അച്ചാർ കഴിക്കാൻ ഇഷ്‌ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. മാങ്ങയും, നാരങ്ങായുമൊക്കെ സ്ഥിരമായി കഴിച്ചു മടുത്തെങ്കിൽ വായിൽ കപ്പലോടുന്ന രുചിയിൽ ഒരു കിടിലൻ ബീഫ് അച്ചാർ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ സ്വാദിഷ്‌ടമായ ബീഫ് അച്ചാർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഈസി റെസിപ്പി ഇതാ...
- ബീഫ് - 1 കിലോ ഗ്രാം
- മുളക് പൊടി - 4 ടേബിൾ സ്‌പൂൺ
- മഞ്ഞള്‍പൊടി - 1 ടീസ്‌പൂൺ
- ഉപ്പ് - 2 ½ ടേബിൾ സ്‌പൂൺ
- നല്ലെണ്ണ - 250 ml
- കടുക് - ½ ടീസ്‌പൂൺ
- ഇഞ്ചി - ¾ 100 ഗ്രാം
- വെളുത്തുള്ളി - ¾ 100 ഗ്രാം
- പച്ചമുളക് - 6 എണ്ണം
- കറിവേപ്പില - 3 തണ്ട്
- കാശ്‌മീരി മുളക് പൊടി - 3 ടേബിൾ സ്‌പൂൺ
- കായം പൊടി - ¼ ടീസ്‌പൂൺ
- വിനാഗിരി) - 1½ കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ബീഫ് വേവിച്ചെടുക്കണം. അതിനായി നെയ്യ് കുറഞ്ഞ ബീഫ് ചെറുതായി അരിഞ്ഞ് കുക്കറിലേക്കിടുക. ഇതിലേക്ക് 1 ടേബിൾ സ്‌പൂൺ മുളക് പൊടി, ½ ടീസ്‌പൂൺ മഞ്ഞൾ പൊടി, 1½ ടേബിൾ സ്‌പൂൺ ഉപ്പ് എന്നിവ ചേർത്ത് അടച്ച് വെച്ച് വേവിക്കുക. വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. കുക്കറിൽ നിന്ന് അഞ്ച് വിസിൽ വരുന്നത് വരെ വേവിക്കുക. ശേഷം കുക്കർ തുറന്ന് ഇതിലെ വെള്ളം വറ്റുന്നത് വരെ തിളപ്പിച്ച് ഡ്രൈ ആക്കിയെടുക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി നല്ലെണ്ണ ഒഴിക്കുക. ഇതിലേക്ക് ബീഫിട്ട് വറുത്തെടുക്കുക. 8 മിനിറ്റ് നേരം ഫ്രൈ ചെയ്യുക. ശേഷം ഇത് എണ്ണയിൽ നിന്ന് മാറ്റം. ഇതേ എണ്ണ അരിച്ചെടുത്ത് വീണ്ടും ചൂടാക്കുക. ഇതിലേക്ക് അര ടീസ്‌പൂൺ കടുക് ചേർക്കുക. ഇത് പൊട്ടി കഴിയുമ്പോൾ ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, രണ്ടായി അരിഞ്ഞ വെളുത്തുള്ളി, കറിവേപ്പില, 1 ടേബിൾ സ്‌പൂൺ ഉപ്പ് എന്നിവ ചേർത്ത് വയഴട്ടുക.
10 മിനിറ്റ് കഴിയുമ്പോൾ തീ അണച്ച് 3 ടേബിൾ സ്‌പൂൺ വീതം മുളക് പൊടിയും കാശ്‍മീരി മുളക് പൊടിയും ½ ടീസ്‌പൂൺ മഞ്ഞൾ പൊടിയും കായപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. സ്റ്റൗ ഓൺ ചെയ്‌ത് മീഡിയം ഫ്ലേമിൽ വച്ച് കയ്യെടുക്കാതെ ഒരു 5 സെക്കന്‍റ് ഇളക്കി കൊടുക്കാം. ഇനി ഇതിലേക്ക് നേരത്തെ വറുത്തു വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം വിനാഗിരിയും ഉപ്പും കൂടി ചേർത്ത് തിളപ്പിക്കുക. തീ അണച്ച് അടുപ്പിൽ നിന്നും മാറ്റം. 8 മണിക്കൂർ നേരമെങ്കിലും തണുക്കാനായി മാറ്റി വയ്ക്കാം. രുചികരമായ ബീഫ് അച്ചാർ തയ്യാർ.
Also Read : വായിൽ കപ്പലോടും ഈ കപ്പ ബിരിയാണി കഴിച്ചാൽ; നാടൻ രുചിക്കൂട്ട് ഇതാ