കേരളം

kerala

ETV Bharat / opinion

യുക്രൈന്‍ സമാധാന ഉച്ചകോടി പ്രഖ്യാപനം; പിന്തുണയ്ക്കാതെ ഇന്ത്യ - UKRAINE PEACE SUMMIT - UKRAINE PEACE SUMMIT

യുക്രൈന്‍ സമാധാന ഉച്ചകോടിയില്‍ കേവലം സെക്രട്ടറിതല ഉദ്യോഗസ്ഥനെ അയച്ച് ഇന്ത്യ. ഈ നിലപാടിലെ രാഷ്‌ട്രീയവും നയതന്ത്രവും ചര്‍ച്ച ചെയ്യുകയാണ് രാജ്യാന്തര നയതന്ത്ര വിദഗ്‌ധനായ ഡോ. രാവല്ല ഭാനു കൃഷ്‌ണ കിരണ്‍

UKRAIN WAR  INDIA  PEACE SUMMIT  യുക്രൈന്‍ യുദ്ധം
Volodymyr Zelenskyy, Narendra Modi, Vladimir Putin (ETV Bharat)

By ETV Bharat Kerala Team

Published : Jun 26, 2024, 9:33 AM IST

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കീവിന്‍റെ പത്തിന നിര്‍ദ്ദേശങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യാന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ 92 രാഷ്‌ട്രത്തലവന്‍മാരും എട്ട് രാജ്യാന്തര സംഘടനകളുടെ തലവന്‍മാരും ഈ മാസം 15, 16 തീയതികളില്‍ സമ്മേളിച്ചു. ആണവ ഭീഷണി, ഭക്ഷ്യ സുരക്ഷ, യുക്രൈനിലെ മാനുഷിക ആവശ്യങ്ങള്‍ എന്നിവയും ചര്‍ച്ചയായി. എല്ലാവരും ധാരണയിലെത്താത്തതിനാല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യുക്രൈന്‍ സമാധാന ഉടമ്പടി മാത്രം യോഗത്തില്‍ ഉണ്ടായില്ല.

പങ്കെടുത്ത രാഷ്‌ട്രത്തലവന്‍മാര്‍ക്ക് റഷ്യ എപ്പോള്‍ യുദ്ധം അവസാനിപ്പിക്കുമെന്നതിനെക്കുറിച്ചോ ഇവര്‍ ഭാവിയില്‍ എങ്ങനെ ഇടപെടുമെന്നതിനെക്കുറിച്ചോ കൃത്യമായി ഒരു കരാറില്‍ എത്താനായില്ല. എണ്‍പത് രാജ്യങ്ങളും നാല് യൂറോപ്യന്‍ സംഘടനകളും കരാറില്‍ ഒപ്പ് വച്ചു. യൂറോപ്യന്‍ കമ്മീഷന്‍, യൂറോപ്യന്‍ കൗണ്‍സില്‍, യൂറോപ്യന്‍ പാര്‍ലമെന്‍റ്, കൗണ്‍സില്‍ ഓഫ് യൂറോപ്പ് എന്നിവരാണ് ഉടമ്പടിയില്‍ ഒപ്പ് വച്ച യൂറോപ്യന്‍ സംഘടനകള്‍. എന്നാല്‍ അര്‍മേനിയ, ബഹ്റൈന്‍, ഇന്ത്യ, ഇന്തോനേഷ്യ, കൊളംബിയ, ലിബിയ, മെക്‌സിക്കോ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, സുരിനാം, തായ്‌ലന്‍ഡ്, യുഎഇ എന്നീ രാജ്യങ്ങള്‍ കരാറില്‍ ഒപ്പ് വച്ചില്ല.

യുക്രൈനില്‍ കടുത്ത നാശത്തിനും മാനുഷിക വേദനകള്‍ക്കും കാരണമായ യുദ്ധത്തിന് ഉത്തരവാദികളായ റഷ്യയെ കരാറില്‍ കണക്കിന് കുറ്റപ്പെടുത്തുന്നു. യുഎന്‍ ചാര്‍ട്ടറിന്‍റെ രണ്ടാം അനുച്‌ഛേദം അനുസരിച്ച് യുക്രൈന്‍റെ അഖണ്ഡതയെ റഷ്യ മാനിക്കണമെന്നും കരാര്‍ ആഹ്വാനം ചെയ്യുന്നു. കരിങ്കടലിലെയും അസോവ് കടലിലെയും തുറമുഖങ്ങള്‍ ഉപയോഗിക്കാന്‍ യുക്രൈനെ അനുവദിക്കുക, റഷ്യ പിടിച്ചെടുത്ത സപോറിഴാഴിയ ആണവ പ്ലാന്‍റിന്‍റെ പൂര്‍ണ നിയന്ത്രണം യുക്രൈന് തിരികെ നല്‍കുക, യുദ്ധത്തടവുകാരെ മുഴുവന്‍ വിട്ടയക്കുക, നാടുകടത്തപ്പെട്ട കുഞ്ഞുങ്ങളെ തിരികെ എത്തിക്കുക, രാജ്യത്ത് ഭക്ഷ്യോത്പാദനവും വിതരണവും ഉറപ്പ് വരുത്തുക എന്നീ ആഹ്വാനങ്ങളും കരാറിലുണ്ട്. യുക്രൈനെതിരെ ഏതെങ്കിലും തരത്തിലുള്ള ആണവായുധങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. കപ്പലുകളെയും തുറമുഖങ്ങളെയും ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കരാറില്‍ പറയുന്നു.

അതേസമയം യുക്രൈന്‍റെ മണ്ണില്‍ നിന്ന് റഷ്യ തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കണമെന്ന് മാത്രം കരാര്‍ നിര്‍ദ്ദേശിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ തമാശ. പ്രഖ്യാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന വിഷയങ്ങളില്‍ ഒപ്പിട്ട രാജ്യങ്ങള്‍ കൂടിയാലോചന നടത്തി ഇതെങ്ങനെ നടപ്പാക്കാം എന്ന കാര്യം തീരുമാനിച്ച ശേഷം രണ്ടാം ഘട്ട സമാധാന ഉച്ചകോടിയിലേക്ക് കടക്കാം എന്നാണ് പ്രസിഡന്‍റ് വ്ലാഡിമര്‍ സെലന്‍സ്‌കിയുടെ നിലപാട്. രണ്ടാം ഉച്ചകോടിയില്‍ ഈ പദ്ധതികള്‍ റഷ്യയ്ക്ക് മുന്നില്‍ അവതരിപ്പിക്കാനാകും.

സമാധാനപരമായ പ്രമേയമാണ് ഉച്ചകോടിയിലെ പ്രഖ്യാപനം ലക്ഷ്യമിടുന്നതെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അതേസമയം നിര്‍ണായക രാഷ്‌ട്രങ്ങളായ റഷ്യയുടെയും ചൈനയുടെയും അസാന്നിധ്യമാണ് ഇതിന് ഏറ്റവും വലിയ തടസം. മേഖലയില്‍ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള വെല്ലുവിളിയും സങ്കീര്‍ണതയും ഇത് തന്നെയാണ്. ഇവരില്ലാത്തതിനാല്‍ മറ്റ് പല രാജ്യങ്ങളും ഉച്ചകോടിയില്‍ നിന്ന് വിട്ടുനിന്നു. ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും പിന്തുണ കിട്ടാത്തതും നിര്‍ണായകമായി.

ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ രാഷ്‌ട്രത്തലവന്‍മാരുണ്ടായിരുന്നില്ല. ബ്രസീല്‍ കേവലം നിരീക്ഷക രാജ്യം എന്ന നിലയിലാണ് ഉച്ചകോടിക്ക് എത്തിയത്. ദക്ഷിണാഫ്രിക്ക ആകട്ടെ കേവലം ഒരു പ്രതിനിധിയെ അയക്കുക മാത്രമാണ് ചെയ്‌തത്. സൗദി അറേബ്യ തങ്ങളുടെ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫഹ്രദ് അല്‍ സൗദിനെ ഉച്ചകോടിയിലേക്ക് അയച്ചു. ഇന്ത്യ വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറിതല മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പവന്‍ കപൂറിനെയാണ് ഇന്ത്യ അയച്ചത്.

സമാധാന ഉച്ചകോടിയില്‍ ഇന്ത്യ സുപ്രധാന പങ്ക് വഹിക്കുമെന്നായിരുന്നു യുക്രൈന്‍റെ പ്രതീക്ഷ. യുക്രൈന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ സെലന്‍സ്‌കി അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ അദ്ദേഹം സമാധാന ഉച്ചകോടിക്ക് നേരിട്ട് എത്തേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്ക് റഷ്യയുമായി തന്ത്രപരമായ ബന്ധമുണ്ട്. പ്രതിരോധ വിതരണത്തിനായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നുമുണ്ട്. യുദ്ധം തുടങ്ങിയത് മുതല്‍ ഇന്ത്യ റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയില്‍ എണ്ണ വാങ്ങുന്നുണ്ട്. എണ്ണ വില വര്‍ദ്ധന മൂലമുണ്ടാകുന്ന പണപ്പെരുപ്പം പിടിച്ച് നിര്‍ത്താനാണ് ഇത്.

