കേരളം

kerala

ETV Bharat / opinion

അടുത്ത അമേരിക്കന്‍ ഭരണകൂടവും വിദേശനയവും - NEW US GOVT FOREIGN POLICY - NEW US GOVT FOREIGN POLICY

അടുത്ത അമേരിക്കന്‍ ഭരണകൂടത്തിന്‍റെ വിദേശ നയം രൂപപ്പെടുത്തുന്ന വിഷയങ്ങള്‍ എന്തൊക്കെയാകും. വിശദമായി വിശകലനം ചെയ്യുകയാണ് വിവേക് മിശ്ര.

national election campaigns  US presidential election  Donald Trump  Kamala Harris
Donald Trump Kamala Harris (AP)

By ETV Bharat Kerala Team

Published : Sep 20, 2024, 5:00 PM IST

ദേശീയ തെരഞ്ഞെടുപ്പുകളില്‍ വിദേശനയത്തിന് മിക്കപ്പോഴും പിന്‍ സീറ്റിലാണ് സ്ഥാനം. രാജ്യത്തെ നേരിട്ട് ബാധിക്കുന്ന സമ്പദ്ഘടന, ആരോഗ്യപരിരക്ഷ, കുടിയേറ്റം തുടങ്ങിയവയാണ് മിക്കപ്പോഴും ചര്‍ച്ചകളില്‍ നിറയുക. എന്നാല്‍ അമേരിക്കയുടെ കാര്യത്തില്‍ വിദേശനയത്തിന് നിര്‍ണായക സ്ഥാനമാണുള്ളത്. ദേശസുരക്ഷയും സാമ്പത്തിക സുരക്ഷിതത്വവും അടക്കം രാജ്യത്തെ വിദേശനയവുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. കമലാ ഹാരിസും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഏറ്റുമുട്ടുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലും കാര്യങ്ങള്‍ വ്യത്യസ്‌തമല്ല. വോട്ടര്‍മാരുടെ വികാരത്തെ സ്വാധീനിക്കുന്ന നിര്‍ണായക വിഷയമായി വിദേശ നയം മാറിക്കഴിഞ്ഞു.

അടുത്തിടെ നടന്ന സംവാദത്തില്‍ ചില സുപ്രധാന വിദേശ നയമേഖലകളെ ഇരുസ്ഥാനാര്‍ത്ഥികളും എടുത്തുകാട്ടി. അടുത്ത ഭരണകൂടത്തിന്‍റെ സമീപനം കൃത്യമായി രൂപപ്പെടുത്തുന്ന വിധത്തിലായിരുന്നു ചര്‍ച്ചകള്‍. റഷ്യ-യുക്രെയ്‌ന്‍ സംഘര്‍ഷം മുതല്‍ അമേരിക്ക-ചൈന ബന്ധം വരെ വിവിധ വിഷയങ്ങളില്‍ ഇരുസ്ഥാനാര്‍ത്ഥികളും തങ്ങളുടെ കാഴ്‌ചപ്പാടുകള്‍ വ്യക്തമാക്കി. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഇരുവരുടെയും ഇടപെടലുകള്‍ എങ്ങനെ ആയിരിക്കുമെന്ന് കൃത്യമായി വരച്ച് കാട്ടുകയായിരുന്നു ട്രംപും കമലാ ഹാരിസും .ആഗോള തലത്തില്‍ നിര്‍ണായക സ്വാധീന ശക്തിയായ, ലോക നേതാവ് എന്ന് സ്വയം കരുതുന്ന അമേരിക്കയുടെ അടുത്ത സര്‍ക്കാരിന്‍റെ വിദേശകാര്യ അജണ്ട ലോകത്തിനും നിര്‍ണ്ണായകമാണ്. ആഗോളവേദിയിലെ അമേരിക്കയുടെ സ്ഥാനവും നിലപാടും രാജ്യാന്തര സുസ്ഥിരതയിലും സാമ്പത്തിക പങ്കാളിത്തത്തിലും ദൂരവ്യാപക സ്വാധീനം ചെലുത്തും.

