2022 ലെ മെയ് മാസം. കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായുള്ള ഇന്ത്യന്‍ ഗുസ്‌തി ടീമിന്‍റെ സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് എല്ലാവരും കരുതിയ രാജ്യാന്തര താരം വിനേഷ് ഫോഗട്ടിന് കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് ഒരു പതിനെട്ടുകാരി. ഹിസാറില്‍ നിന്നുള്ള അന്തിം പങ്കല്‍ എന്ന ഗുസ്‌തി താരത്തെപ്പറ്റി ഫയല്‍വാന്‍മാര്‍ക്ക് അറിയാമായിരുന്നെങ്കിലും രാജ്യം ശ്രദ്ധിക്കുന്നത് അന്നാണ്.
വിനേഷിനെ വിറപ്പിച്ച പോരാട്ട വീര്യം:ഫൈനലില്‍ വിനേഷ് ഫോഗട്ടിനെതിരെ മൂന്ന്-പൂജ്യം എന്ന നിലയില്‍ അന്തിം പങ്കല്‍ ലീഡ് ചെയ്തു. ബര്‍മിങ്‌ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിനേഷിനുള്ള സാധ്യതകള്‍ അവസാനിച്ചുവെന്ന് തോന്നിയ നിമിഷം. അവസാന റൗണ്ടും തീരാനിരിക്കേ അന്തിം പങ്കലിന്‍റെ ചെറിയ ഒരു അശ്രദ്ധ. ഒറ്റയടിക്ക് വിനേഷ് ഫോഗട്ട് മൂന്നു പോയിന്‍റ് പിടിച്ച് മത്സരത്തിലേക്ക് തിരിച്ചെത്തി. 3-3 സമനിലയിലായ മത്സരത്തില്‍ പിന്നീട് സാങ്കേതിക തികവ് പരിഗണിച്ച് വിനേഷ് ഫോഗട്ട് വിജയിയായി.
ബര്‍മിങ്ഹാം കോമണ്‍ വെല്‍ത്ത് ഗെയിംസിന് പോകാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടു മാസത്തിനകം പങ്കല്‍ ടുണീഷ്യയില്‍ നടന്ന റാങ്കിങ് സീരീസില്‍ വനിതാ വിഭാഗം ചാമ്പ്യനായി. പിന്നീട് ലോക ചാമ്പ്യനായ അമേരിക്കയുടെ ഡോമിനിക് പാരിഷിനെയടക്കം കീഴടക്കിക്കൊണ്ടായിരുന്നു അന്തിം പങ്കലിന്‍റെ പടയോട്ടം. 2022 ല്‍ത്തന്നെ അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ചരിത്രത്തില്‍ ഇടം പിടിച്ചു അന്തിം.
തൊട്ടടുത്ത വര്‍ഷം ജോര്‍ദാന്‍ തലസ്ഥാനമായ അമാനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ നേട്ടം ആവര്‍ത്തിച്ച് അന്തിം സ്ഥിരതയായ പ്രകടനം കാഴ്ചവെച്ചു. സീനിയര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ തോല്‍വിയറിയാതെ മുന്നേറിയിരുന്ന ജപ്പാന്‍ താരം അകാരി ഫുജിനാമിയോട് ഫൈനലില്‍ തോറ്റിരുന്നില്ലെങ്കില്‍ അസ്താനയില്‍ 2023 ല്‍ നടന്ന ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം അന്തിം ഇന്ത്യയിലെത്തിക്കുമായിരുന്നു.
പാരിസില്‍ ഇന്ത്യന്‍ പ്രതീക്ഷ:ഗുസ്‌തിയില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് കൗമാര താരം അന്തിം പങ്കലിലാണ്. 19 കാരിയായ അന്തിം പങ്കലിന്‍റെ കന്നി ഒളിമ്പിക്‌സാണിത്. കന്നിക്കാരിയെങ്കിലും ഗോദയില്‍ പങ്കപ്പാടൊന്നുമില്ലാതെ പൊരുതുന്ന പോരാളിയാണ് അന്തിം. കരുത്തരായ എതിരാളികളെ മലര്‍ത്തിയടിച്ചാണ് ശീലം.
