പ്രായമാകുന്നതിനനുസരിച്ച് ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അതേപോലെ പ്രധാനമാണ് ചർമ്മ സംരക്ഷണവും. പ്രായം കൂടുന്നതിനനുസരിച്ച് ചർമ്മത്തിന്‍റെ ഘടനയിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നത് സാധാരണയാണ്. ഇത് ചർമ്മത്തിൽ ചുളിവുകൾ, നേർത്ത വരകൾ എന്നിവ ഉണ്ടാകാൻ കാരണമാകും. അതിനാൽ മുപ്പതുകളിലേക്ക് എത്തുമ്പോൾ ചർമ്മം ആരോഗ്യത്തോടെ നിലനിർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ധാരാളം വെള്ളം കുടിക്കുക
ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിന് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിൽ വെള്ളത്തിന്‍റെ അളവ് കുറയുമ്പോൾ നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകും. ഇത് ചർമ്മത്തിന്‍റെ ആരോഗ്യത്തെയും ബാധിക്കും. അതുകൊണ്ട് തന്നെ ചർമ്മം ഉൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനാൽ ദിവസേന കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഇത് നിർജ്ജലീകരണം തടയാനും ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങൾ പുറന്തള്ളാനും സഹായിക്കും.
ഉറക്കം
ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിൽ ഉറക്കം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഉറക്കക്കുറവ് ചർമ്മത്തിൽ ഇരുണ്ട പാടുകൾ ഉണ്ടാക്കുകയും കണ്ണിനു ചുറ്റും ഡാർക്ക് സർക്കിളിന് കാരണമാകുകയും ചെയ്യും. വാർധക്യ ലക്ഷണങ്ങൾ നേരത്തേയാകാനും ഇത് കാരണമാകും. അതിനാൽ ദിവസേന 7 മുതൽ 9 മണിക്കൂർ ഉറങ്ങേണ്ടത് പ്രധാനമാണ്. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും മതിയായ ഉറക്കം ലഭ്യമാക്കേണ്ടതുണ്ട്.
വ്യായാമം
ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന മറ്റൊന്നാണ് വ്യായാമം. അതിനാൽ വ്യായാമം പതിവാക്കുക.
ഫാസ്റ്റ്ഫുഡ്
ചർമ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണങ്ങളാണ് ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവ. കൂടാതെ ധാരാളം എണ്ണ, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴക്കുന്നതും പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. ഇത് ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.