ദുബായ്:വനിത ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസിലൻഡിനോട് 58 റണ്‍സിന്‍റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യ കനത്ത തോല്‍വി ഏറ്റുവാങ്ങിയെങ്കിലും സമൂഹമാധ്യമങ്ങളിലും ക്രിക്കറ്റ് ലോകത്തും പ്രധാന ചര്‍ച്ചയായിരിക്കുന്നത് ന്യൂസിലൻഡ് താരം അമേലിയ കെറിന്‍റെ റണ്‍ഔട്ട് അമ്പയര്‍ അംഗീകരിക്കാതിരുന്ന നടപടിയാണ്.
ന്യൂസിലൻഡ് ഇന്നിങ്‌സിന്‍റെ 14-ാം ഓവറില്‍ നടന്ന സംഭവമാണ് വിവാദങ്ങള്‍ക്ക് കാരണം. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലൻഡായിരുന്നു ആദ്യം ബാറ്റ് ചെയ്‌തത്. ഇന്ത്യൻ സ്‌പിന്നര്‍ ദീപ്‌തി ശര്‍മയാണ് കിവീസ് ഇന്നിങ്‌സിലെ 14-ാം ഓവര്‍ പന്തെറിഞ്ഞത്. ക്രീസിലുണ്ടായിരുന്നതാകട്ടെ അമേലിയ കെറും കിവീസ് ക്യാപ്‌റ്റൻ സോഫി ഡിവൈനും.
ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ വഴങ്ങിയ ശേഷം അമ്പയറുടെ കയ്യില്‍ നിന്നും തൊപ്പിയും വാങ്ങി ദീപ്‌തി മടങ്ങവെയാണ് ട്വിസ്റ്റ് സംഭവിക്കുന്നത്. ആദ്യ റണ്‍ പൂര്‍ത്തിയാക്കിയ ശേഷം ന്യൂസിലൻഡ് താരങ്ങള്‍ രണ്ടാം റണ്ണിനുള്ള ശ്രമം നടത്തുന്നു. ഫീല്‍ഡ് ചെയ്‌ത ക്യാപ്‌റ്റൻ ഹര്‍മൻപ്രീത് കൗറിന്‍റെ കൈകളിലായിരുന്നു ഈ സമയം പന്ത്.
ന്യൂസിലൻഡ് താരങ്ങള്‍ രണ്ടാം റണ്ണിനായി ഓടുന്നത് കണ്ട ഹര്‍മൻ പന്ത് നേരെ ബാറ്റിങ് എൻഡില്‍ വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞു നല്‍കി. പന്ത് പിടിച്ചെടുത്ത ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് രണ്ടാം റണ്ണിനുള്ള ശ്രമത്തിനിടെ അമേലിയ ക്രീസില്‍ കയറുന്നതിന് മുന്‍പ് തന്നെ സ്റ്റമ്പിളക്കി. റണ്‍ഔട്ടാണെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെ തന്നെ അമേലിയ ക്രീസ് വിടാൻ തയ്യാറായി.
അപ്രതീക്ഷിതമായി ലഭിച്ച വിക്കറ്റ് ഇന്ത്യൻ താരങ്ങള്‍ ആഘോഷിക്കുന്നതിനിടെയാണ് 'ഡെഡ് ബോള്‍' വിളിച്ച് അമ്പയര്‍മാര്‍ ന്യൂസിലൻഡ് താരത്തെ ക്രീസിലേക്ക് മടക്കിയയച്ചത്. പിന്നാലെ, ഇന്ത്യൻ ക്യാപ്‌റ്റൻ ഹര്‍മൻപ്രീതിനോടും അമ്പയര്‍ ഇക്കാര്യം അറിയിച്ചു. അമ്പയറുടെ വാദങ്ങളെ എതിര്‍ത്ത ഹര്‍മൻ വിക്കറ്റിനായി തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. ഹര്‍മനൊപ്പം വൈസ് ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയും അമ്പയറുമായി സംസാരിക്കാനെത്തിയിരുന്നു.
ഇതിനിടെ ബൗണ്ടറി ലൈന് പുറത്ത് പരിശീലകൻ അമോൽ മുജുംദാർ ഫോര്‍ത്ത് അമ്പയറുമായും വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പരിശീലക സംഘത്തിലെ മറ്റ് അംഗങ്ങളും ഇന്ത്യൻ മുഖ്യപരിശീലകനൊപ്പമുണ്ടായിരുന്നു. ഫോര്‍ത്ത് അമ്പയറിനോടും സംസാരിക്കാൻ ഹര്‍മൻപ്രീത് ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്ന് തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്ന അമ്പയര്‍മാര്‍ മത്സരം പുനരാരംഭിക്കാൻ ഇന്ത്യൻ താരങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.
കളത്തിന് പുറത്തും ഇക്കാര്യം വലിയ രീതിയില്‍ തന്നെ ചര്‍ച്ചയാകുന്നുണ്ട്. ഇന്ത്യൻ പുരുഷ താരം രവിചന്ദ്രൻ അശ്വിൻ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. രണ്ടാമത്തെ റണ്‍സിന് വേണ്ടി ന്യൂസിലൻഡ് താരങ്ങള്‍ ശ്രമം നടത്തുന്നതിന് മുന്‍പ് തന്നെ ഓവര്‍ കഴിഞ്ഞിരുന്നുവെന്നാണ് അശ്വിൻ ചൂണ്ടിക്കാട്ടിയത്. കൂടാതെ, ആരുടെ ഭാഗത്താണ് പിഴവ് സംഭവിച്ചത് എന്ന ചോദ്യവും അശ്വിൻ ഉന്നയിച്ചിരുന്നു. അതേസമയം, ഈ പോസ്റ്റ് പിന്നീട് അശ്വിൻ നീക്കം ചെയ്യുകയും ചെയ്‌തിരുന്നു.
Also Read :ആദ്യ മത്സരത്തിലെ ദയനീയ തോല്‍വി, ഇന്ത്യയുടെ മുന്നോട്ടുള്ള യാത്ര 'കഠിനമാകും'; വനിത ലോകകപ്പില്‍ ഹര്‍മന്‍റെയും കൂട്ടരുടെയും സാധ്യതകളറിയാം