ഹൈദരാബാദ് : എഴുത്തുകാരെയും പ്രസാധകരെയും ആദരിക്കുന്നതിനും വായന പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ഏപ്രിൽ 23 ലോക പുസ്‌തക - പകർപ്പവകാശ ദിനമായി (കോപ്പിറൈറ്റ് ഡേ) ആഘോഷിക്കുന്നു. യുണൈറ്റഡ് നാഷൻസ് എജ്യുക്കേഷണൽ സയന്‍റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷനും (യുനെസ്കോ) ലോകമെമ്പാടുമുള്ള മറ്റ് അനുബന്ധ സംഘടനകളും ചേര്‍ന്ന് ഈ ദിനം അത്തരത്തില്‍ ആചരിച്ചുവരികയാണ്.
യഥാര്‍ഥ സൃഷ്‌ടിയുടെ രചയിതാക്കൾക്കോ സ്രഷ്‌ടാക്കൾക്കോ സാധാരണയായി പരിമിതമായ സമയത്തേക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന നിയമപരമായ ആശയമാണ് പകർപ്പവകാശം. പകർപ്പവകാശ ഉടമയ്ക്ക് തന്‍റെ ജോലിക്കും മറ്റ് അനുബന്ധ കാര്യങ്ങള്‍ക്കുമുള്ള അവകാശവും അംഗീകാരവും ലഭ്യമാകുന്നു. അതിനാൽ ഇത് ഒരു ബൗദ്ധിക സ്വത്തവകാശ രൂപമാണ്.
ലോക പുസ്‌തക-പകർപ്പവകാശ ദിനത്തിന്‍റെ ശ്രദ്ധ സാഹിത്യത്തിലും വായനയിലുമാണ്. ഇത് തദ്ദേശീയ ഭാഷകൾ മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രാധാന്യം ഊന്നിപ്പറയുന്നു.
ലോക പുസ്‌തക-പകർപ്പവകാശ ദിനത്തിന്‍റെ ചരിത്രം
വില്യം ഷേക്‌സ്‌പിയർ, മിഗുവൽ ഡി സെർവാന്‍റസ്, ഇൻക ഗാർസിലാസോ ഡി ലാ വേഗ എന്നിവരുൾപ്പടെയുള്ള മഹത്തായ സാഹിത്യകാരന്മാർക്ക് ആദരവ് അർപ്പിക്കാൻ യുനെസ്കോ ഏപ്രിൽ 23 ലോക പുസ്‌തക ദിനമായി തെരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള രചയിതാക്കൾക്കും പുസ്‌തകങ്ങൾക്കും ആദരവർപ്പിക്കുന്നതിനായി പെയേഴ്‌സിൽ നടന്ന യുനെസ്കോ ജനറൽ കോൺഫറൻസാണ് 1995 ൽ ഈ തീയതിക്ക് അന്തിമരൂപം നൽകിയത്.
പുസ്‌തകങ്ങളുടെ ഒരു ദിനം ആഘോഷിക്കുക എന്ന ആശയം ഉടലെടുക്കുന്നത് കറ്റാലൻ പുസ്‌തകങ്ങളുടെ ദിനമായ ദിയാ ഡെൽ ലിബെറെയില്‍ നിന്നാണ്. എല്ലാ വർഷവും ഏപ്രിൽ 23 ന് കാറ്റലോണിയയിൽ ദിയാ ഡെൽ ലിബെറെ ആഘോഷിക്കുന്നു.