തമിഴ്‌നാട്: ചെന്നൈ തെരുവുകളെ ആവേശം കൊള്ളിക്കാന്‍ നാളെ (ഓഗസ്റ്റ് 31), സെപ്റ്റംബർ 1 തീയതികളില്‍ കാര്‍ റേസ് നടക്കും. തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെന്‍റ് അതോറിറ്റിയും ചെന്നൈ ഫോർമുല 4 റേസിങ് സർക്യൂട്ടും ഇന്ത്യൻ റേസിങ് ലീഗ് ചേര്‍ന്നാണ് കാർ റേസ് സംഘടിപ്പിക്കുന്നത്. രാത്രിയിൽ ഫോർമുല 4 സ്ട്രീറ്റ് റേസ് നടത്തുന്ന ആദ്യ ദക്ഷിണേഷ്യൻ നഗരമായി ഇതോടെ ചെന്നൈ മാറും.
3.5 കിലോമീറ്റർ ചുറ്റളവുള്ള ഒരു സർക്യൂട്ടിലാണ് ഓട്ടം നടക്കുന്നത്. ഐലൻഡ് ഗ്രൗണ്ട് (തീവ് തിടൽ), വാർ മെമ്മോറിയൽ, നേപ്പിയർ ബ്രിഡ്‌ജ്, സ്വാമി ശിവാനന്ദ സാലൈ (റോഡ്), അണ്ണാ സാലൈ എന്നിവിടങ്ങളിലാണ് സർക്യൂട്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും നീളമേറിയ സ്ട്രീറ്റ് സർക്യൂട്ടാണിത്. കാർ റേസിങ്ങിനുള്ള പ്രാഥമിക ജോലികളുടെ അവസാന ഘട്ടം പൂർത്തിയായി.
രാത്രികാലങ്ങളില്‍ മത്സരങ്ങളെല്ലാം നടക്കുന്നതിനാൽ റോഡിനിരുവശവും നൂറിലധികം ഹൈവാള്‍ട്ടേജ് വൈദ്യുത വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങളും കളിക്കാരും ഉൾപ്പെടെ റോഡിനിരുവശവും എണ്ണായിരത്തോളം പേർക്ക് മത്സരം വീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കി. ആരാധകർക്ക് അപകടമൊന്നും ഉണ്ടാകാതിരിക്കാൻ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി നാലടി ഉയരത്തിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തികളും ഇരുമ്പ് വേലികളും സ്ഥാപിച്ചു.