കേരളം

kerala

ഇന്ത്യ -മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി; ഭൗമരാഷ്ട്രീയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍

By ETV Bharat Kerala Team

Published : Feb 22, 2024, 8:08 PM IST

Updated : Feb 24, 2024, 4:32 PM IST

പശ്ചിമേഷ്യന്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളും യൂറോപ്യന്‍ സാമ്പത്തിക ഇടനാഴിയും ഇന്ത്യയുടെ വികസന സ്വപ്‌നങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. ഡോ. രാവെല്ല ഭാനു കൃഷ്ണ കിരണ്‍ എഴുതുന്നു..

Europe Economic Corridor  India Middle East  Middle East  യൂറോപ്പ്യന്‍ സാമ്പത്തിക ഇടനാഴി  ഇന്ത്യയും യൂറോപ്പും
India Middle East Europe Economic Corridor

തന്ത്ര പ്രധാനമായ ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉടമ്പടിയില്‍ ഇന്ത്യയും യുഎ ഇയും ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഒപ്പു വച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെയും മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളേയും യൂറോപ്പുമായി കൂട്ടിയിണക്കുന്ന വാണിജ്യ ഇടനാഴി എന്ന ആവശ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ചെങ്കടലിലേയും ഗാസാ മേഖലയിലേയുമൊക്കെ സംഘര്‍ഷങ്ങള്‍ സമാധാന അന്തരീക്ഷത്തിന് ഉത്കണ്ഠ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എ ഇ ഭരണാധികാരി ഷെയ്ക്ക് മൊഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനും ഈ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഷിപ്പിങ്ങിലെ കാലതാമസവും ഇന്ധനച്ചെലവ്, പണച്ചെലവ്, എന്നിവ ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നതിനാലും ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറക്കാനാവും എന്നതിനാലും പദ്ധതി ഇരു രാജ്യങ്ങള്‍ക്കും പ്രധാനമാണ്. ഇതിലൂടെ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളാണ് മറ്റൊരു ആകര്‍ഷണം. അതിനെല്ലാമപ്പുറം മേഖലയില്‍ ചൈനയുടെ സ്വാധീനം ചെറുക്കാന്‍ സാധിക്കുമെന്ന വലിയ നേട്ടവും.

സത്യത്തില്‍2023 സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഇന്ത്യ, സൗദി അറേബ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഈ ഇടനാഴി യാഥാര്‍ത്ഥ്യമാക്കാനുള്ള ധാരണാ പത്രത്തില്‍ ഒപ്പു വെച്ചിരുന്നു. ലോക ജനസംഖ്യയുടെ 40 ശതമാനവും ആഗോള സമ്പത്തിന്‍റെ 50 ശതമാനവും ഉള്‍ക്കൊള്ളുന്ന ഈ രാജ്യങ്ങള്‍ ഇന്ത്യയെ യു എ ഇ, സൗദി അറേബ്യ, ഗ്രീസ്, ഇസ്രായേല്‍, ജോര്‍ദാന്‍ വഴി യൂറോപ്പുമായി കൂട്ടിയിണക്കുന്ന പാതയായിരുന്നു വിഭാവന ചെയ്തത്. ഇതില്‍ പല രാജ്യങ്ങളും ഉടമ്പടിയില്‍ ഒപ്പു വെച്ചിട്ടില്ലെങ്കിലും ഇതായിരുന്നു ലക്ഷ്യം.

ഇന്ത്യ -മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി

നിലവില്‍ ഇന്ത്യയും യൂറോപ്പുമായുള്ള വാണിജ്യം ഏറിയകൂറും സമുദ്ര മാര്‍ഗമാണ് നടക്കുന്നത്. അതും ഈജിപ്റ്റിന്‍റെ നിയന്ത്രണത്തിലുള്ള സൂയസ് കനാല്‍ വഴി.

