കേരളം

kerala

ETV Bharat / opinion

മണ്ഡല പുനര്‍നിര്‍ണയം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഭാവിയെന്ത്? - Analysing Delimitation Effects - ANALYSING DELIMITATION EFFECTS

ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്‍റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസ് റിസര്‍ച്ച് ഫെല്ലോ ദേവേന്ദ്ര ഫൂലെ എഴുതുന്നു.

FUTURE OF SOUTHERN STATES IN INDIAN ഇന്ത്യയിലെ മണ്ഡല പുനര്‍നിര്‍ണയം INDIAN POLITICS ഇന്ത്യന്‍ രാഷ്‌ട്രീയം
Representational image (ANI)

By ETV Bharat Kerala Team

Published : Aug 6, 2024, 3:29 PM IST

ക്കുറി ബജറ്റില്‍ ആന്ധ്രാപ്രദേശിന് ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടായി. ആന്ധ്രാപ്രദേശിന്‍റെ നിര്‍ദ്ദിഷ്‌ട തലസ്ഥാനമായ അമരാവതിയുടെ വികസനത്തിനായി 15,000 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തിന്‍റെ സുപ്രധാന ജലസേചന, കുടിവെള്ള പദ്ധതിയായ പോളവാരം പദ്ധതിയ്ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. വിശാഖപട്ടണം-ചെന്നൈ വ്യവസായിക ഇടനാഴിക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ പിന്നാക്ക മേഖലകളുടെ വികസനത്തിന് പ്രത്യേക ഫണ്ടും നീക്കി വച്ചിട്ടുണ്ട്.

ഇതിന് പുറമെ ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമം 2014 പ്രകാരം അവശ്യ അടിസ്ഥാന സൗകര്യ വികസനത്തിനും മൂലധനനിക്ഷേപത്തിനുമായി അധിക ഫണ്ടും ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലെ മുഖ്യ കക്ഷിയായ തെലുഗു ദേശം പാര്‍ട്ടി ഭരിക്കുന്ന ആന്ധ്രാപ്രദേശിന് ലഭിച്ച ഈ പ്രത്യേക കരുതല്‍ ആരെയും അത്ഭുതപ്പെടുത്തിയില്ല. എന്‍ഡിഎയുടെ സുസ്ഥിരതയ്ക്ക് ടിഡിപിയുടെ പിന്തുണ അത്യാന്താപേക്ഷിതമാണ്. കേന്ദ്രസര്‍ക്കാരിന്‍റെ ഭൂരിപക്ഷം ഉറപ്പാക്കേണ്ടതിനാല്‍ അവരെ പ്രീണിപ്പിക്കേണ്ടതുമുണ്ട്.

എന്‍ഡിഎയുടെ മറ്റൊരു പ്രധാന സഖ്യകക്ഷിയായ ജെഡിയു ഭരിക്കുന്ന ബിഹാറിനും ധാരാളം ആനുകൂല്യങ്ങള്‍ ഇക്കുറി കേന്ദ്രസര്‍ക്കാര്‍ വാരിക്കോരി കൊടുത്തിട്ടുണ്ട്. ഇക്കൊല്ലം തന്നെ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പുമുണ്ട്. ഈ ബജറ്റ് ആനുകൂല്യങ്ങളെല്ലാം ആന്ധ്രാപ്രദേശ് പുനഃസംഘടന ചട്ടം 2014 പ്രകാരമാണ്. ആന്ധ്രാപ്രദേശിന്‍റെ മുഖ്യ വരുമാനമായിരുന്ന തലസ്ഥാന നഗരം ഹൈദരാബാദ് നഷ്‌ടമായതോടെയുണ്ടായ സാമ്പത്തിക തകര്‍ച്ച നേരിടാന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. സംസ്ഥാനത്തിന്‍റെ 58ശതമാനം വരുമാനവും നേരത്തെ ഹൈദരാബാദ് നഗരത്തില്‍ നിന്നായിരുന്നു.

എങ്കിലും ഇക്കുറി സംസ്ഥാനത്തിന് ലഭിച്ച ബജറ്റ് വിഹിതം മുമ്പുണ്ടാകാത്ത തരത്തിലുള്ളതാണ്. അക്ഷരാര്‍ത്ഥത്തില്‍ ലോക്‌സഭയിലെ കരുത്താണ് ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള ബജറ്റ് വിഹിതം നിശ്ചയിക്കുന്നത് എന്ന യാഥാര്‍ത്ഥ്യമാണ് ഈ ബജറ്റ് നമുക്ക് പറഞ്ഞ് തരുന്നത്. അത് കൊണ്ട് തന്നെ ഈ ബജറ്റ് ഓരോ രാഷ്‌ട്രീയ കക്ഷിക്കുമുള്ള മുന്നറിയിപ്പുമാണ്. പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ പ്രാദേശിക കക്ഷികള്‍ക്ക്. 2026ലെ മണ്ഡല പുനര്‍നിര്‍ണയവും ഈ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ്.

