കേരളം

kerala

മലേഷ്യയെ ഒന്നിനെതിരെ എട്ട് ഗോളിന് തകര്‍ത്ത് ഹോക്കി ഇന്ത്യ: ഹാട്രിക്കടിച്ച് രാജ് കുമാര്‍ പാല്‍ - INDIA BEATS MALAYSIA IN HOCKEY

By ETV Bharat Kerala Team

Published : Sep 11, 2024, 7:35 PM IST

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് മൂന്നാം ജയം. മലേഷ്യയെയാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യ ഈ ജയത്തോടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒമ്പത് പോയിന്‍റോടെ ഒന്നാം സ്ഥാനത്തെത്തി.

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി  INDIA VS MALAYSIA  ഇന്ത്യന്‍ ഹോക്കി ടീം  ASIAN CHAMPIONS TROPHY HOCKEY 2024
Indian Hockey Team (ETV Bharat)

ഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കുതിപ്പ് തുടർന്ന് ഇന്ത്യന്‍ ഹോക്കി ടീം. ചൈനയിലെ ഹുലന്‍ബുയിര്‍ മോഖ്വി ഹോക്കി ട്രെയ്‌നിങ് ബേസില്‍ നടന്ന മത്സരത്തില്‍ മലേഷ്യയെയാണ് ഇന്ത്യ തകര്‍ത്തത്. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരായ ഇന്ത്യ ഈ ജയത്തോടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒമ്പത് പോയിന്‍റോടെ ഒന്നാം സ്ഥാനത്തെത്തി.

മധ്യനിര താരം രാജ് കുമാര്‍ പാല്‍ മൂന്നാം മിനിറ്റില്‍ നേടിയ ഗോളിലൂടെ ഇന്ത്യ കളിയുടെ തുടക്കത്തില്‍ത്തന്നെ മുന്നിലെത്തി. ഡിയിലേക്ക് ഒറ്റയ്‌ക്ക് നടത്തിയ മിന്നല്‍ മുന്നേറ്റത്തിനൊടുവിലാണ് രാജ് കുമാര്‍ പാല്‍ ആദ്യ ഗോള്‍ നേടിയത്. തൊട്ട് പിറകേ ആറാം മിനിറ്റില്‍ അരിജിത് സിങ് ഹുണ്ടാലും ഏഴാം മിനിറ്റില്‍ പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് ജുഗ്രാജ് സിങ്ങും ഇന്ത്യയുടെ ലീഡുയര്‍ത്തി.

ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ മൂന്ന് പൂജ്യത്തിന് മുന്നിലായിരുന്നു. തീര്‍ത്തും ദുഷ്‌കരമായൊരു ആങ്കിളില്‍ നിന്നായിരുന്നു അരിജിത് സിങ് ആദ്യ ഗോള്‍ കണ്ടെത്തിയത്. 22ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും ഇന്ത്യക്ക് വേണ്ടി ഗോള്‍ കണ്ടെത്തി. ആദ്യ ഗോള്‍ നേടിയ രാജ് കുമാര്‍ പാല്‍ രണ്ടും മൂന്നും പാദങ്ങളിലും ഗോള്‍ നേടി. ഇടവേള സമയത്ത് ഇന്ത്യ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മുന്നിലായിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തൊട്ടു പുറകെ ഇന്ത്യയുടെ രാജ് കുമാര്‍ പാല്‍ ഹാട്രിക്ക് തികയ്ക്കുന്നത് കണ്ടു. ഇരുപത്തിയഞ്ചാം മിനിറ്റിലും 33ാം മിനിറ്റിലും ഗോള്‍ നേടിയാണ് രാജ് കുമാര്‍ പാല്‍ ഹാട്രിക്ക് തികച്ചത്. മലേഷ്യന്‍ ഗോള്‍ കീപ്പറുടെ ഒരു ക്ലിയറന്‍സ് പിടിച്ചെടുത്താണ് രാജ് കുമാര്‍ ഹാട്രിക്ക് ഗോള്‍ കണ്ടെത്തിയത്. ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ നേടിയ അരിജീത് സിങ് മൂന്നാം ക്വാര്‍ട്ടറിലെ 39ാം മിനിറ്റിലും ഗോള്‍ കണ്ടെത്തി.

40ാം മിനിറ്റില്‍ ഉത്തം സിങ് ഇന്ത്യന്‍ ഗോള്‍ വേട്ട പൂര്‍ത്തിയാക്കി. ലോക റാങ്കിങ്ങില്‍ 13ാം സ്ഥാനക്കാരായ മലേഷ്യയുടെ ആശ്വാസ ഗോള്‍ നേടിയത് അഖീമുള്ള അന്‍വര്‍ ആയിരുന്നു. അരിജിത് സിങ് ഹുണ്ടാല്‍ മാച്ചിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു."ഓരോ മത്സരം കഴിയുമ്പോഴും ഞങ്ങള്‍ മെച്ചപ്പെട്ടു വരികയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും എനിക്ക് തിളങ്ങാനാവാതെ പോയി. ഇന്ന് ആ കുറവ് പരിഹരിച്ചു. ഒരു മത്സരവും ഞങ്ങള്‍ നിസാരമായി കാണുന്നില്ല". മുഴുവന്‍ കളിയിലും വിജയിക്കാനുറച്ചാണ് ചാമ്പ്യന്‍സ് ട്രോഫിക്കെത്തിയതെന്ന് മത്സര ശേഷം അരിജീത് സിങ് പ്രതികരിച്ചു. വ്യാഴാഴ്‌ച (സെപ്റ്റംബർ 12) മറ്റൊരു ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ, ലോക 14ാം റാങ്കുകാരായ കൊറിയയെ നേരിടും.

Also Read:അര്‍ജന്‍റീനയെ വീഴ്‌ത്തി; കോപ്പയിലെ തോല്‍വിക്ക് കണക്ക് ചോദിച്ച് കൊളംബിയ

ABOUT THE AUTHOR

...view details