ബാര്‍ബഡോസ്: ഒരു ലോക കിരീടമെന്ന കാലങ്ങളായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാൻ ദക്ഷിണാഫ്രിക്കയ്‌ക്ക് ഇനി വേണ്ടത് ഒരൊറ്റ ജയം മാത്രം. ഇന്ന് ടി20 ലോകകപ്പ് ഫൈനലില്‍ കരുത്തരായ ഇന്ത്യയെ വീഴ്‌ത്താനായാല്‍ ചരിത്രനേട്ടമാണ് ദക്ഷിണാഫ്രിക്കൻ നായകൻ എയ്‌ഡൻ മാര്‍ക്രത്തിനെ കാത്തിരിക്കുന്നത്. 2014ല്‍ അണ്ടര്‍ 19 നായകനായി ദക്ഷിണാഫ്രിക്കയ്‌ക്ക് ആദ്യ ഐസിസി കിരീടം സമ്മാനിച്ച അതേ മാര്‍ക്രത്തിന് കീഴില്‍ മറ്റൊരു കലാശപ്പോരിന് ഇറങ്ങുമ്പോള്‍ പ്രോട്ടീസിന് പ്രതീക്ഷകളുമേറയാണ്.
മൈതാനത്ത് കൂളായി മാത്രം കാണുന്ന ചുള്ളനായ നായകൻ. അയാള്‍ക്ക് കീഴില്‍ കളിക്കാനിറങ്ങിയ ഐസിസി ടൂര്‍ണമെന്‍റിലെ ഒരു മത്സരത്തില്‍ പോലും ദക്ഷിണാഫ്രിക്ക പരാജയമേറ്റുവാങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ മാര്‍ക്രം എന്ന നായകന് കീഴില്‍ ആദ്യ ലോകകിരീടം സ്വപ്‌നം കാണുകയാണ് ദക്ഷിണാഫ്രിക്ക.
2014ല്‍ അണ്ടര്‍ 19 നായകനായാണ് എയ്‌ഡൻ മാര്‍ക്രം തന്‍റെ വരവറിയിച്ചത്. അന്ന് കളിച്ച ആറ് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയുടെ കൗമാരപ്പട ജയം നേടി കിരീടത്തില്‍ മുത്തമിടുകയായിരുന്നു. പിന്നീട് കഴിഞ്ഞ ഏകദിന ലോകകപ്പിലും മാര്‍ക്രം ദക്ഷിണാഫ്രിക്കയുടെ നായകവേഷമണിഞ്ഞു.
സ്ഥിരം നായകൻ ടെംബ ബാവുമ പരിക്കേറ്റ് പുറത്തായ 2 മത്സരങ്ങളില്‍ ആയിരുന്നു മാര്‍ക്രം ടീമിനെ നയിച്ചത്. ഈ രണ്ട് കളിയിലും ദക്ഷിണാഫ്രിക്ക ജയം നേടിയിരുന്നു. ടി20 ലോകകപ്പിലും മാര്‍ക്രത്തിന് കീഴില്‍ ഇതേ മികവ് തുടരുകയാണ് പ്രോട്ടീസ്. മാര്‍ക്രത്തിന് കീഴില്‍ തോല്‍വി അറിയാതെ എട്ട് മത്സരങ്ങള്‍ ദക്ഷിണാഫ്രിക്ക ഇതുവരെ പൂര്‍ത്തിയാക്കി. ഇനി മുന്നിലുള്ളത് ഫൈനല്‍ എന്ന വെല്ലുവിളി മാത്രം.
Also Read :'മലയാളി, ഇന്ത്യ, ലോകകപ്പ്...'; ചരിത്രം ആവര്‍ത്തിച്ചാല്‍ ഇന്ത്യൻ ടീം ചാമ്പ്യന്മാര്‍ - Malayalis in World Cup Finals