തെക്കേ ഇന്ത്യയില്‍ മണ്ഡല പുനര്‍നിര്‍ണയത്തിന്‍റെ സ്വാധീനം

വരാനിരിക്കുന്ന 2026ലെ മണ്ഡല പുനര്‍നിര്‍ണയം യഥാര്‍ത്ഥത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാകും ഉയര്‍ത്തുക. ചരിത്രപരമായി ജന സംഖ്യാ നിയന്ത്രണമാര്‍ഗങ്ങള്‍ ഏറെ ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനങ്ങളാണ് ദക്ഷിണേന്ത്യയിലേത്. ഇത് തന്നെയാണ് ഇപ്പോള്‍ ഇവര്‍ക്ക് രാഷ്‌ട്രീയ പ്രാതിനിധ്യത്തില്‍ തിരിച്ചടിയായിരിക്കുന്നത് എന്നതാണ് ഏറെ വൈരുദ്ധ്യം.

നിലവിലുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്‍റ് സീറ്റുകള്‍ നിശ്‌ചയിക്കുക. ഇത് തമിഴ്‌നാട്, കേരള, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കും. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യ വളരെ കുറവാണ്.

നിലവില്‍ ലോക്സഭയിലെ അംഗബലവും ഇനി ഉണ്ടാകാന്‍ പോകുന്ന ഇടിവും

നിലവില്‍ 543 അംഗ ലോക്‌സഭയില്‍ ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കുമായി ആകെ 42 സീറ്റുകളാണ് ഉള്ളത്. അതായത് ആകെ അംഗബലത്തിന്‍റെ 7.73ശതമാനം. ഇത് 34 ആയി ചുരുങ്ങുമെന്നാണ് വിലയിരുത്തല്‍. അതായത് 6.26ശതമാനത്തിലേക്ക് ഇടിയും. അതേസമയം ലോക്സഭയുടെ മൊത്തം അംഗബലം 848 ആയി വര്‍ദ്ധിക്കുകയും ചെയ്യും. കര്‍ണാടകയുടെ നിലവിലെ 28 സീറ്റുകള്‍ (5.15ശതമാനം) 26(4.79ശതമാനം) ആയി കുറയും. കേരളത്തിന്‍റെ അംഗബലം നിലവിലുള്ള 20(3.68ശതമാനം)ല്‍ നിന്ന് 12(2.21 ശതമാനം) ആയി ചുരുങ്ങും. തമിഴ്‌നാടിന്‍റെ പ്രാതിനിധ്യം 39(7.18ശതമാനം)ല്‍ നിന്ന് 31 സീറ്റായി(5.71ശതമാനം) ആയി കുറയും.

അതേസമയം ഇതിന് കടകവിരുദ്ധമായി ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ സീറ്റുകളില്‍ വര്‍ദ്ധനയുണ്ടാകും. കാരണം ഇവിടെ വന്‍തോതില്‍ ജനസംഖ്യ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ നിലവിലെ 80(14.73ശതമാനം) സീറ്റുകള്‍ 91(16.76ശതമാനം) ആയി വര്‍ദ്ധിക്കും. ബിഹാറിലെ 40(7.36ശതമാനം) സീറ്റുകള്‍ 50 (9.21ശതമാനം)ആയി വര്‍ദ്ധിക്കും. മണ്ഡലപുനര്‍നിര്‍ണയത്തിലെ അനുപാത പ്രശ്‌നങ്ങളെയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് രാഷ്‌ട്രീയമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പാര്‍ശ്വവത്ക്കരണത്തിനും കാരണമാകും. ഈ സംസ്ഥാനങ്ങളാകട്ടെ ഭരണത്തിലും വികസനത്തിനും കാര്യശേഷിയില്‍ ഏറെ മികവ് പ്രകടിപ്പിക്കുന്നവയുമാണ്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്‌ട്രീയ പ്രാതിനിധ്യത്തിലുണ്ടാകുന്ന കുറവ് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ലോക്സഭയില്‍ തങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് ശബ്‌ദമുയര്‍ത്താനും ആവശ്യമുള്ളത് ചോദിച്ച് വാങ്ങാനുമുള്ള ശേഷിയില്‍ ഈ അംഗബലക്കുറവ് പ്രതിഫലിക്കും. കേന്ദ്രസര്‍ക്കാരില്‍ നിന്ന് അര്‍ഹമായ വിഹിതം കിട്ടുന്നതിലും ഇത് തടസമുണ്ടാക്കും. തെക്ക്-വടക്ക് അന്തരം വര്‍ദ്ധിക്കാനും ഇത് ഹേതുവാകും.

