ഹൈദരാബാദ്: ബോൺസായ് കലയെയും സാബുറോ കാറ്റോയുടെ സ്‌മരണയ്ക്കായും എല്ലാ വർഷവും മെയ് 14 ന് ലോക ബോൺസായ് ദിനം ആചരിക്കുന്നു. ഈ കലാരൂപത്തിലൂടെ സമാധാനവും സൗഹൃദവും പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഒരു ബോൺസായ് മാസ്‌റ്ററായിരുന്നു സാബുറോ കാറ്റോ. വേൾഡ് ബോൺസായ് ഫ്രണ്ട്ഷിപ്പ് ഫെഡറേഷൻ (ഡബ്ല്യുബിഎഫ്എഫ് ) 2010-ലാണ് ബോൺസായ് ദിനാചരണത്തിന് തുടക്കം കുറിച്ചത്.
ജാപ്പനീസ് സംസ്‌കാരത്തിൽ ബോൺസായ് മരങ്ങൾ ഐക്യത്തിൻ്റെയും സന്തുലിതാവസ്‌ഥയുടെയും പ്രതീകമാണ്. ബോൺസായ് മാസ്‌റ്ററായ സാബുറോ കാറ്റോ (1915-2008) തൻ്റെ ജീവിതത്തിലുടനീളം സമാധാനത്തിൻ്റെയും സൗഹൃദത്തിൻ്റെയും പാതയിലൂടെ നടക്കുകയും, ബോൺസായിയുടെ യഥാർഥ അർഥം മനസിലാക്കാൻ മറ്റുള്ളവരെ എപ്പോഴും സഹായിക്കുകയും ചെയ്‌തു.
നൂറ്റാണ്ടുകൾക്ക് മുമ്പ് ചൈനയിൽ നിന്ന് ജപ്പാനിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ബോൺസായ് കല പ്രചരിപ്പിച്ച ബുദ്ധ സന്യാസിമാരെപ്പോലെ, ബോൺസായ് സഹാനുഭൂതി വളർത്തുകയും ജീവിതത്തോട് ആഴമായ ബഹുമാനം നൽകുകയും ചെയ്യുന്നുവെന്ന് സാബുറോ കാറ്റോ മനസ്സിലാക്കി.
ബോൺസായ് മരത്തെക്കുറിച്ചുള്ള വസ്‌തുതകൾ
പുരാതനമായിട്ടുളള ഒരു ജാപ്പനീസ് കലാരൂപമാണ് ബോൺസായ്. ഹോർട്ടികൾച്ചർ രീതികളും വിദ്യകളും ഉപയോഗിച്ച് ചെറിയ മരങ്ങൾ പാത്രങ്ങളിൽ നടുകയും അത് കാലക്രമേണ പൂർണ്ണ വലുപ്പത്തിലുള്ള മരങ്ങളുടെ ആകൃതിയിൽ എത്തുകയും ചെയ്യുന്നു. 'ബോൺസായ്' എന്ന വാക്കിൻ്റെ അർഥം 'പാത്രത്തിൽ നട്ടത്' എന്നാണ്. ഒരു ബോൺസായ് വൃക്ഷം ഒരേ ഇനത്തിൽപ്പെട്ട ഒരു വൃക്ഷത്തിൻ്റെ അതേ വിത്തിൽ നിന്നാണ് വളരുന്നത്.
അവയ്ക്ക് ചെറിയ വലിപ്പമേ ഉള്ളൂ. അതിനാൽ, വേരുകളുടെ വളർച്ചയെ ഒരു ചെറിയ ചെടി ചെട്ടിയിലേക്ക് പരിമിതപ്പെടുത്തുകയും ഇലകൾ പതിവായി വെട്ടിമാറ്റുകയും ചെയ്യുന്നു. അങ്ങനെ മരം ചെറുതായി നിലനിൽക്കുന്നു.
ബോൺസായ് എന്ന വാക്ക് ജാപ്പനീസിൽ നിന്നുണ്ടായതാണെങ്കിലും, ഈ കലാരൂപത്തിൻ്റെ ആശയം ചൈനയിൽ നിന്നുണ്ടായതാണ്. മൂവായിരം വർഷങ്ങൾക്ക് മുമ്പ് യിൻ, ഷൗ രാജവംശങ്ങൾ മുതൽ ചൈനയിലെ ആളുകൾ പൂന്തോട്ടത്തിനുളളിൽ അലങ്കാര സസ്യങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. ഇതിനെ 'പെൻജിംഗ്' എന്നറിയപ്പെടുന്നു. പിന്നീട് എഡി 700-ഓടെ ചൈനക്കാർ പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചെടി ചെട്ടിയിൽ കുള്ളൻ മരങ്ങൾ വളർത്താൻ 'പുൻ-സായ്' എന്ന കല ആരംഭിച്ചു.
ഒരു ബോൺസായ് മരത്തിന് ശരിയായ കാലാവസ്‌ഥയിൽ നൂറു വർഷത്തിലധികം ജീവിക്കാൻ കഴിയും. ചിലതിന് ആയിരം വർഷം വരെ നിലനിൽക്കാനാകും. ബോൺസായ് ഒരു പ്രത്യേക ഇനം വൃക്ഷമാണെന്ന് കരുതപ്പെടുന്നു. എന്നാൽ ഇത് സത്യമല്ല. വലിയ വൃക്ഷങ്ങൾ ചെറുതായി സൃഷ്‌ടിക്കാൻ ലക്ഷ്യമിടുകയാണ് ചെയ്യുന്നത്. തേക്ക് മരത്തിനെ ബോൺസായ് മരമായി സൃഷ്‌ടിക്കാൻ കഴിയും. നിലവിലുള്ള ഒരു തേക്ക് മരത്തെ ബോൺസായിയായി വളര്‍ത്തിയാല്‍ മതി.