കുളികഴിഞ്ഞാൽ ശരീരവും മുഖവുമൊക്കെ തുടയ്ക്കാൻ ഒരേ ടവൽ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഈ ശീലം ചർമ്മത്തെ മോശമായി ബാധിക്കുമെന്ന് എത്രപേർക്കറിയാം? മുഖം തുടയ്ക്കാനായി കോട്ടൺ അല്ലെങ്കിൽ മൈക്രോ ഫൈബർ പോലുള്ള വസ്‌തുക്കളാൽ നിർമ്മിച്ച മൃദുവായ ടവൽ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ചർമ്മത്തെ കൂടുതൽ ആരോഗ്യത്തോടെയും ശുചിത്വമുള്ളതായും നിലനിർത്താൻ സഹായിക്കും. ബോഡി ടവൽ മുഖത്ത് ഉപയോഗിക്കുന്നത് ചർമ്മത്തിൽ പ്രകോപനം, മുഖക്കുരു, അണുബാധ എന്നിവ ഉണ്ടാകാൻ കാരണമാകും. ഇത് ചർമ്മം പൊട്ടാനും പാടുകൾ വരാനും ഇടയാക്കും. ചർമ്മത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് ബാധിക്കും. അറിയാം വിശദമായി.
ചർമ്മത്തിലെ വ്യത്യാസം
ശരീരത്തിലെ ചർമ്മത്തെക്കാൾ കൂടുതൽ മൃദുവും സെൻസിറ്റീവുമാണ് മുഖത്തെ ചർമ്മം. ബോഡി ടവലുകൾ പൊതുവെ പരുക്കാനായിരിക്കും. ഇത് മുഖത്തെ ചർമ്മത്തിൽ പ്രകോപനം, ചുവപ്പ് നിറം എന്നിവയ്ക്ക് കാരണമാകും.
ബാക്‌ടീരിയ
ശരീരത്തിൽ ബാക്‌ടീരിയ കൂടുതൽ ഉണ്ടാകുന്ന കക്ഷം പോലുള്ള ഇടങ്ങൾ തുടച്ച് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ടവലുകൾ കൊണ്ട് ഒരിക്കലും മുഖം തുടയ്ക്കരുത്. ഇത് മുഖത്തെ ചർമ്മത്തിലേക്ക് ബാക്‌ടീരിയകളും അണുക്കളും പടരാൻ ഇടയാക്കും. അണുബാധ, ചർമ്മത്തിൽ പൊട്ടലുകൾ, തിണർപ്പ് എന്നിവയ്ക്ക് ഇത് കാരണമാകും.
എണ്ണകൾ, ലോഷനുകൾ, സോപ്പ്
ശരീരത്തിൽ ഉപയോഗിക്കുന്ന ബോഡി ലോഷനുകൾ, എണ്ണകൾ സോപ്പുകൾ എന്നിവ ടവലിൽ തങ്ങി നിൽക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇതേ ടവൽ ഉപയോഗിച്ച് മുഖം തുടയ്ക്കുമ്പോൾ ഇവയെല്ലാം ചർമ്മത്തിൽ പറ്റാൻ ഇടയാക്കും. ഇത് മുഖക്കുരു ഉൾപ്പെടെയുള്ള ചർമ്മ പ്രശ്‌നങ്ങളിലേക്ക് നയിക്കും.
പരുക്കൻ ടവൽ
ബോഡി ടവലുകൾ പലപ്പോഴും ഫേസ് ടവലുകളേക്കാൾ കട്ടിയുള്ളതും പരുക്കാനുമായിരിക്കും. ഇത് ചർമ്മത്തിൽ കൂടുതൽ സമ്മർദ്ദമുണ്ടാക്കും. പതിവായി ഇത് ഉപയോഗിച്ച് മുഖം തുടയ്ക്കുന്നതിലൂടെ കാലക്രമേണ ചർമ്മത്തിൽ ചുളിവ് വരാനോ ഇലാസ്‌തികത നഷ്‌ടമാകാനോ ഇടയാക്കും.
മുഖം തുടയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മുഖം തുടയ്ക്കാനായി മൃദുവായ ടവലുകളോ ഡിസ്പോസിബിൾ കോട്ടൺ പാഡുകളോ ഉപയോഗിക്കുക.
- ഫേസ് ടവൽ ദിവസവും കഴുകി വൃത്തിയാക്കുക
- ചർമ്മത്തിൽ നിന്നും വെള്ളം തുടച്ച് നീക്കുന്നതിന് പകരം ഒപ്പിയെടുക്കാൻ ശ്രദ്ധിക്കുക.
- ടവലുകൾ വൃത്തിയാക്കുന്നതിന് ചൂടുവെള്ളവും ഹൈപ്പോഅലോർജെനിക് ഡിറ്റർജൻ്റും ഉപയോഗിക്കുക.
- പ്രകൃതിദത്തമോ ഓർഗാനിക്കോ ഉൾപ്പെടെയുള്ള എല്ലാതരം ഡിറ്റർജൻ്റുകൾ ഉപയോഗിക്കുമ്പോവും പ്രത്യേകം ശ്രദ്ധിക്കുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു വിദഗ്‌ധന്‍റെ നിർദേശം തേടേണ്ടതാണ്.
Also Read :