ആഗോള ആധിപത്യം ഉറപ്പാക്കുന്ന വിധത്തിലാണ് മുന്‍കാലങ്ങളില്‍ അമേരിക്കയുടെ വിദേശനയം രൂപപ്പെടുത്തിയിരുന്നത്. സൈനിക ഇടപെടലിലൂടെയും ഏകപക്ഷീയ നടപടികളിലൂടെയുമാണ് ഇവര്‍ ഇത് നടപ്പാക്കിയിരുന്നത്. എന്നാല്‍ മാറിയ പുത്തന്‍ ലോകക്രമത്തില്‍ അമേരിക്ക ബഹുവിധ സമീപനങ്ങള്‍ സ്വീകരിക്കാന്‍ വല്ലാതെ നിര്‍ബന്ധിതരായിരിക്കുന്നു. രാജ്യാന്തര പങ്കാളികളുമായി ചേര്‍ന്ന് ആഗോള വിഷയങ്ങള്‍ അവര്‍ നേരിടുന്നു. ലോകം മുമ്പുണ്ടാകാത്ത വിധത്തിലുള്ള വെല്ലുവിളികളിലൂടെയാണ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. യുക്രെയ്ന്‍ യുദ്ധം പശ്ചിമേഷ്യയെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. സൈബര്‍ യുദ്ധങ്ങളും ആഗോള സുരക്ഷയില്‍ നിര്‍മ്മിത ബുദ്ധിയുടെ അനിയന്ത്രിതമായ സ്വാധീനവും എടുത്ത് പറയേണ്ടതുണ്ട്.

ഈ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ ഭരണകൂടത്തിന്‍റെ വിദേശനയം ഈ സംഘര്‍ഷങ്ങളുടെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതിനും അവരുടെ ആഗോള നേതൃത്വം നിലനിര്‍ത്തുന്നതിനും നിര്‍ണായകമാകുന്നത്. അതേസമയം അമേരിക്കന്‍ വിദേശനയം സ്വയംകേന്ദ്രീകൃതമാണെന്നും എല്ലാത്തിനുമുപരി അമേരിക്കന്‍ താത്പര്യങ്ങള്‍ തന്നെയാണ് അവ സംരക്ഷിക്കുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ആഗോളവത്ക്കരണം നല്‍കുന്ന വലിയ സുരക്ഷിതത്വത്തിന്‍റെ പിന്‍പറ്റിയുള്ള നീക്കങ്ങളാകും അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടാവുക. ഒപ്പം ആധുനിക യുദ്ധങ്ങള്‍ സൃഷ്‌ടിക്കുന്ന സങ്കീര്‍ണതകളും പെരുകുന്ന ആഗോള സംഘര്‍ഷങ്ങളും ഒഴിവാക്കി ഈ വെല്ലുവിളികളില്‍ കരുതലോടെ നീങ്ങാനാകും അമേരിക്ക ശ്രമിക്കുക.

സുപ്രധാന വാദങ്ങള്‍

അഫ്‌ഗാനില്‍ നിന്നുള്ള അമേരിക്കന്‍ പിന്‍മാറ്റമാണ് കമല-ട്രംപ് സംവാദത്തിലെ മുഖ്യ വിദേശ നയ വിഷയമായി ഉയര്‍ത്തിക്കാട്ടിയത്. പൊതുജനത്തിനിടെ വ്യക്തമായ ചേരി തിരുവുണ്ടാക്കുന്ന വിവാദ വിഷയമായി തുടരുന്ന ഒന്നാണിത്. ഇരുനേതാക്കളും നടപടിയുടെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി. ആഗോള വേദിയില്‍ അമേരിക്കയുടെ വിശ്വാസ്യതയും ഭാവിയില്‍ സുരക്ഷാ വെല്ലുവിളികളെ കൈകാര്യം ചെയ്യുന്നതിലുള്ള തങ്ങളുടെ കഴിവുകളും മുന്‍നിര്‍ത്തിയായിരുന്നു ഇരുവരുടെയും വാദങ്ങള്‍. നിലവിലുള്ള സംഘര്‍ഷങ്ങളെ നേരിടാന്‍ കണക്കുകൂട്ടിയുള്ള തന്ത്രപരമായ നയങ്ങള്‍ വേണമെന്നായിരുന്നു കമലയുടെ നിലപാട്. അതേസമയം വിദേശ നയത്തില്‍ സാമ്പത്തിക ഘടകങ്ങളില്‍ പ്രത്യേകിച്ച് വാണിജ്യത്തില്‍ ഊന്നിയായിരുന്നു ട്രംപിന്‍റെ വാദമുഖങ്ങള്‍.