ഇന്ത്യാ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി 4800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചരക്ക് നീക്കത്തിനുള്ള ബഹുവിധ യാത്രാ പാതയാണ്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങളെ കടല്‍ മാര്‍ഗം യു എ ഇയുമായി ബന്ധിപ്പിക്കുന്നതാണ് ആദ്യഘട്ടം. അറേബ്യന്‍ മുനമ്പ് കടന്ന് ഇസ്രായേലിലെ ഹയിഫാ തുറമുഖത്തേക്കുള്ള റെയില്‍ മാര്‍ഗമാണ് അടുത്ത ഘട്ടം. ഹയിഫാ തുറമുഖത്തെത്തിക്കുന്ന ചരക്കുകള്‍ വീണ്ടും സമുദ്ര മാര്‍ഗം ഗ്രീക്ക് തുറമുഖം പൈറേയൂസ് വഴി യൂറോപ്പിലേക്ക് എത്തിക്കും. ഇന്ത്യയിലെ മുന്ദ്ര, കണ്ട്ല, മുംബൈ തുറമുഖങ്ങള്‍ യു എ ഇയിലെ ഫുജൈറാ, ജാബല്‍ അലി, അബുദാബി തുറമുഖങ്ങളുമായും സൗദി അറേബ്യയിലെ ദമാം, റാസല്‍ ഖൈര്‍ തുറമുഖങ്ങളുമായും ഇസ്രായേലിലെ ഹയിഫാ, ഫ്രാന്‍സിലെ മാര്‍സെയില്‍, ഇറ്റലിയിലെ മെസ്സീനാ ഗ്രീസിലെ പൈറേയൂസ് തുറമുഖങ്ങളുമായും കൂട്ടിയിണക്കപ്പെടും.

ഏറെക്കാലമായി സ്വപ്നമായി തുടരുകയായിരുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായും യൂറോപ്പുമായുള്ള നിഷേധിക്കപ്പെട്ടിരുന്ന ഇന്ത്യയുടെ വാണിജ്യ ബന്ധമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. നേരത്തേ ഇറാനും പാക്കിസ്ഥാനും വഴിമുടക്കിയതു കാരണമാണ് ഇതുവഴിയുള്ള വാണിജ്യ നീക്കം സാധ്യമാവാതെ പോയത്. എന്നാലിപ്പോള്‍ ഈ രണ്ട് രാജ്യങ്ങളുടേയും അനുമതി കൂടാതെ തന്നെ പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കുമെത്താന്‍ ഇന്തോ മിഡില്‍ ഈസ്റ്റ് യൂറോപ്യന്‍ സാമ്പത്തിക ഇടനാഴി വഴിയൊരുക്കുകയാണ്.

ഇതോടെ ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള ചരക്ക് നീക്കത്തിന്‍റെ ചെലവ് 30 ശതമാനവും സമയം 40 ശതമാനവും കുറയും. ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയറിങ്ങ് കയറ്റുമതി ഏറിയ പങ്കും യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കും ആയതിനാല്‍ ഈ ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നതോടെ കയറ്റുമതി വലിയതോതില്‍ വര്‍ധിക്കും. ഇന്ത്യയുടെ ഐടി കയറ്റുമതിയിലും ഗണ്യമായ പുരോഗതിയുണ്ടാവുമെന്നാണ് പ്രതീക്ഷ.

ഇന്തോ മിഡില്‍ ഈസ്റ്റ് യൂറോപ്യന്‍ സാമ്പത്തിക ഇടനാഴി പദ്ധതി സാമ്പത്തിക ഭൗമരാഷ്ട്രീയ തടസ്സങ്ങളില്‍പ്പെട്ട് ചെറുതായി അറച്ചു നില്‍ക്കുകയായിരുന്നു. ചില മാധ്യമ റിപ്പോര്‍ട്ടുകളനുസരിച്ച് തുറമുഖങ്ങളുടെ വികസനത്തിനും റെയില്‍വേ കണക്റ്റിവിറ്റിക്കും എട്ടു മുതല്‍ 20 ബില്യണ്‍ ഡോളര്‍വരെ ചെലവുവരുമത്രേ. പദ്ധതിയുടെ ഭാഗമായ രാജ്യങ്ങള്‍ ഓരോരുത്തരും പദ്ധതിക്കാവശ്യമായ തുകയുടെ എത്ര പങ്ക് വഹിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. രാജ്യങ്ങള്‍ ഒപ്പുവെച്ച ആദ്യ ധാരണാ പത്രത്തിലും ചെലവുകളെക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു. പദ്ധതിയുടെ ഭാഗമായ അംഗരാജ്യങ്ങള്‍ എങ്ങിനെയാണ് ചെലവ് വീതം വെക്കാന്‍ പോകുന്നതെന്നത് വ്യക്തമല്ല. ആകെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മാത്രമാണ് തങ്ങള്‍ 20 ബില്യണ്‍ പദ്ധതിയില്‍ നിക്ഷേപിക്കുമെന്ന് വ്യക്തമാക്കിയത്. അതി സങ്കീര്‍ണ്ണമായ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കിടെയാണ്

