മിക്കവരും നേരിടുന്ന ഒരു പ്രശ്‌ന മാണ് മുടികൊഴിച്ചിൽ. ഒരാളുടെ ആത്മവിശ്വം നഷ്‌ടപ്പെടാനും മാനസികമായി തളർത്താനും ