ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരാന്‍ ആഴ്‌സണല്‍ ഇന്ന് ഇറങ്ങും. വൈറ്റാലിറ്റി സ്റ്റേഡിയത്തിൽ ബോൺമൗത്തിനെയാണ് ഗണ്ണേഴ്‌സ് നേരിടുന്നത്. ഇരുവരും തമ്മിലുള്ള അവസാന അഞ്ചുമത്സരങ്ങളിലും വിജയം ആഴ്‌സണലിനൊപ്പമായിരുന്നു. മൈക്കൽ അർട്ടെറ്റയ്‌ക്കെതിരെ ഹോം ഗ്രൗണ്ടിൽ ഗണ്ണേഴ്‌സിന്‍റെ അപരാജിത ഓട്ടത്തിന് അറുതിവരുത്താനാണ് ബോൺമൗത്ത് ലക്ഷ്യമിടുന്നത്.
ബോൺമൗത്തില്‍ 18 മാസത്തെ നീണ്ട പരിക്കിന് ശേഷം ടൈലർ ആഡംസ് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ടീമിന്‍റെ കരുത്തുറ്റ സ്‌ക്വഡായിരിക്കും കളത്തിലിറങ്ങുക. എന്നാല്‍ കഴിഞ്ഞ സീസണിൽ ഏറെക്കുറെ പരിക്കുകളില്ലാത്ത പ്രകടനം നടത്തിയ ആഴ്‌സണലിന് ഇത്തവണ നിരവധി ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡിന്‍റെ ഫിറ്റ്‌നസ് സംബന്ധിച്ചും ആശങ്കയുണ്ട്. നിലവില്‍ പട്ടികയില്‍ 17 പോയിന്‍റുമായി ആഴ്‌സണല്‍ മൂന്നാം സ്ഥാനത്താണ്. എട്ട് പോയിന്‍റുമായി ബോൺമൗത്ത് 12ാം സ്ഥാനത്താണ് നില്‍ക്കുന്നത്.
ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളില്‍ ഇപ്‌സ്വിച്ച് ടൗണ്‍ എവര്‍ട്ടനേയും ഫുള്‍ഹാം ആസ്റ്റണ്‍ വില്ലയേയും സതാംപ്‌ടണ്‍ ലെസ്റ്റര്‍ സിറ്റിയേയും മാഞ്ചസ്റ്റര്‍ യുണെെറ്റഡ് ബ്രന്‍റ് ഫോര്‍ഡിനേയും നേരിടും. നാളെ മാഞ്ചസ്റ്റര്‍ സിറ്റി വോള്‍വ്‌സുമായും ലിവര്‍പൂള്‍ ചെല്‍സിയുമായും പോരാടും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക