കേരളം

kerala

ETV Bharat / sports

ആഴ്‌സണലിന്‍റെ 'ആറാട്ട്'; പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിന് വമ്പന്‍ തോല്‍വി

പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് ആഴ്‌സണല്‍.

Arsenal vs West Ham  Arsenal Goals Against West Ham  Premier League  ആഴ്‌സണല്‍  പ്രീമിയര്‍ ലീഗ്
arsenal vs west ham

By ETV Bharat Kerala Team

Published : Feb 12, 2024, 8:46 AM IST

ലണ്ടൻ: പ്രീമിയര്‍ ലീഗ് (Premier League) ഫുട്‌ബോളില്‍ വമ്പന്‍ ജയം സ്വന്തമാക്കി ആഴ്‌സണല്‍ (Arsenal). ലണ്ടന്‍ സ്റ്റേഡിയത്തില്‍ ആതിഥേയരായ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടാന്‍ ഇറങ്ങിയ ആഴ്‌സണല്‍ ആറ് ഗോളുകള്‍ അടിച്ചാണ് തിരികെ കയറിയത്. സീസണില്‍ പീരങ്കിപ്പടയുടെ ആറാമത്തെയും തുടര്‍ച്ചയായ നാലാമത്തെയും ജയമായിരുന്നു ഇത് (West Ham vs Arsenal Match Result). വെസ്റ്റ് ഹാമിനെതിരായ മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യത്തോടെയാണ് ആഴ്‌സണല്‍ ജയിച്ചുകയറിയത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ക്കുതന്നെ ആതിഥേയരെ സമ്മര്‍ദത്തിലാക്കാന്‍ ആഴ്‌സണലിന് സാധിച്ചു. തുടര്‍ച്ചയായി നടത്തിയ മുന്നേറ്റങ്ങളുടെ ഫലമായി മത്സരത്തിന്‍റെ 32-ാം മിനിറ്റില്‍ അവര്‍ ആദ്യ ഗോളും നേടി.

പ്രതിരോധനിര താരം വില്യം സലിബയാണ് (William Saliba) സന്ദര്‍ശകര്‍ക്കായി ഗോള്‍ വേട്ട തുടങ്ങിവച്ചത്. ഡെക്ലാന്‍ റൈസിന്‍റെ അസിസ്റ്റ് സ്വീകരിച്ചായിരുന്നു സലിബ ലക്ഷ്യം കണ്ടത്. പിന്നാലെ, 38-ാം മിനിറ്റില്‍ സാക്കയെ വെസ്റ്റ് ഹാം ഗോള്‍ കീപ്പര്‍ ഫൗള്‍ ചെയ്‌തതിന് ആഴ്‌സണലിന് അനുകൂലമായി പെനാല്‍റ്റി.

കിക്കെടുത്ത സാക്ക (Bukayo Saka) അനായാസം തന്നെ ലക്ഷ്യം കണ്ടു. ക്ലോക്കില്‍ 41 മിനിറ്റ് പൂര്‍ത്തിയാകുമ്പോഴേക്കും ആഴ്‌സണല്‍ 2-0ന് മുന്നില്‍. ഈ ഗോളോടെ ആഴ്‌സണലിനായി 50 ഗോളുകള്‍ എന്ന നേട്ടത്തിലേക്കും സാക്ക എത്തി.

പിന്നീടുള്ള 5 മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ കൂടി വെസ്റ്റ് ഹാം വലയിലേക്ക്. 44-ാം മിനിറ്റില്‍ ഗ്രബിയേല്‍ മഗാലെസ് ഹെഡറിലൂടെ (Gabriel Magalhaes) സന്ദര്‍ശകര്‍ക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലിയാൻഡ്രോ ട്രോസാര്‍ഡും (Leandro Trossard) വെസ്റ്റ് ഹാം വല കുലുക്കി. ഇതോടെ ഒന്നാം പകുതിയില്‍ തന്നെ നാല് ഗോളുകള്‍ക്ക് മുന്നിലെത്താന്‍ ആഴ്‌സണലിനായി.

രണ്ടാം പകുതിയില്‍ 63ാം മിനിറ്റിലാണ് ആഴ്‌സണല്‍ ലീഡ് അഞ്ചാക്കി ഉയര്‍ത്തുന്നത്. ബുക്കായോ സാക്കയായിരുന്നു ഗോള്‍ സ്കോറര്‍. ഒഡേഗാര്‍ഡിന്‍റെ പാസ് സ്വീകരിച്ച ശേഷം ബോക്‌സിനുള്ളില്‍ നിന്നും തകര്‍പ്പന്‍ ഒരു ഫിനിഷിങ്ങിലൂടെയാണ് സാക്ക പന്ത് ലക്ഷ്യത്തിലേക്ക് എത്തിച്ചത്. 65-ാം മിനിറ്റില്‍ ഡെക്ലാന്‍ റൈസ് (Declan Rice) ലോങ് റേഞ്ചറിലൂടെ ആഴ്‌സണലിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.

ജയയത്തോടെ ആഴ്‌സണലിന് 24 മത്സരങ്ങളില്‍ നിന്നും 52 പോയിന്‍റായി. നിലവില്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാമതാണ് പീരങ്കിപ്പടയുടെ സ്ഥാനം.54 പോയിന്‍റുമായി ലിവര്‍പൂളും 52 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ (Premier League Points Table).

Also Read :ആഫ്രിക്കയുടെ ചാമ്പ്യന്മാരായി ഐവറി കോസ്റ്റ്; നൈജീരിയക്ക് കണ്ണുനീര്‍ മടക്കം

ABOUT THE AUTHOR

...view details