റാവല്‍പിണ്ടി :അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ കൂടുതല്‍ റൺസ് നേടുന്ന ക്യാപ്‌റ്റനായി പാകിസ്ഥാൻ നായകൻ ബാബര്‍ അസം. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ബാബര്‍ നേട്ടം സ്വന്തമാക്കിയത്. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാനായി 29 പന്തില്‍ 37 റണ്‍സാണ് ബാബര്‍ അസം നേടിയത്.
നിലവില്‍ ക്യാപ്‌റ്റനായി 67 ടി20 മത്സരം കളിച്ച ബാബറിന്‍റെ അക്കൗണ്ടില്‍ 2246 റണ്‍സാണ് ഉള്ളത്. 76 ഇന്നിങ്‌സില്‍ 2236 റണ്‍സ് നേടിയ ഓസ്‌ട്രേലിയയുടെ ടി20 ലോകകപ്പ് വിന്നിങ് ക്യാപ്‌റ്റൻ ആരോണ്‍ ഫിഞ്ചിന്‍റെ പേരിലുള്ള റെക്കോഡ് ആയിരുന്നു ബാബര്‍ മറികടന്നത്. ന്യൂസിലന്‍ഡിന്‍റെ കെയ്‌ൻ വില്യംസണ്‍ ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
ക്യാപ്‌റ്റനായുള്ള 71 മത്സരങ്ങളില്‍ നിന്നും 34.23 ശരാശരിയില്‍ 2125 റണ്‍സാണ് വില്യംസണ്‍ നേടിയിട്ടുള്ളത്. പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത് ഇന്ത്യൻ നായകൻ രോഹിത് ശര്‍മയാണ്. 54 മത്സരങ്ങളില്‍ നിന്നും 33.63 ശരാശരിയില്‍ 1648 റണ്‍സാണ് രോഹിത് ശര്‍മയുടെ സമ്പാദ്യം. 46 മത്സരങ്ങളില്‍ നിന്നും 47.57 ശരാശരിയില്‍ 1570 റണ്‍സ് അടിച്ച മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് കോലി റെക്കോഡ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.
അതേസമയം, ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ പാകിസ്ഥാൻ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാൻ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 178 റണ്‍സാണ് നേടിയത്. 20 പന്തില്‍ 41 റൺസ് നേടിയ ഷദാബ് ഖാൻ ആയിരുന്നു പാക് പടയുടെ ടോപ് സ്കോറര്‍.
ബാബര്‍ അസമിന് പുറമെ, സയിം അയൂബ് (32), ഇര്‍ഫാൻസ ഖാൻ (30) എന്നിവരും ആതിഥേയര്‍ക്കായി ഭേദപ്പെട്ട പ്രകടനം നടത്തി. 21 പന്തില്‍ 22 റൺസ് നേടി മുഹമ്മദ് റിസ്‌വാൻ റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. ന്യൂസിലന്‍ഡിനായി ഇഷ് സോധി രണ്ട് വിക്കറ്റ് നേടിയിരുന്നു.
മറുപടി ബാറ്റിങ്ങില്‍ മാര്‍ക് ചാപ്‌മാന്‍റെ അര്‍ധസെഞ്ച്വറിയാണ് ന്യൂസിലന്‍ഡിനെ അനായാസ ജയത്തിലേക്ക് നയിച്ചത്. 42 പന്ത് നേരിട്ട താരം പുറത്താകാതെ 87 റണ്‍സ് നേടി. 10 പന്ത് ശേഷിക്കെയായിരുന്നു മത്സരത്തില്‍ ന്യൂസിലന്‍ഡിന്‍റെ ജയം. ജയത്തോടെ, അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്ഥാന് ഒപ്പമെത്താനും ന്യൂസിലന്‍ഡിന് സാധിച്ചു.
Also Read :വിരാട് കോലിയെ അമ്പയര്‍ ചതിച്ചോ...? ; ഈഡൻ ഗാര്‍ഡൻസിലെ 'വിവാദ' പുറത്താകലിന് നോബോള്‍ വിളിക്കാത്തതിന്‍റെ കാരണമറിയാം - Virat Kohli Controversial Wicket