ഹൈദരാബാദ് :വാലന്‍റൈൻസ് വീക്കിലെ പ്രധാനപ്പെട്ട ദിവസമാണ് ഫെബ്രുവരി 13, കിസ് ഡേ (Kiss Day). ലളിതവും എന്നാൽ അഗാധവുമായ ഒരു ആംഗ്യത്തിലൂടെ പ്രണയത്തിൻ്റെ മനോഹരമായ ആവിഷ്‌കാരത്തിനായി മാത്രം സമർപ്പിച്ചിരിക്കുന്ന ദിവസം. ഏറെ ആവേശത്തോടെയും ആർദ്രതയോടെയും ആഘോഷിക്കപ്പെടുന്ന ദിവസം കൂടിയാണിത്.
പങ്കാളിയോടുള്ള സ്‌നേഹവും പരസ്‌പരമുള്ള ആത്മബന്ധവും ഒരു ചുംബനത്തിലൂടെ ഈ ദിവസം പങ്കുവയ്‌ക്കപ്പെടുന്നു. പലപ്പോഴും പ്രണയത്തിൻ്റെ ഭാഷയായി മാത്രം കണക്കാക്കപ്പെടുന്ന ചുംബനങ്ങൾക്ക് എന്നാൽ അതിനുമപ്പുറത്തേക്കുള്ള അർഥതലങ്ങൾ ഉണ്ട് എന്നതാണ് വാസ്‌തവം. സൗഹൃദം മുതൽ സംരക്ഷണം വരെ അതിനകത്ത് കുടിയിരിക്കുന്നുണ്ടാവാം.
പാശ്ചാത്യർക്ക് പരസ്യമായ ചുംബനങ്ങൾ ഊഷ്‌മളമായ സ്വാഗതമോതലാവുമ്പോൾ പല ദേശങ്ങളില്‍, പല സംസ്‌കാരങ്ങളില്‍ ചുംബനത്തിന്‍റെ അർഥ തലങ്ങൾ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കൂടുമാറുന്നു. ഭാഷയുടെയും സംസ്‌കാരത്തിൻ്റെയും വേലിക്കെട്ടുകളെ മറികടന്ന് പുതിയ തുടക്കത്തിലേക്ക് അവ നമ്മെ നയിക്കുന്നു. വാക്കുകൾ പരാജയപ്പെടുന്നയിടങ്ങളിൽ ഗാഢമായ ആലിംഗനവും ചുംബനവും സംസാരിച്ച് തുടങ്ങുന്നു.
ഒരു ചുംബനത്തിന് ആരാധനയും അഭിനിവേശവും ആശ്വാസവും, ക്ഷമയും പ്രകടിപ്പിക്കാൻ കഴിയും. അതുകൊണ്ടുതന്നെ ബന്ധങ്ങളെ പോഷിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ശക്തമായ ഉപകരണമായി ചുംബനങ്ങൾ മാറുന്നു. എന്നുമുതലാവാം മനുഷ്യർ ചുംബിച്ച് തുടങ്ങിയിട്ടുണ്ടാവുക?
ചുംബനത്തിൻ്റെ ഉത്ഭവം ഏതാണ്ട് ബിസിഇ (Before the Common Era) 1,500ലാണ് എന്നാണ് പറയപ്പെടുന്നത്. ടെക്‌സാസ് ആഗിയിലെ നരവംശശാസ്‌ത്ര വിഭാഗത്തിൻ്റെ ചെയർമാനും ചുംബനത്തിൻ്റെ ചരിത്ര പഠനത്തിൽ വിദഗ്‌ധനുമായ പ്രൊഫസർ വോൺ ബ്രയാൻ്റ് പറയുന്നതനുസരിച്ച്, പുരാതന കിഴക്കൻ ഇന്ത്യയിലെ ഒരു പുസ്‌തകത്തിൽ ചുംബനത്തെക്കുറിച്ചുള്ള ആദ്യത്തെ പരാമർശമുണ്ടായത് ഋഗ്വേദത്തിലാണ്.