പ്രാദേശിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കും. ദക്ഷിണേന്ത്യക്കാരില്‍ ഒരു രാഷ്‌ട്രീയ അരക്ഷിതത്വം ഉണ്ടാക്കാനും ഇതിടയാക്കും. ഈ രാഷ്രട്രീയ അധികാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വടക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സഹായകമാകുമ്പോള്‍ ഭരണമികവ് പുലര്‍ത്തുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വെറും കാഴ്ചക്കാരാകും. ഈ അസന്തുലിതത്വം വികസന പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കും. ഇത് രാജ്യമെമ്പാടും വികസന അസന്തുലിതത്വത്തിനും കാരണമാകും.

തന്ത്രപരമായ പരിഹാരങ്ങള്‍

ഈ പ്രതിസന്ധികള്‍ നേരിടാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ബഹുമുഖ സമീപനങ്ങള്‍ കൈക്കൊള്ളണം. ആദ്യമായി തെക്കേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കണം. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചകളിലും വിലപേശലുകളിലും ഒത്തൊരുമയുള്ള നിലപാടുകള്‍ സ്വീകരിക്കണം. ഇത്തരമൊരു ലോബിയിങിലൂടെ ജനസംഖ്യയ്ക്ക് അപ്പുറം സാമ്പത്തിക സംഭാവനകളും വികസനേട്ടങ്ങളും ഭരണ മികവും ചൂണ്ടിക്കാട്ടി വേണ്ടത് നേടിയെടുക്കാനാകും.

മറ്റിടങ്ങളിലെ സഖ്യകക്ഷികളുമായി ചേര്‍ന്ന് മണ്ഡല പുനര്‍നിര്‍ണയത്തിന് കുറച്ച് കൂടി സന്തുലിതമായ ധാരണയിലെത്താം. പതിനാറാം ധനകാര്യ കമ്മീഷന്‍റെ ഫോര്‍മുലകളിലൂടെ ഉണ്ടായിട്ടുള്ള പ്രതിസന്ധികള്‍ പരിഹരിക്കാനും ഇതിലൂടെ സാധിക്കും. മാധ്യമപ്രചാരണങ്ങളിലൂടെ മണ്ഡലപുനര്‍നിര്‍ണയത്തിലെ പ്രശ്നങ്ങളെക്കുറിച്ച് താഴെത്തട്ടില്‍ നിന്ന് തന്നെ പിന്തുണയാര്‍ജ്ജിക്കാനാകും.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പാര്‍ശ്വവത്ക്കരിക്കുന്ന നയങ്ങള്‍ക്കെതിരെ രാഷ്‌ട്രീയ നേതാക്കള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുക. പൗരസാമൂഹ്യ സംഘടനകളെയും ബുദ്ധിജീവികളെയും ദേശീയതലത്തില്‍ തെക്കന്‍ കാഴ്‌ചപ്പാടുകള്‍ സ്വീകരിക്കാനും പൊതുജനാഭിപ്രായം രൂപപ്പെടുത്താന്‍ സ്വാധീനിക്കാനും വേണ്ടി ഉപയോഗിക്കുക. മണ്ഡലപുനര്‍നിര്‍ണയത്തിലൂടെയുണ്ടാകുന്ന അനീതികളെ നിയമപരമായി നേരിടുക എന്നിവ സ്വീകരിക്കാവുന്നതാണ്.

ALSO READ: സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലിന് ബജറ്റ് നല്‍കുന്ന വാഗ്‌ദാനങ്ങള്‍ - Budget Focus on MSMEs

2026ലെ മണ്ഡലപുനര്‍നിര്‍ണയം തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വേറെയും വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. തന്ത്രപരം, നിയമപരം, സാമ്പത്തിക ഘടകങ്ങളെ ഇത് ബാധിക്കുന്നു. നിര്‍ദ്ദിഷ്‌ട ഭരണഘടന ഭേദഗതികളിലൂടെ, കാര്യക്ഷമമായ ഭരണത്തിന്‍റെയും ജനനനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെയും ഫലമായി തെക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആര്‍ജ്ജിച്ച നേട്ടങ്ങള്‍ക്ക് നാം ശിക്ഷിക്കപ്പെട്ടുകൂടാ. ഇത്തരം ഭേദഗതികള്‍ക്ക് ജനസംഖ്യാടിസ്ഥാനത്തില്‍ സീറ്റുകള്‍ നിര്‍ണയിക്കുന്നതിന് അപ്പുറമുള്ളവയ്ക്ക് പരിഗണന നല്‍കണം. സന്തുലിതവും ന്യായവുമായ പ്രാതിനിധ്യം തെക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഉറപ്പാക്കണം.

ABOUT THE AUTHOR

...view details