കേരളത്തിന്‍റെ തനതായ വസ്ത്രമാണ് സെറ്റ് സാരിയും സെറ്റും മുണ്ടും. ഓണം, വിഷു തുടങ്ങി വിവാഹ ആഘോഷങ്ങളിൽ പോലും സ്ത്രീകൾ കസവ് സാരിയിലും പുരുഷന്മാർ കസവ് മുണ്ടിലും അണിഞ്ഞൊരുങ്ങി വരുന്നത് പതിവാണ്. ഇന്ന് പല രൂപത്തിലും ഭാവത്തിലുമുള്ള വെറൈറ്റി കസവ് സാരികൾ വിപണിയിൽ ലഭ്യമാണ്. ഓണക്കാലത്താണ് ഇതിന്‍റെ ഡിമാന്‍റ് കുത്തനെ ഉയരാറുള്ളത്. ഇന്ന് വയനാടിന്‍റെ എം പിയായി പാർലമെന്‍റിൽ സത്യപ്രതിജ്ഞയ്ക്കായി പ്രിയങ്ക ഗാന്ധി വാദ്ര എത്തിയതും കസവ് സാരി അണിഞ്ഞായിരുന്നു. കേരളത്തിന്‍റെ പൈതൃകത്തോടുള്ള ആദരവ് വ്യക്തമാക്കി കൊണ്ടായിരുന്ന് സെറ്റ് സാരിയിൽ പ്രിയങ്ക പാർലമെന്‍റിൽ എത്തിയത്.
ഒരു വസ്ത്രം എന്നതിലുപരി കേരളത്തിന്‍റെ പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്നതാണ് കസവു സാരികൾ. ഇതിലെ വെള്ള നിറം വിശുദ്ധിയെയും ശാന്തതയെയും പ്രതിനിധീകരിക്കുമ്പോൾ സ്വർണ്ണ നിറം ഐശ്വര്യവും ദൈവികതയും നിറയ്ക്കും. അതിനാൽ തന്നെ കസവ് കരയുള്ള സാരി ഏതൊരു സ്ത്രീയെയും അതിസുന്ദരിയാക്കുന്നു.
കസവു സാരികൾ വിപണിയിൽ സുലഭമായി ലഭ്യമാണെങ്കിലും ഒറിജിനൽ കാസവ് സാരി വാങ്ങണമെങ്കിൽ തിരുവനന്തപുരം ബാലരാമത്ത് തന്നെ പോകണം. 3000 മുതൽ ലക്ഷങ്ങൾ വിലവരുന്ന കസവു സാരികളാണ് ഇവിടെ നെയ്തെടുക്കുന്നത്. സെറ്റ് സാരിയിലെ ഗോൾഡൻ കസവും അതിന്‍റെ വലിപ്പവും ആർട്ട് വർക്കുകളും പണിക്കൂലിയുമൊക്കെ ചേർത്താണ് ഒരു സാരിയുടെ വില നിശ്ചയിക്കുന്നത്.