പാരീസ്: ഒളിമ്പിക്‌സ് പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് റേസ് ഇനത്തില്‍ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ പതിനൊന്നാമതായി. ഫൈനലിൽ 08:14:18 സമയത്തിലാണ് പൂർത്തിയാക്കിയത്. 8:06.47 സമയത്തോടെ മൂന്നാമതായി ഫിനീഷ് ചെയ്‌ത കെനിയയുടെ എബ്രഹാം കിബിവോട്ടെയെക്കാൾ വളരെ പിന്നിലായിരുന്നു അവിനാഷ് പൂര്‍ത്തിയാക്കിയത്.
യോഗ്യതാ റൗണ്ടിലെ രണ്ടാം ഹീറ്റ്സിൽ 8:15:43 സമയത്തിൽ അഞ്ചാം സ്ഥാനത്തെത്തിയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള അവിനാഷ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഓരോ ഹീറ്റ്‌സിലെയും ആദ്യ 5 കളിക്കാരാണ് ഫൈനലിൽ ഇടം നേടിയത്. മൂന്ന് ഹീറ്റ്സുകളിലായിയി 15 കളിക്കാരാണ് ഫൈനലില്‍ പ്രവേശിച്ചത്. ഒളിമ്പിക്‌സിൽ മെഡൽ നേടാനായില്ലെങ്കിലും, 2025 ലെ ലോക ചാമ്പ്യൻഷിപ്പിന് അവിനാഷ് യോഗ്യത നേടി. ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക് 8:15:00 ആയിരുന്നു.
മത്സരത്തില്‍ അവിനാഷ് മികച്ച തുടക്കമാണ് കുറിച്ചത്. ആദ്യ ലാപ്പ് ഒന്നാം നമ്പറിൽ ഫിനിഷ് ചെയ്യുകയുണ്ടായി. അവസാന രണ്ട് ലാപ്പുകൾ ബാക്കിനിൽക്കെ 13-ാം സ്ഥാനത്താണ് അവിനാഷ് സാബ്‌ലെ ഉണ്ടായിരുന്നത്. പിന്നെ നേരിയ തിരിച്ചുവരവ് നടത്തി 11-ാം സ്ഥാനത്തെത്തി. എന്നാല്‍ അവസാന ലാപ്പിന് മുമ്പ് വീണ്ടും 15-ാം സ്ഥാനത്തേക്ക് വീണു. പൂർണ്ണ ശക്തിയോടെ മത്സരിച്ചെങ്കിലും 11-ാം സ്ഥാനത്താണ് താരത്തിന് എത്താനായത്.