അഹമ്മദാബാദ്:പുതിയ നായകന് കീഴില്‍ ഐപിഎല്ലിലെ ആദ്യ മത്സരം ജയിച്ച് തുടങ്ങിയിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് (Gujarat Titans). ഹോം ഗ്രൗണ്ടായ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തങ്ങളുടെ മുൻ ക്യാപ്‌റ്റന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ മുംബൈ ഇന്ത്യൻസിനെ (Mumbai Indians) ആറ് റണ്‍സിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ടൈറ്റൻസ് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത ഓവറില്‍ 162 റണ്‍സ് നേടാനെ സാധിച്ചുള്ളു (GT vs MI Result).
മുംബൈയ്‌ക്ക് എതിരായ അവസാന ഓവറിലെ ത്രില്ലര്‍ ജയത്തിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് പരിശീലകൻ ആശിഷ് നെഹ്‌റയെ (Ashish Nehra) പ്രശംസ കൊണ്ട് മൂടുകയാണ് നെറ്റിസണ്‍സ്. ഗുജറാത്തിന്‍റെ ജയത്തില്‍ നിര്‍ണായകമായ നിര്‍ദേശങ്ങളാണ് മത്സരത്തിനിടെ പരിശീലകനായ നെഹ്‌റ ടൈറ്റൻസ് താരങ്ങള്‍ക്ക് കൈമാറിയതെന്നും ഒരു കൂട്ടം ആരാധകര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ, ഐപിഎല്‍ പതിനേഴാം പതിപ്പിന് (IPL 2024) മുന്നോടിയായി ടീം വിട്ട ഹാര്‍ദിക് പാണ്ഡ്യയെ (Hardik Pandya) പരോക്ഷമായും ആരാധകര്‍ ഈ അവസരത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
ഐപിഎല്ലില്‍ കഴിഞ്ഞ രണ്ട് സീസണിലും ഗുജറാത്ത് ടൈറ്റൻസിന്‍റെ നായകനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. ടൂര്‍ണമെന്‍റില്‍ തങ്ങളുടെ അരങ്ങേറ്റ സീസണില്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ കപ്പടിക്കാൻ ടൈറ്റൻസിനായി. തൊട്ടടുത്ത വര്‍ഷം ടീം ഫൈനല്‍ കളിക്കുകയും ചെയ്‌തു.