ഇന്ത്യ -മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി

ഇന്തോ മിഡില്‍ ഈസ്റ്റ് യൂറോപ്യന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയുടെ ഭാഗമായി ഇന്ത്യയും യു എ ഇയുമായുള്ള ഉടമ്പടി ഒപ്പുവെച്ചത് . ഗാസയില്‍ തുടരുന്ന ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രായേലിനേയും അറബ് രാജ്യങ്ങളേയും ഒരുമിപ്പിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ തകിടം മറിഞ്ഞു നില്‍ക്കുകയായിരുന്നു. ഇസ്രായേലും അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള 2020ലെ അബ്രഹാം ഉടമ്പടിയുടെ തുടര്‍ നീക്കങ്ങളായിരുന്നു അമേരിക്ക ലക്ഷ്യമിട്ടത്. ഇസ്രായേലുമായുള്ള റെയില്‍ കണക്റ്റിവിറ്റി സാധ്യമാകണമെങ്കില്‍ അവരും സൗദിയുമായുള്ള ബന്ധം മെച്ചപ്പെടണം. യെമനിലെ ആഭ്യന്തര സംഘര്‍ഷത്തിന്‍റെ കാര്യത്തില്‍ യു എ ഇയും സൗദിയും തര്‍ക്കത്തിലുമാണ്. ഇറാന്‍റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് മുനമ്പ് വഴിയാണ് ഇന്തോ മിഡില്‍ ഈസ്റ്റ് യൂറോപ്യന്‍ സാമ്പത്തിക ഇടനാഴി കടന്നു പോകേണ്ടത്. അവരാകട്ടെ ഈ തന്ത്ര പ്രധാന പാതയെ തങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള വിലപേശലിനുള്ള തുറുപ്പ് ചീട്ടായി ഉപയോഗിക്കുകയുമാണ്. ഇത്തരം പ്രശ്നങ്ങള്‍ സാമ്പത്തിക ഇടനാഴിയുടെ പൂര്‍ത്തീകരണത്തിന് ഭീഷണിയാണ്. യു എഇയുടേയും അമേരിക്കയുടേയും പിന്തുണയോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങിനെ പദ്ധതിയുമായി ബന്ധമുള്ള അംഗ രാജ്യങ്ങളെ അനുനയിപ്പിച്ച് കൂടെ നിര്‍ത്തുമെന്നാണ് അറിയേണ്ടത്.

ഇന്തോ മിഡില്‍ ഈസ്റ്റ് യൂറോപ്യന്‍ സാമ്പത്തിക ഇടനാഴി പദ്ധതി ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിക്ക് പകരമായാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ നമ്മുടെ സാമ്പത്തിക ഇടനാഴിയുടെ നിര്‍ദ്ദിഷ്ട പാതയില്‍ ചൈന ഇതിനകം തന്നെ ശക്തമായ സ്വാധീനം സ്ഥാപിച്ചിട്ടുണ്ട്. ഇന്തോ മിഡില്‍ ഈസ്റ്റ് യൂറോപ്യന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയിലെ പ്രധാനികളായ യു എ ഇ ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയിലേയും പങ്കാളിയാണ്. ഷാങ്ങ്ഹായ് സഹകരണ സംഘടനയിലേയും അംഗമാണ് യു എ ഇ. 2023 ല്‍ ഇന്ത്യ കഴിഞ്ഞാല്‍ യു എ ഇയുടെ മുഖ്യ വ്യാപാര പങ്കാളികളിലൊരാളായിരുന്നു ചൈന. എു എയിലെ പ്രധാന തുറമുഖങ്ങളേയും വ്യവസായ കേന്ദ്രങ്ങളേയും കൂട്ടിയിണക്കുന്ന എത്തിഹാദ് റെയില്‍ പ്രോജക്റ്റിലടക്കം വലിയ തോതില്‍ ചൈന നിക്ഷേപം നടത്തിയിട്ടുണ്ട്.