അതു കൊണ്ടു തന്നെ അന്തിമിനെ നേരിടുമ്പോള്‍ കരുത്തരായ എതിരാളികള്‍ക്ക് നെഞ്ചിടിപ്പേറും. ഈ ചെറിയ കാലയളവിനിടെ അന്തിമിന് മുന്നില്‍ ഗോദയില്‍ അടിയറവ് പറയേണ്ടി വന്നവരില്‍ പ്രമുഖര്‍ ഏറെയുണ്ട്. പാരീസില്‍ പക്ഷേ അന്തിമിന് ചില കണക്കുകള്‍ തീര്‍ക്കാനുണ്ട്. രണ്ടുതവണ മുന്നേറ്റത്തിനിടെ തന്നെ വീഴ്ത്തിയ തോല്‍വിയറിയാതെ മുന്നേറുന്ന ലോക ചാമ്പ്യന്‍ ജപ്പാന്‍റെ അകാരി ഫുജിനാമിയെയാണ് അന്തിം നോട്ടമിട്ടിരിക്കുന്നത്. പാരീസില്‍ അന്തിമിന് ലഭിച്ചിരിക്കുന്ന ഡ്രോ പ്രകാരം അകാരി ഫുജിനാമിയുമായി ഫൈനല്‍ വരെ ഏറ്റുമുട്ടേണ്ടി വരില്ല. പക്ഷേ ഫൈനലിലെത്തി ആ വമ്പന്‍ മത്സരത്തിന് അന്തിം കാത്തിരിക്കുകയാണ്.
ഏറ്റവുമൊടുവില്‍ ജൂണില്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന റാങ്കിങ് സീരീസില്‍ വെള്ളിമെഡല്‍ കൂടി നേടിയതോടെ ഒളിമ്പിക്‌സിലെ നാലാം സീഡ് താരമായാണ് അന്തിം പാരീസിലെത്തുന്നത്. ഇതു വരെ സീനിയര്‍ മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുന്ന രണ്ട് തവണ ലോക ചാമ്പ്യന്‍ കൂടിയായ ജപ്പാന്‍റെ അകാരി ഫുജിനാമി, ടോക്കിയോവിലെ വെള്ളിമെഡല്‍ ജേത്രി ചൈനയുടെ ക്വിയാന്യു പാങ്ങ് എന്നിവരടക്കം 16 താരങ്ങളാണ് പാരീസില്‍ മാറ്റുരക്കുന്നത്. പ്രതീക്ഷിച്ച രീതിയില്‍ മുന്നേറിയാല്‍ ക്വാര്‍ട്ടറില്‍ ഗ്രീക്ക് താരം മരിയയേയും സെമിയില്‍ ഒന്നാം സീഡ് ഇക്വഡോറിന്‍റെ ലൂസിയയേയും ആയിരിക്കും അന്തിം നേരിടേണ്ടി വരിക.
വരവ് ഹരിയാനയില്‍ നിന്നും:ഹരിയാനയിലെ ഹിസാറില്‍ രാം നിവാസ് പങ്കലിന്‍റേയും കൃഷ്ണകുമാരിയുടേയും അഞ്ചു മക്കളില്‍ നാലാമത്തെയാളാണ് അന്തിം പങ്കല്‍. അന്തിം പങ്കലിന്‍റെ മൂത്ത സഹോദരി സരിത ദേശീയ തലത്തില്‍ അറിയപ്പെടുന്ന കബഡി താരമാണ്. സരിതയാണ് അന്തിമിനെ ഗുസ്തി രംഗത്തേക്ക് കൊണ്ടു വരുന്നത്. അന്തിമിന് 10 വയസ് മാത്രം പ്രായമുള്ളപ്പോള്‍ ഒരിക്കല്‍ ചേച്ചി അവളെ ഹിസാറിലെ മഹാവീര്‍ സ്റ്റേഡിയത്തില്‍ നടന്ന ഗുസ്തി പരിപാടിക്ക് കൊണ്ടു പോയി.