ന്യൂഡൽഹി:വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ജയത്തോടെ ചരിത്ര നേട്ടമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബംഗ്ലാദേശ് വെസ്റ്റ് ഇൻഡീസിൽ ടെസ്റ്റ് വിജയം സ്വന്തമാക്കി.
സബീന പാർക്കിൽ നടന്ന പോരാട്ടത്തില്‍ ആതിഥേയരെ 101 റൺസിനാണ് തോൽപ്പിച്ചത്. ബംഗ്ലാദേശിന്‍റെ 2024ലെ മൂന്നാമത്തെ ടെസ്റ്റ് വിജയമാണിത്. 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിങ്സിൽ 185 റൺസിന് ഓള്‍ ഔട്ടായി. വിജയത്തോടെ ടെസ്റ്റ് പരമ്പര 1-1 ന് ബംഗ്ലാദേശ് സമനിലയിലാക്കി. 2009 ജൂലൈയ്ക്ക് ശേഷം കരീബിയൻ മണ്ണിൽ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് വിജയം രേഖപ്പെടുത്തി.
വെസ്റ്റ് ഇൻഡീസിനായി കവീം ഹോഡ്ജും (55) ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്‌വെയ്‌റ്റും (43) അൽപ്പം പോരാട്ടം നടത്തിയെങ്കിലും നിർണായക നിമിഷങ്ങളിൽ തൈജുൽ വിക്കറ്റ് വീഴ്ത്തി നാലാം ദിനം ബംഗ്ലാദേശ് അവിസ്മരണീയ വിജയം നേടുകയായിരുന്നു. ടെസ്റ്റ് മത്സരത്തിലെ തന്‍റെ 15-ാം അഞ്ച് വിക്കറ്റ് നേട്ടം തൈജുൽ സ്വന്തമാക്കി. ഹസൻ മഹ്മുദ്, തസ്‌കിൻ അഹമദ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
"വിദേശത്ത് ഒരു ടെസ്റ്റ് മത്സരം വിജയിക്കുക എന്നത് വലിയ വികാരമാണെന്ന് പ്ലെയർ ഓഫ് ദി മാച്ചായ തൈജുൽ പറഞ്ഞു, എല്ലാ കളിക്കാരും ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. രണ്ട് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാക്കാൻ ബംഗ്ലാദേശിനെ ഇത് സഹായിച്ചു, കൂടാതെ ടീം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. തസ്‌കിൻ അഹമ്മദും ജേഡൻ സീൽസും പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.