റഷ്യന്‍ പ്രസിഡന്‍റ് പുട്ടിനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമമാണോ ഇത്തരമൊരു സമാധാന ഉടമ്പടി എന്ന് ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. റഷ്യയ്ക്കെതിരെയുള്ള നീക്കത്തില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ അണിനിരത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കങ്ങളാണോ ഇതെന്നും ഇന്ത്യ സംശയിക്കുന്നു. ഇതാണ് ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടെന്ന നിലപാട് സ്വീകരിക്കാന്‍ പ്രധാനമന്ത്രി മോദിയെ പ്രേരിപ്പിച്ചത്. വിദേശകാര്യമന്ത്രി ജയശങ്കറിനെയോ വിദേശകാര്യ സെക്രട്ടറി വിനയ് കത്രയെയോ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് അയച്ചില്ല. ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയെ അനുഗമിക്കുകയായിരുന്നു അവര്‍. ഉച്ചകോടിയിലേക്ക് സെക്രട്ടറി തല ഉദ്യോഗസ്ഥനായ പവന്‍കുമാര്‍ പോയാല്‍ മതിയാകുമെന്നും മോദി തീരുമാനിച്ചു.

റഷ്യയില്‍ ഇപ്പോഴുള്ള നയതന്ത്ര പ്രതിനിധി അവരുമായി സൈനിക ഉപകരണ വിതരണം, സംയുക്ത ആയുധ ഉത്പാദനം, എണ്ണ ഇറക്കുമതി എന്നിവ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. റഷ്യന്‍-യുക്രൈന്‍ സംഘര്‍ഷത്തിനിടെ പവന്‍കപൂറിനെ ഉച്ചകോടിയിലേക്ക് അയക്കുക വഴി നയതന്ത്ര രംഗത്ത് ഒരു നിര്‍ണായക സന്തുലിതത്വത്തിനായിരുന്നു ഇന്ത്യയുടെ ശ്രമം.

യുക്രൈനും റഷ്യയ്ക്കുമിടയില്‍ ഇന്ത്യ നയതതന്ത്ര സന്തുലനത്തിനാണ് ശ്രമിക്കുന്നത്. യുക്രൈനിലെ ശത്രുതപരമായ നടപടികള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ നിരന്തരം ആഹ്വാനം ചെയ്യുന്നുണ്ട്. ചര്‍ച്ചയുടെയും നയതന്ത്രത്തിന്‍റെയും പാതയിലേക്ക് തിരിച്ച് പോകാനും ഇന്ത്യ ആഹ്വാനം ചെയ്യുന്നു. എങ്കിലും റഷ്യയുടെ അധിനിവേശത്തെ ഇന്ത്യ പക്ഷേ തുറന്ന് അപലപിക്കുന്നില്ല. ഐക്യരാഷ്‌ട്ര രക്ഷാസമിതിയില്‍ ഇന്ത്യ റഷ്യയ്ക്കെതിരെയുള്ള നിരവധി പ്രമേയങ്ങളുടെ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്ന് കൊണ്ട് തികച്ചും ചാതുര്യമാര്‍ന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. എങ്കിലും യുക്രൈനെ മാനിച്ച് കൊണ്ടുള്ള സമാധാനപരമായ ഒരു പ്രശ്‌നപരിഹാരത്തിനാണ് ഇന്ത്യയുടെ ശ്രമം.