ഇന്ത്യ -മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി

ഈ സാഹചര്യത്തില്‍ ഇന്തോ മിഡില്‍ ഈസ്റ്റ് യൂറോപ്യന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ ഒമാന്‍ തുര്‍ക്കി, ഇറാഖ് എന്നീ രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ചില വിദഗ്ധര്‍വാദിക്കുന്നു. പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ഈ രാജ്യങ്ങളുടെ നയതന്ത്ര പ്രാധാന്യം കണക്കിലെടുത്താണ് അവര്‍ ഈ ആവശ്യം ഉന്നയിക്കുന്നത്. ഇന്ത്യയും ഒമാനും നോര്‍ത്ത് സൗത്ത് ട്രാന്‍സിറ്റ് കോറിഡോറിന്‍റെ ഭാഗമാണ്. ഈ ഇടനാഴി ഇന്ത്യയെ ഇറാനും മധ്യേഷ്യയും വഴി റഷ്യയുമായി ബന്ധിപ്പിക്കും. ഇസ്രായേലിലെ ഹയിഫാ തുറമുഖത്തില്‍ നിന്ന് ഗ്രീസിലെ പൈറേയൂസ് തുറമുഖത്തിലേക്കുള്ള സമുദ്ര പാതയില്‍ തുര്‍ക്കി കൂടി അവകാശമുന്നയിച്ച സാഹചര്യം നില നില്‍ക്കുന്നുണ്ട്. ഗ്രീസിലെ പൈറേയൂസ് തുറമുഖമാകട്ടെ നടത്തുന്നത് ചൈനിസ് കമ്പനിയാണ്. തുര്‍ക്കിയെക്കൂടാതെ ഒരു ഇടനാഴിയും യാഥാര്‍ത്ഥ്യമാകില്ലെന്ന് പ്രസിഡണ്ട് എര്‍ദോഗന്‍ പറഞ്ഞത് കൂടി കാണാതെ പോകരുത്.

ഇന്ത്യന്‍ മഹാസമുദ്രത്തെ അറബിക്കടലുമായും അറബിക്കടലിനെ പശ്ചിമേഷ്യയിലെ മെഡിറ്ററേനിയന്‍ കടലുമായും കൂട്ടിയിണക്കുന്ന പാത ഒരര്‍ത്ഥത്തില്‍ ഇന്ത്യക്ക് തന്നെയാണ് ഏറെ ഗുണം ചെയ്യുക. ആഗോള തലത്തില്‍ സാമ്പത്തിക ശാക്തീകരണത്തിനും ഭൗമരാഷ്ട്രീയ ശക്തീകരണത്തിനും ഈ സാമ്പത്തിക ഇടനാഴി ഇന്ത്യക്ക് വഴിയൊരുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. ഇടനാഴി സാധ്യമായല്‍ ഇന്ത്യ ആകും യൂറോപ്പുമായുള്ള വ്യാപരത്തില്‍ അഗ്രഗണ്യരാവുക. ചൈനയുടെ അത്രപ്രസരം വ്യാപാരമേഖലയില്‍ ഉണ്ടാകുന്നത് ചെറുക്കുക ഇന്ത്യയുടെ ആവശ്യകത കൂടിയാണ്. അതുകൊണ്ട് തന്നെ ഏഷ്യയിലും യൂറോപ്പിലും അറബ് രാജ്യങ്ങളിലും ചൈനയുടെ സാമ്പത്തിക ആധിപത്യത്തിനും അധിനിവേശത്തിനും കളമൊരുക്കുന്ന പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതിന് മുമ്പ് താരതമ്യേന ചെലവുകുറഞ്ഞ കടല്‍ ഇടനാഴി യാഥാര്‍ഥ്യമാകേണ്ടതുണ്ട്. പദ്ധതിയുടെ ആസൂത്രണവും നടപ്പിലാക്കലുമൊക്കെ തുടങ്ങുന്ന ഈ ഘട്ടത്തില്‍ തന്നെ വ്യക്തമായ നയ ലക്ഷ്യങ്ങളോടെ ഇടപെടുന്നത് ഏതര്‍ത്ഥത്തിലും ഇന്ത്യക്ക് ഗുണം ചെയ്യുക തന്നെ ചെയ്യും.

Last Updated : Feb 24, 2024, 4:32 PM IST

ABOUT THE AUTHOR

...view details