നമ്മുടെയൊക്കെ വീടുകളിലെ അടുക്കളയില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് കറിവേപ്പില. അവസാനമെത്തുമ്പോള്‍ ഏറെപ്പേരും ഒഴിവാക്കുമെങ്കിലും കറികൾക്ക് മണവും സ്വാദും നൽകുന്നതില്‍ മുഖ്യപങ്കാണ് കറിവേപ്പിലയ്‌ക്കുള്ളത്. മിക്കവരും കടകളില്‍ നിന്നാണ് കറിവേപ്പില വാങ്ങുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാല്‍ ഒന്നു മനസ് വച്ചാല്‍ കറിവേപ്പിലയ്‌ക്കായി വിപണിയെ ആശ്രയിക്കുന്നത് ഒഴിവാക്കാം. പറഞ്ഞു വരുന്നത്, ഇതു വീട്ടില്‍ നട്ടുവളര്‍ത്തുന്നതിനെ കുറിച്ചാണ്. എന്നാല്‍ എത്ര നട്ടാലും കറിവേപ്പില പിടിക്കുകയും വളരുകയും ചെയ്യുന്നില്ലെന്ന് പരാതി ഏറെയാണ്. സത്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കറിവേപ്പിലത്തൈ തഴച്ച് വളരുമെന്നാണ് ഈ രംഗത്ത് ഏറെ പരിചയമുള്ളവര്‍ പറയുന്നത്.
നടീലില്‍ ശ്രദ്ധിക്കാം
ചട്ടികളിലും ഗ്രോ ബാഗുകളിലുമായോ അല്ലാതെയോ കറിവേപ്പിലച്ചെടി വളര്‍ത്താം. കറിവേപ്പില നല്ല നീർവാർച്ചയുള്ള മണ്ണിലാവണം നടേണ്ടത്. വെള്ളം കെട്ടിനില്‍ക്കരുത്. ചെറുതായി അമ്ലത്വമുള്ള മണ്ണിലും കറിവേപ്പിലത്തൈ നടാം. കറിവേപ്പില ചെടികൾക്ക് അനുയോജ്യമായ pH 6.0 മുതൽ 7.5 വരെയാണ്.
ഗ്രോ ബാഗുകളിലാണ് വളര്‍ത്തുന്നതെങ്കില്‍ പോട്ടിങ് സോയില്‍, പെർലൈറ്റ്, മണൽ എന്നിവ തുല്യ അളവില്‍ ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതത്തില്‍ ഇവ നടാം. നല്ല സൂര്യപ്രകാശം ആവശ്യമുള്ള ചെടിയാണ് കറിവേപ്പില. അതിനാല്‍ തന്നെ ചെടി നടുന്ന സ്ഥാനത്തിനും പ്രാധാന്യം ഏറെയാണ്. ചെടിക്ക് ദിവസേന കുറഞ്ഞത് 4-6 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. 25°C മുതൽ 35°C (77°F മുതൽ 95°F വരെ) ചൂടുള്ള താപനിലയാണ് കറിവേപ്പിലച്ചെടി ഇഷ്‌ടപ്പെടുന്നത്.
നനയും വളപ്രയോഗവും
കറിവേപ്പില ചെടികൾക്ക് സ്ഥിരമായി നനവ് ആവശ്യമാണ്, പക്ഷേ അമിതമായി നനവ് ഒഴിവാക്കുക. നനയ്ക്കുന്നതിനിടയിൽ മണ്ണ് ചെറുതായി ഉണങ്ങാൻ അനുവദിക്കുക. ശൈത്യകാലത്ത്, ചെടിയുടെ വളർച്ച മന്ദഗതിയിലാകുന്നതിനാൽ നനവ് കുറയ്ക്കുക. കമ്പോസ്‌റ്റോ NPK 10:10:10 തുടങ്ങിയ ജൈവ വളങ്ങള്‍ ഉപയോഗിക്കാം. വളര്‍ച്ചയുടെ സമയത്ത് ഓരോ 4-6 ആഴ്ചയിലും വളപ്രയോഗം നടത്താന്‍ ശ്രദ്ധിക്കുമല്ലോ?. എന്നാല്‍ അമിത വളപ്രയോഗം ഒഴിവാക്കുക. ഇതു ചെടിയെ ദോഷകരമായി ബാധിക്കുകയും ഇല ഉൽപാദനം കുറയ്ക്കുകയും ചെയ്യും.