ട്രംപിന്‍റെ മുന്‍ഭരണത്തില്‍ സാമ്പത്തിക വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള വിദേശ നയങ്ങള്‍ക്കായിരുന്നു അദ്ദേഹം പരിഗണന നല്‍കിയിരുന്നത്. വാണിജ്യ ഉടമ്പടികളിലൂന്നിയുള്ള വിദേശനയമായിരുന്നു ചൈനയുമായും മറ്റും ഉണ്ടായിരുന്നത്. നികുതിയിലെ ട്രംപിന്‍റെ നിലപാടുകള്‍ അദ്ദേഹത്തെ തിരികെ പ്രസിഡന്‍റ് പദത്തിലേക്ക് എത്തിക്കുമെന്നൊരു വിലയിരുത്തലുണ്ട്. ചൈനീസ് വസ്‌തുക്കളുടെ ഇറക്കുമതിയില്‍ മുപ്പത് ശതമാനം നികുതിയാണ് ട്രംപ് നിര്‍ദ്ദേശിക്കുന്നത്. ഇത് വാണിജ്യ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. ചൈനയില്‍ നിന്ന് പ്രതികാര നടപടികളും ഉണ്ടായേക്കാം. ഇത് അമേരിക്കന്‍ സമ്പദ്ഘടനയില്‍ നിര്‍ണായക പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിച്ചേക്കാം. അമേരിക്കയുമായി മിച്ച വാണിജ്യം നടത്തുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളെയും ഇത് ബാധിക്കാം. എന്ത് നികുതിയും ഇന്ത്യയ്ക്ക് വരുമാന നഷ്‌ടം ഉണ്ടാക്കും. ഇതിന് പുറമെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെയും ഇത് ഉലച്ചേക്കാം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം സന്തുലിതമായ ഒരു വാണിജ്യ സമീപനമാണ് കമല ഹാരിസ് പ്രകടിപ്പിച്ചത്. സഖ്യങ്ങളുണ്ടാക്കുന്നതിനും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമാണ് കമല ഊന്നല്‍ നല്‍കിയത്. എന്നാല്‍ വിശദമായ ഒരു സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചുള്ള രൂപരേഖ അവര്‍ തയാറാക്കിയിട്ടില്ല. ബഹുവിധ സമീപനമാകും കമലയുടെ ഭരണകൂടം കൈക്കൊള്ളുക. ട്രംപിനെ പോലെ സംരക്ഷണ നയങ്ങള്‍ കമല സ്വീകരിച്ചേക്കില്ല. ഇത് രാജ്യാന്തര പങ്കാളികളുമായി കൂടുതല്‍ സഹകരണം സൃഷ്‌ടിക്കും. പ്രത്യേകിച്ച് സാമ്പത്തിക വളര്‍ച്ചയ്ക്കും പ്രാദേശിക സുസ്ഥിരതയ്ക്കും മുന്‍ തൂക്കം നല്‍കുന്ന ഏഷ്യന്‍ രാജ്യങ്ങളുമായി. ഇക്കാര്യത്തില്‍ ചൈനയോടുള്ള സമീപനം എങ്ങനെ ആയിരിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടതുണ്ട്.

പശ്ചിമേഷ്യ

പശ്ചിമേഷ്യയാണ് വിദേശ നയത്തിലെ നിര്‍ണായക മേഖല. ഇരു സ്ഥാനാര്‍ത്ഥികളും ഇതില്‍ വ്യത്യസ്‌ത സമീപനങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. ഇസ്രയേലിനെ ട്രംപ് ശക്തമായി പിന്തുണയ്ക്കുന്നു. തുടര്‍ച്ചയായ സൈനിക, സാമ്പത്തിക പിന്തുണയും ട്രംപ് വാഗ്ദാനം ചെയ്യുന്നു. ജറുസലേമിലേക്ക് അമേരിക്കന്‍ സ്ഥാനപതികാര്യാലയം മാറ്റി സ്ഥാപിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം ഗോലന്‍ ഹൈറ്റ്സിന് അപ്പുറം ഇസ്രയേലിന്‍റെ പരമാധികാരത്തിനുള്ള അംഗീകാരമായിരുന്നു. ഒപ്പം മേഖലയോടുള്ള മാറിയ അമേരിക്കന്‍ നയത്തിന്‍റെ പ്രഖ്യാപനവും. ഇസ്രയേലിനുള്ള ട്രംപിന്‍റെ പിന്തുണ തുടരും. ഇത് പശ്ചിമേഷ്യയിലെ അധികാര സന്തുലനത്തില്‍ നിര്‍ണായകമാകും.

