബാഴ്‌സയുടെ തട്ടകമായ ഒളിമ്പിക് ലൂയിസ് കമ്പനി സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ പോരില്‍ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലൂടെ 2-1ന്‍റെ ജയമാണ് അത്‌ലറ്റിക്കോ സ്വന്തമാക്കിയത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ബാഴ്‌സലോണ കളി കൈവിട്ടത്.
റോഡ്രിഗോ ഡി പോളും അലക്‌സാണ്ടര്‍ ശൊര്‍ലോത്തും നേടിയ ഗോളുകളാണ് അത്‌ലറ്റിക്കോ മാഡ്രിഡിന് ജയമൊരുക്കിയത്. പെഡ്രിയായിരുന്നു ബാഴ്‌സയുടെ ഗോള്‍ സ്കോറര്‍.
ജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡിന് 18 മത്സരങ്ങളില്‍ നിന്നും 41 പോയിന്‍റായി. രണ്ടാം സ്ഥാനത്തേക്ക് വീണ ബാഴ്‌സയ്‌ക്ക് 19 മത്സരങ്ങളില്‍ നിന്നും 38 പോയിന്‍റാണുള്ളത്. 17 മത്സരങ്ങളില്‍ 37 പോയിന്‍റുമായി ഇന്ന് സെവിയ്യയെ നേരിടാനിറങ്ങുന്ന റയല്‍ മാഡ്രിഡാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
ബാഴ്‌സലോണയെ സ്വന്തം കളിമൈതാനത്ത് നിറഞ്ഞ് കളിക്കാൻ വിട്ട ശേഷം കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഗോളുകള്‍ നേടിയാണ് സിമിയോണിയും കൂട്ടരും കളം വിട്ടത്. പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലുമെല്ലാം ബാഴ്‌സയ്‌ക്ക് ആധിപത്യം സ്ഥാപിക്കാനായി. ഫിനിഷിങ്ങിലെ പിഴവും അത്‌ലറ്റിക്കോ ഗോള്‍ കീപ്പര്‍ ജാൻ ഒബ്ലാക്കിന്‍റെ മികവുമാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
30 മിനിറ്റിലാണ് പെഡ്രിയുടെ തകര്‍പ്പൻ മുന്നേറ്റത്തിലൂടെ ബാഴ്‌സലോണ മുന്നിലെത്തുന്നത്. അതിന് മുന്‍പും ശേഷവും നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഗോളിലേക്ക് മാത്രമെത്താൻ അവര്‍ക്കായില്ല. 48-ാം മിനിറ്റില്‍ ഫെര്‍മിൻ ലോപസിന്‍റെ ഷോട്ട് ഒബ്ലാക്ക് രക്ഷപ്പെടുത്തി.
57-ാം മിനിറ്റില്‍ റാഫിഞ്ഞയുടെ ചിപ്പ് ഷോട്ടിന് ക്രോസ് ബാര്‍ വില്ലനായി മാറി. പിന്നാലെ ഇടതുവിങ്ങിലൂടെ നടത്തിയ ആക്രമണത്തില്‍ അത്‌ലറ്റിക്കോയും തിരിച്ചടിച്ചു. ഡി പോള്‍ നല്‍കിയ ത്രൂ ബോളുമായി ബാഴ്‌സയുടെ ബോക്‌സിലേക്ക് കടന്നുകയറിയത് ഗ്യുലിയാനോ സിമിയോണിയായിരുന്നു.
ബോക്‌സിന്‍റെ ഇടതുവശത്ത് നിന്നും താരം ക്രോസിന് ശ്രമിച്ചെങ്കിലും ആ പന്തിനെ ബാക്ക് ഹീല്‍ കളിച്ച് ക്ലിയര്‍ ചെയ്യാൻ ബാഴ്‌സയുടെ കസാഡോയ്‌ക്കായി. എന്നാല്‍, അവസരം കാത്തുനിന്ന കുറുക്കനെ പോലെ പന്തിലേക്ക് പാഞ്ഞടുത്ത ഡി പോള്‍ ബോക്‌സിന് പുറത്തുനിന്നുള്ള വലംകാല്‍ ഷോട്ടിലൂടെ സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. 60-ാം മിനിറ്റ് പിന്നിട്ടപ്പോള്‍ മത്സരം 1-1 എന്ന നിലയിലായി.
പിന്നീട് ലീഡ് തിരിച്ചുപിടിക്കാൻ ബാഴ്‌സലോണ കിണഞ്ഞ് പരിശ്രമിച്ചു. 76-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലെവൻഡോസ്‌കി നഷ്‌ടപ്പെടുത്തി. 79-ാം മിനിറ്റില്‍ ഓല്‍മോയ്‌ക്കും 86-ാം മിനിറ്റില്‍ പെഡ്രിക്കും 89-ാം മിനിറ്റില്‍ റാഫിഞ്ഞയ്‌ക്കും കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാനായില്ല.
ആറ് മിനിറ്റ് അധികസമയം അവസാനിക്കാൻ സെക്കൻഡുകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡ് വിജയഗോള്‍ നേടിയത്. ഇത്തവണ വലതുവിങ്ങിലൂടെ നടത്തിയ നീക്കത്തിലൂടെയാണ് സന്ദര്‍ശകര്‍ ഗോളടിച്ചത്. ബോക്‌സിന് പുറത്ത് നിന്നും നഹുവേല്‍ മോളിന നല്‍കിയ ക്രോസ് അലക്‌സാണ്ടര്‍ ശൊര്‍ലോത്ത് കൃത്യമായി തന്നെ വലയിലാക്കുകയായിരുന്നു.
Also Read :സണ്‍ ഹ്യൂങ് മിന്നിന്‍റെ 'മാജിക്'!, 7 ഗോള്‍ ത്രില്ലറില്‍ അടിതെറ്റിവീണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ടോട്ടനം സെമിയില്‍