മുല്ലാന്‍പൂര്‍:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന്‍റെ തോല്‍വി ഭാരം കുറച്ചത് അശുതോഷ് ശർമയുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ്. എട്ടാം നമ്പറില്‍ ക്രീസിലേക്ക് എത്തിയ അശുതോഷ് 28 പന്തുകളില്‍ രണ്ട് ബൗണ്ടറികളും ഏഴ് സിക്‌സറുകളും സഹിതം 61 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്. മുംബൈക്കെതിരായ ഈ അതിശയ പ്രകടനത്തിന് പിന്നാലെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഒരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് 25-കാരന്‍.
ഐപിഎല്ലിന്‍റെ ഒരു സീസണില്‍ എട്ടാം നമ്പറിലോ അതിന് ശേഷമോ ഇറങ്ങി 150 റണ്‍സിലധികം നേടുന്ന ആദ്യ താരമായാണ് അശുതോഷ് ശര്‍മ മാറിയത്. തന്‍റെ അരങ്ങേറ്റ സീസണില്‍ ഇതേവരെ കളിച്ച നാല് മത്സരങ്ങളില്‍ നിന്നും 156 റണ്‍സാണ് അശുതോഷിന്‍റെ സമ്പാദ്യം. 52.00 ശരാശരിയുള്ള താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ് 205.26 ആണ്.
അശുതോഷിനെ കൂടാതെ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ റാഷിദ് ഖാന് മാത്രമാണ് എട്ടാം നമ്പറിലോ അതിന് ശേഷമോ ഇറങ്ങി 100-ല്‍ ഏറെ റണ്‍സ് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ 115 റണ്‍സായിരുന്നു റാഷിദ് അടിച്ചത്. 2020 സീസണില്‍ 98 റണ്‍സ് നേടിയ ജോഫ്ര ആര്‍ച്ചര്‍, 2010 സീസണില്‍ 96 റണ്‍സ് നേടിയ ഹര്‍ഭജന്‍ സിങ്, 2021 സീസണില്‍ 93 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സ് എന്നിവരാണ് പിന്നിലുള്ളത്.