സ്‌ത്രീകളെ പോലെ തന്നെ പുരുഷന്മാരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചിൽ. നേരത്തെ പ്രായമായവരിലാണ് കഷണ്ടി കണ്ടുവന്നിരുന്നതെങ്കിൽ ഇന്ന് ചെറുപ്പക്കാരിലും ഇത് സാധാരണമായി കഴിഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി, മാനസിക സമ്മർദ്ദം, പരിചരണ കുറവ് എന്നിവയെല്ലാം മുടി കൊഴിച്ചിലിന് കാരണമാകുന്ന ഘടകങ്ങളാണ്. എന്നാൽ കൃത്യമായ പരിപാലനത്തിലൂടെ ഒരു പരിധിവരെ ഈ മുടി കൊഴിച്ചിൽ തടയാൻ സാധിക്കും. അതിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
ഓയിൽ മസാജ്
പതിവായി തലയോട്ടിയിൽ ഓയിൽ പുരട്ടി മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കാനും മുടികൊഴിച്ചിൽ തടയാനും സഹായിക്കും. ഇതിനായി വെളിച്ചെണ്ണ, ബദാം ഓയിൽ, റോസ്മേരി ഓയിൽ, പേപ്പർ മിന്‍റ് ഓയിൽ തുടങ്ങിയവ ഉപയോഗിക്കാം. ആഴ്‌ചയിൽ ഒരിക്കലെങ്കിലും ഈ രീതിയിൽ മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.
ഉലുവ
മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പ്രോട്ടീൻ, അയേൺ എന്നിവ ഉലുവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയിട്ട് വളർച്ചയെ പ്രോത്സാഹിപ്പിക്കും. കൂടാതെ താരൻ, മുടികൊഴിച്ചിൽ എന്നിവ അകറ്റാൻ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണിത്. ഒരു രാത്രിമുഴുവൻ കഞ്ഞിവെള്ളത്തിലോ പച്ചവെള്ളത്തിലോ ഉലുവ കുതിർത്ത ശേഷം രാവിലെ നന്നായി അരച്ച് മുടിയിൽ പുരട്ടുക. 20 മുതൽ 30 മിനിറ്റിന് ശേഷം കഴുകി കളയുക.
കറ്റാർവാഴ
മുടികൊഴിച്ചിൽ പരിഹരിക്കാൻ ഫലപ്രദമായ ഒരു പ്രകൃതിദത്ത മാർഗമാണ് കറ്റാർവാഴ. മുടികൊഴിച്ചിലിന് കാരണമാകുന്ന താരൻ അകറ്റാനും ഇത് ഗുണകരമാണ്. അതിനായി കറ്റാർവാഴ ജെൽ തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. 20 മുതൽ 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും സഹായിക്കും.
ഉള്ളി നീര്
മുടി കൊഴിച്ചിൽ പരിഹരിക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉള്ളി നീര് അഥവാ സവാള നീര്. ഇതിൽ ഉയർന്ന അളവിൽ സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് താരൻ ഇല്ലാതാക്കാനും മുടികൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ച വർധിപ്പിക്കാനും ഗുണം ചെയ്യും. അതിനായി ഉള്ളിയുടെ നീര് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്‍ചയിൽ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.