യുഎസ് തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കാനിരിക്കെ രണ്ടാം ടേമിന് ശ്രമിക്കുന്ന നിലവിലെ പ്രസിഡന്‍റ് ജോ ബൈഡനും എതിരാളിയായ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ടെലിവിഷൻ സംവാദം 50 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. 90 മിനിറ്റോളം നീണ്ടുനില്‍ക്കുന്നതായിരുന്നു ഇരുവരും തമ്മിലുള്ള സംവാദം.
യുഎസ് തെരഞ്ഞെടുപ്പ് രീതികള്‍ മാധ്യമ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം സൂക്ഷ്‌മ വിശകലനങ്ങൾ നടത്തി ആഗോളതലത്തിൽ ചർച്ച നടത്തുകയാണ്. ഭാവി പ്രസിഡന്‍റിന്‍റെ നയങ്ങളെയും ലോകവീക്ഷണത്തെയും കുറിച്ചുള്ള ഉൾക്കാഴ്‌ച ഈ വിശകലനം നൽകുമെന്നാണ് വിലയിരുത്തല്‍.
ഈ സംവാദത്തിലെ പ്രധാന വിഷയം നിലവിലെ പ്രസിഡന്‍റ് ബൈഡന്‍റെ പ്രകടനം, അദ്ദേഹത്തിൻ്റെ പ്രായം, ശാരീരികക്ഷമത, അദ്ദേഹത്തിന്‍റെ വൈജ്ഞാനിക ആരോഗ്യം എന്നിവയെക്കുറിച്ചായിരുന്നു. 81 വയസ്സുള്ള പ്രസിഡന്‍റ് കഴിഞ്ഞ നാല് വർഷമായി പ്രധാന പ്രസംഗങ്ങൾ നടത്തുമ്പോഴും പത്രസമ്മേളനങ്ങൾക്കിടയിലും പെട്ടെന്ന് ചിന്താശേഷി നഷ്‌ടപ്പെടുന്നതായി കാണപ്പെട്ടിരുന്നു.
അപ്പോൾ അടുത്ത നാല് വർഷം അദ്ദേഹം എങ്ങനെയായിരിക്കും? അദ്ദേഹത്തിന് യുഎസിനെ നയിക്കാനും ധ്രുവീകരിക്കപ്പെട്ട സമൂഹത്തെയും നിരവധി അന്താരാഷ്‌ട്ര എതിരാളികളെയും നിയന്ത്രിക്കാനും കഴിയുമോ? അതിനാൽ, ഈ അളവുകോലില്‍ പ്രസിഡന്‍റ് ബൈഡൻ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.
വേദിയിലേയ്‌ക്കുള്ള സാവധാന നടത്തത്തിൽ തുടങ്ങി, സംസാരത്തിലെ മന്ദഗതിയിയും, വ്യക്തതക്കുറവും ജോലി, നികുതികൾ, സമ്പദ്‌വ്യവസ്ഥ എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ വന്നുപിണയുന്ന അക്കങ്ങളിലെ പിഴവും അദ്ദേഹത്തിന്‍റെ വാര്‍ധക്യത്തിലെ പരാധീനതയെ എടുത്ത് കാട്ടുന്നതായിരുന്നു.
മറുവശത്ത്, സ്വന്തം സർക്കാരിന്‍റെ നയങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചപ്പോൾ ട്രംപ് വ്യക്തമായ പോയിന്‍റുകള്‍ നിരത്തി. കോവിഡ് -19 പാൻഡെമിക് ഉണ്ടായിരുന്നിട്ടും പണപ്പെരുപ്പം കൈകാര്യം ചെയ്‌തതെങ്ങനെയെന്ന് ട്രംപ് വിശദീകരിച്ചു. താന്‍ പ്രസിഡന്‍റായിരിക്കുമ്പോൾ നികുതികൾ ഗണ്യമായി വെട്ടിക്കുറച്ചതും ജോലികൾ വർദ്ധിച്ചതായും ട്രംപ് ചൂണ്ടിക്കാട്ടി.
ഇസ്രയേലിന്‍റെ നയങ്ങളോട് ഇരു സ്ഥാനാർഥികൾക്കും സമാനമായ പിന്തുണയാണുള്ളത്. എന്നിരുന്നാലും ബൈഡന് തന്‍റെ നിലപാട് വിശദീകരിക്കാൻ കഴിഞ്ഞില്ല. വിദേശ നയത്തെക്കുറിച്ചും വേണ്ടത്ര ചർച്ചകൾ നടന്നില്ല. ട്രംപിനെതിരെയുള്ള കേസുകള്‍, ശിക്ഷാവിധികള്‍ തുടങ്ങിയവയെക്കുറിച്ച് ബൈഡൻ ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് ട്രംപ് ഒഴിഞ്ഞുമാറുകയായിരുന്നു. 2021-ല്‍ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ട്രംപ് അനുകൂലികൾ യുഎസ് കോൺഗ്രസിനെ ആക്രമിച്ചുവെന്ന ആരോപണം ഇപ്പോഴും ലിബറൽ സർക്കിളുകളിൽ നിലനിൽക്കുന്നുണ്ട്.
തെക്കേ അമേരിക്കയിൽ നിന്ന് യുഎസിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ വർദ്ധനവ് താൻ കൂടുതൽ കർശനമായി കൈകാര്യം ചെയ്യുമെന്ന് ട്രംപ് ബോധ്യപ്പെടുത്തി. യുഎസില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളിലെ ആശങ്കയും പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ ബൈഡൻ ഭരണകൂടത്തന് പറ്റിയ വീഴ്‌ചകളും ട്രംപ് എടുത്തുകാട്ടി.
ബൈഡന്‍റെ മോശം പ്രകടനം ഡെമോക്രാറ്റിക് പാർട്ടിയുടെ മാനേജർമാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ബൈഡന്‍റെ പ്രചാരണത്തിൽ ഇതിനോടകം തന്നെ അദ്ദേഹത്തിന്‍റെ പ്രായം, വൈജ്ഞാനിക ആരോഗ്യം, ശരാശരി വോട്ടറെ ആശങ്കപ്പെടുത്തുന്ന ജീവിതച്ചെലവ് പ്രതിസന്ധി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉയര്‍ന്നുവരുന്നുണ്ട്.