എന്നാല്‍ ഇതിന് കടകവിരുദ്ധമായി കൂടുതല്‍ സന്തുലിതമായ നിലപാടാണ് കമലയ്ക്കുള്ളത്. ഇസ്രയേല്‍-പലസ്‌തീന്‍ സംഘര്‍ഷത്തില്‍ ഇരട്ട രാജ്യ പരിഹാരത്തെ പിന്തുണയ്ക്കുന്ന നിലപാട് തന്നെയാണ് കമലയുടേത്. ഇത് രണ്ട് രാജ്യങ്ങളിലെയും സംഘര്‍ഷം കുറയ്ക്കാനുതകുന്ന നയമാണ്. ഇരുരാജ്യങ്ങളെയും ഒരു മേശയ്ക്കിരുപുറവും ഇരുത്തി ചര്‍ച്ചകള്‍ നടത്താനും ഇതിലൂടെ സാധിക്കും. സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കമലയുടെ നിലപാട്. എന്നാല്‍ നിലവിലെ സംഘര്‍ഷപൂരിതമായ സാഹചര്യത്തില്‍ ഇത് അത്ര എളുപ്പമല്ല.

യുക്രെയ്‌ന്‍ യുദ്ധം

റഷ്യ-യുക്രെയ്ന്‍ യുദ്ധം രാജ്യാന്തര തലക്കെട്ടുകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. വിഷയത്തില്‍ അമേരിക്കയുടെ ഇടപെടലിന് ഇരുകക്ഷികളും മുന്‍തൂക്കം നല്‍കുന്നു. യുക്രെയ്ന് നിരന്തരം സൈനിക സഹായം നല്‍കുന്നതില്‍ ട്രംപ് അതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളും കൂടി ഈ ഭാരം തുല്യമായി പങ്കിടണമെന്നാണ് ട്രംപിന്‍റെ ആവശ്യം. യുക്രെയിന് മേല്‍ റഷ്യ ആക്രമണം ശക്തമാക്കുമ്പോഴും ട്രംപ് റഷ്യയ്ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. എന്നാല്‍ ഇതിന് വീപരീതമായി യുക്രെയ്ന് സാമ്പത്തിക-സൈനിക സഹായങ്ങള്‍ തുടരണമെന്ന പക്ഷക്കാരിയാണ് കമല. അതേസമയം നാറ്റോ പങ്കാളികളുമായുള്ള സഖ്യം ശക്തമാക്കുന്നതിനും കമല ഊന്നല്‍ നല്‍കുന്നു.

എങ്കിലും സങ്കീര്‍ണമായ നിരവധി ഘടകങ്ങളാകും അടുത്ത അമേരിക്കന്‍ ഭരണകൂടത്തിന്‍റെ വിദേശനയത്തെ രൂപപ്പെടുത്തുക. ആഗോള സുരക്ഷ ഭൂമിക, സാമ്പത്തിക പരിഗണനകള്‍, ആഗോള വേദിയില്‍ അമേരിക്കയുടെ നേതൃത്വം കാത്തുസൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത എന്നിവയിലൂന്നിയാകും അടുത്ത അമേരിക്കന്‍സര്‍ക്കാര്‍ തങ്ങളുടെ വിദേശനയം പരുവപ്പെടുത്തുക.

ട്രംപിന്‍റെ വാണിജ്യ, സാമ്പത്തിക ദേശീയതയിലെ ഊന്നലോ കമലയുടെ നയതന്ത്ര ബഹുരാഷ്‌ട്ര വിദേശ നയമോ ഏതെടുത്താലും അമേരിക്കയുടെ അടുത്ത പ്രസിഡന്‍റ് കൈക്കൊള്ളുന്ന വിദേശ നയം അവര്‍ക്ക് മാത്രമല്ല ലോകത്തിനാകെ തന്നെ നിര്‍ണ്ണായകമായിരിക്കും.

പ്രചാരണം പൊടിപൊടിക്കുന്നതിനിടെ വോട്ടര്‍മാര്‍ തങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കൊപ്പം വിദേശനയത്തെയും ഉറ്റുനോക്കുന്നു. തങ്ങളുടെ ആഭ്യന്തര സുസ്ഥിരതയ്ക്കും അഭിവൃദ്ധിക്കും ഒപ്പം തന്നെ ആഗോള തലത്തിലെ അമേരിക്കയുടെ പങ്കും മാറ്റി നിര്‍ത്തനാകുന്നതല്ലെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. ആഭ്യന്തര വെല്ലുവിളികളും പ്രവചിക്കാനാകാത്ത ആഗോള പരിസ്ഥിതിയും തമ്മിലുള്ള സന്തുലിതമായ ഒരു നയസമീപനമാണ് അടുത്ത അമേരിക്കന്‍ ഭരണകൂടത്തെ കാത്തിരിക്കുന്ന വെല്ലുവിളിയും.

Also Read:യുഎസ് തെരഞ്ഞെടുപ്പിൽ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യുമെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും

ABOUT THE AUTHOR

...view details