കൊല്‍ക്കൊത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴു വിക്കറ്റിന്‍റെ ആധികാരിക വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. വിജയത്തിന് പിന്നാലെ മത്സരത്തിലെ താരമായ അഭിഷേക് ശര്‍മ വിജയത്തിന്‍റെ മുഴുവൻ ക്രെഡിറ്റും സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കാണ് നല്‍കിയത്. വരുണിന്‍റെ ഒരു ഓവറാണ് കളിയുടെ ഗതി മുഴുവൻ മാറ്റിയതെന്നും ഇന്ത്യ വിജയിക്കാൻ കാരണമായതെന്നും താരം പറയുന്നു.
"വരുണ്‍ ചക്രവര്‍ത്തിയുടെ ആ ഒരു ഓവറാണ് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായത്. അതുവരെ ഇംഗ്ലണ്ട് ഒമ്പത് റണ്‍ ശരാശരി നേടി ഉജ്ജ്വല ഫോമിലായിരുന്നു. ഹാരി ബ്രൂക്കിനേയും ലിയാം ലിവിങ്ങ്സ്റ്റണിനേയും വരുണ്‍ മൂന്ന് പന്തിനുള്ളില്‍ പുറത്താക്കി. അതാണ് കളിയുടെ ഗതി ഇന്ത്യയ്ക്ക‌് അനുകൂലമാക്കി തിരിച്ചു വിട്ടത്. പിന്നെ മറ്റു ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി 132 റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കാനായി. ആ ലക്ഷ്യം നമുക്ക് 12.5 ഓവറില്‍ മറികടക്കാനുമായി," അഭിഷേക് ശര്‍മ പറയുന്നു.
"കഴിഞ്ഞ ഏതാനും ടി 20 മത്സരങ്ങളില്‍ വരുണ്‍ ചക്രവര്‍ത്തിയാണ് നമ്മുടെ ഗെയിം ചേഞ്ചര്‍. ടി 20 ക്രിക്കറ്റില്‍ പൊതുവേ ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യങ്ങളുള്ളപ്പോള്‍ ആശ്രയിക്കാവുന്ന ബൗളര്‍ അനിവാര്യമാണ്. കൊല്‍ക്കൊത്തയില്‍ ഇംഗ്ലണ്ട് വരുണിനെ നേരിടാന്‍ പാടുപെടുന്നതാണ് കണ്ടത്. രവി ബിഷ്ണോയി, അക്‌സര്‍ പട്ടേല്‍ എന്നിവരും നന്നായി പന്തെറിഞ്ഞു," എന്ന് താരം പറഞ്ഞു.
ഇന്ത്യയ്‌ക്ക് വിജയം അനായാസമാക്കിയ അഭിഷേകിന്‍റെ വെടിക്കെട്ട് പ്രകടനം
34 പന്തില്‍ നിന്ന് 79 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരെ മിന്നും വിജയം പിടിച്ചെടുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചതിന് താന്‍ കോച്ച് ഗൗതം ഗംഭീറിനോടും ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവിനോടും കടപ്പെട്ടിരിക്കുന്നതായും അഭിഷേക് പറഞ്ഞു.
"കഴിഞ്ഞ നാലഞ്ച് ഇന്നിങ്ങ്‌സുകളില്‍ എനിക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. ബാറ്റര്‍ എന്ന നിലയ്ക്ക് ഇത് എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെ നിനക്ക് നന്നായി കളിക്കാനാവുമെന്നും ടീമിനെ ജയിപ്പിക്കാനാവുമെന്നും പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയായിരുന്നു ക്യാപ്റ്റനും കോച്ചും. കോച്ചും ക്യാപ്റ്റനും ഇങ്ങിനെ പറയുമ്പോള്‍ അത് വല്ലാത്ത ആത്മ വിശ്വാസം നല്‍കി. നീ നിന്‍റേതായ രീതിയില്‍ കളിക്കൂ. നിനക്ക് ഞങ്ങള്‍ പിന്തുണ നല്‍കുമെന്നാണ് അവരിരുവരും പറഞ്ഞത്," എന്നും അഭിഷേക് പറഞ്ഞു.
'ധൈര്യം നല്‍കിയത് ഐപിഎല്‍'
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി ഐപിഎല്ലില്‍ കളിച്ചതാണ് ഭയമില്ലാതെ എതിരാളികളെ നേരിടാനുള്ള ധൈര്യം നല്‍കിയതെന്ന് അഭിഷേക് വെളിപ്പെടുത്തി. സണ്‍ റൈസേഴ്‌സില്‍ തനത് ശൈലിയില്‍ കളിക്കാന്‍ സീനിയര്‍ താരങ്ങളും കോച്ചും പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ത്യന്‍ ടീമിലും അതേ ശൈലിയില്‍ സ്വാതന്ത്ര്യമെടുത്ത് ക്രീസ് വിട്ട് തകര്‍ത്തടിക്കാനാണ് താന്‍ ശ്രമിച്ചത്. യുവരാജ് സിങ്ങ്, ബ്രയാന്‍ ലാറ, ഡാനിയല്‍ വെട്ടോറി എന്നിവരുടെ പ്രോത്സാഹനവും നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
'സഞ്‌ജു ഭായിക്കും എനിക്കും ഒരേ ബാറ്റിങ് ശൈലി'
താനും സഞ്ജു ഭായിയും പിന്തുടരുന്നത് ഒരേ ബാറ്റിങ് ശൈലിയാണെന്ന് അഭിഷേക് തുറന്നുപറഞ്ഞു. " ഏതു മത്സരത്തിന് മുമ്പും എതിരാളികളുടെ അതേ ശൈലിയില്‍ പന്തെറിയുന്ന ബൗളര്‍മാരെ വച്ച് പ്രാക്‌ടീസ് ചെയ്യുന്നത് എന്‍റെ ശീലമാണ്. ബാറ്റിങ്ങ് കോച്ചുമാരായ സിതാംശു കൊടക്കും അഭിഷേക് നയ്യാറും അനുയോജ്യമായ ബൗളര്‍മാരെ എനിക്ക് പരിശീലിക്കാൻ സംഘടിപ്പിച്ചിരുന്നു. പന്ത് കൃത്യമായി വീക്ഷിച്ച് എന്‍റേതായ രീതിയില്‍ ബാറ്റ് ചെയ്യും. അതിനപ്പുറം ഒരു പ്ലാനും ഇല്ല. സഞ്ജു ഭായിയും ഞാനും ഒരേ ശൈലിയാണ് പിന്തുടരുന്നത്. പന്ത് നോക്കി എങ്ങിനെ നേരിടണമെന്ന് തീരുമാനിക്കും, " അഭിഷേക് ശര്‍മ വെളിപ്പെടുത്തി.
Read Also:ടി20യില്‍ മിന്നിക്കാന്‍ സഞ്ജു