ബെംഗളൂരു: ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡിന് എട്ടു വിക്കറ്റ് വിജയം. 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 27.4 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു. 1988 ന് ശേഷം ആദ്യമായി ഒരു ടെസ്റ്റ് ജയിച്ചുകൊണ്ട് കിവീസ് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചരിത്രം രചിച്ചു. ന്യൂസിലൻഡിനായി 134 റൺസ് നേടിയ രച്ചിൻ രവീന്ദ്രയായിരുന്നു കളിയിലെ താരം. മാറ്റ് ഹെൻറി അഞ്ച് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യൻ ടീം മൂടിക്കെട്ടിയ അന്തരീക്ഷത്തിനിടയിലും ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കിവീസ് താരങ്ങളുടെ ശക്തമായ ബൗളിങ് കൈകാര്യം ചെയ്യാൻ ഇന്ത്യൻ ബാറ്റർമാർ ഏറെ ബുദ്ധിമുട്ടി. ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറിയും നാല് വിക്കറ്റ് വീഴ്ത്തിയ വില്യം ഒറോർക്കുമാണ് ഇന്ത്യ 46 റൺസിന് പുറത്താക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബ്ലാക്‌ക്യാപ്‌സിനായി 134 റൺസ് നേടിയ രച്ചിൻ രവീന്ദ്രയുടെ മികവിൽ ന്യൂസിലൻഡ് മൊത്തം 402 റൺസ് നേടി. 73 പന്തിൽ നിന്ന് 65 റൺസെടുത്ത് ടിം സൗത്തിയും തിളങ്ങി.
ഒന്നാം ഇന്നിങ്സിൽ 356 റൺസിന് പിന്നിൽ നിന്ന ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ തിരിച്ചുവരവിന്‍റെ പാതയിലായിരുന്നു. രോഹിത് ശർമ (52), വിരാട് കോഹ്‌ലി (70), സർഫറാസ് ഖാൻ (150), ഋഷഭ് പന്ത് (99) എന്നിവരുടെ മികവിൽ ഇന്ത്യ ജയപ്രതീക്ഷയിലായിരുന്നു. രണ്ടാം ഇന്നിങ്സിൽ 462 റൺസിനു ഇന്ത്യ പുറത്തായി. ആദ്യ ഇന്നിങ്സിൽ 356 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, നാലാം ദിനം 106 റൺസ് ലീഡുമായാണ് രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്.