ബുച്ച കൂട്ടക്കൊലയില്‍ ഒരു രാജ്യാന്തര അന്വേഷണം വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യന്‍ നേതാക്കള്‍ ഉയര്‍ത്തുന്ന ആണവ ഭീഷണിയില്‍ ഇന്ത്യ ആശങ്കയും അറിയിച്ചിരുന്നു. യുക്രൈന്‍ ജനത അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഇന്ത്യ തിരിച്ചറിയുകയും സഹായങ്ങള്‍ എത്തിക്കുകയും ചെയ്‌തിരുന്നു. 117 മെട്രിക് ടണ്‍ മരുന്നുകള്‍, വൈദ്യ ഉപകരണങ്ങള്‍, കമ്പിളി പുതപ്പുകള്‍, ടെന്‍റുകള്‍, ടാര്‍പ്പായ, സൗരവിളക്ക്, ഉറങ്ങാനുള്ള പായ, ഡീസല്‍ ജനറേറ്ററുകള്‍, അവശ്യ സാധന കിറ്റുകള്‍ എന്നിവ ഇന്ത്യ എത്തിച്ച് നല്‍കി. കീവിലെ വിദ്യാലത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി ഇന്ത്യ സാമ്പത്തിക സഹായവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. അധ്യാപകരുടെ പരിശീലനത്തിനും പണം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ നേരിട്ട് പങ്കുകാരല്ലെങ്കിലും വികസ്വര രാജ്യങ്ങളെ ഇത് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തിരിക്കുകയാണ്. യുദ്ധം ആഗോള ഊര്‍ജ്ജ ചരക്ക് വിപണിയിലുണ്ടാക്കിയ എണ്ണ വില വര്‍ദ്ധന, ഗോതമ്പ്, ലോഹം എന്നിവയുടെ വിലവര്‍ദ്ധന ഏല്‍പ്പിച്ച ആഘാതങ്ങള്‍ മൂലം പൊറുതി മുട്ടിയിരിക്കുകയാണ് മൂന്നാം ലോകരാജ്യങ്ങള്‍. റഷ്യയുടെ വിശ്വസ്‌ത പങ്കാളി എന്നതിനുമപ്പുറമുള്ള ബന്ധത്തിന്‍റെ പേരില്‍ ഇന്ത്യയ്ക്ക് റഷ്യയോട് ഇക്കാര്യങ്ങളെല്ലാം തുറന്ന് ചര്‍ച്ച ചെയ്യാനാകും. ഇന്ത്യയുടെ ചേരിചേരാനയവും റഷ്യയും യുക്രൈനുമായി ആഴത്തിലുള്ള നയതന്ത്ര ബന്ധങ്ങളും പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ നമ്മുടെ രാജ്യത്തിന് നിര്‍ണായക ഇടം നല്‍കുന്നുണ്ട്. യുക്രൈന്‍ യുദ്ധം മൂലം വികസിത രാജ്യങ്ങളിലുണ്ടായ ഊര്‍ജ്ജ പ്രതിസന്ധി, ഭക്ഷ്യ ദൗര്‍ലഭ്യം, വിതരണ ശൃംഖലയിലെ പ്രതിസന്ധി തുടങ്ങിയ ആശങ്കകള്‍ പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് രാജ്യാന്തര രംഗത്തെ വിദഗ്‌ധരായ ഹര്‍ഷ് പന്ത് പോലുള്ളവരുടെ പ്രതീക്ഷ.

റഷ്യയ്ക്കും അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ സഖ്യത്തിന്‍റെ പിന്തുണയുള്ള യുക്രൈനും ഇടയില്‍ പെട്ട് ഇന്ത്യ സന്നിഗ്ദ്ധാവസ്ഥയിലായിരിക്കുകയാണ്. ഇരുപക്ഷവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായ പങ്കാളികളാണ്. അത് കൊണ്ട് തന്നെ ആരെയും വെറുപ്പിക്കാതരിക്കാനാണ് ഇന്ത്യ കേവലം സെക്രട്ടറിതല പ്രതിനിധിയെ മാത്രം ഉച്ചകോടിയിലേക്ക് അയച്ചത്. അത് കൊണ്ട് തന്നെയാണ് ഉടമ്പടിയില്‍ ഒപ്പു വയ്ക്കാതിരുന്നതും. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുട്ടിനെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കില്ലെന്ന കൃത്യമായ സന്ദേശമാണ് ഇന്ത്യ നല്‍കുന്നത്. നയതന്ത്രത്തിലൂടെയും ചര്‍ച്ചകളിലൂടെയും യുക്രൈനില്‍ എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

അഭിപ്രായങ്ങള്‍ തികച്ചും വ്യക്തിപരം.

Also Read:'അവര്‍ 5 ദിവസം നിശ്ചയിച്ചു, ഞങ്ങള്‍ 50 ദിവസം പിടിച്ചു നിന്നു': റഷ്യൻ അധിനിവേശത്തെ അതിജീവിച്ച യുക്രൈൻ

ABOUT THE AUTHOR

...view details