സന്ദര്യ സംരക്ഷണം പോലെ നഖങ്ങൾ സംരക്ഷിക്കേണ്ടതും പ്രധാനമാണ്. കൈകൾ ഭംഗിയുള്ളതായി നിലനിർത്തുന്നതിൽ നഖങ്ങൾക്ക് വലിയ പങ്കുണ്ട്. അതിനാൽ തന്നെ നഖങ്ങൾ കൃത്യമായി പരിപാലിക്കേണ്ടത് ആവശ്യമാണ്. സ്ത്രീകൾ പൊതുവെ നീണ്ട ബലമുള്ള നഖങ്ങൾ ഇഷ്‌ടപ്പെടുന്നവരാണ്. എന്നാൽ ബലമുള്ള നഖങ്ങൾ സ്വന്തമാക്കാൻ പലർക്കും സധിക്കാറില്ല. നഖങ്ങൾ പൊട്ടിപോകുന്നതാണ് പലരും നേരിടുന്ന പ്രശ്‍നം. നഖങ്ങൾ ശക്തമായിരിക്കാൻ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങൾ ആവശ്യമാണ്. അതിനാൽ തന്നെ പോഷക സമ്പുഷ്‌ടമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. ഇതിനു പുറമെ നഖങ്ങളുടെ സംരക്ഷണത്തിനായി ചെയ്യേണ്ട ചില വീട്ടുവൈദ്യങ്ങൾ ഇതാ.
വെളിച്ചെണ്ണ
ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് വെളിച്ചെണ്ണ. വിറ്റാമിൻ ഇയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പതിവായി നഖത്തിൽ പുരട്ടുന്നത് നഖത്തിന്‍റെ വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കും. അതിനായി അൽപ്പം വെളിച്ചെണ്ണ എടുത്ത് ചൂടാക്കുക. ശേഷം നഖത്തിൽ പുരട്ടുക.
നാരങ്ങ നീര്
നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നഖങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. അതിനാൽ ദിവസേന ഒരു തവണ കൈ, കാൽ വിരലുകളിലും നഖങ്ങളിലും നാരങ്ങ നീര് പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.
ഓറഞ്ച്
ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്‌ടമാണ് ഓറഞ്ച് ജ്യൂസ്. ഇത് നഖത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. അതിനാൽ ഓറഞ്ച് നീര് നഖങ്ങളിൽ പുരട്ടുക. അൽപസമയത്തിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.
വെളുത്തുള്ളി എണ്ണ
നഖത്തിൻ്റെ ആരോഗ്യത്തിന് ആവശ്യമായ സെലിനിയം വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ വെളുത്തുള്ളി പേസ്റ്റോ എണ്ണയോ മാസ്‌ക് ആയി നഖത്തിൽ പുരട്ടുക.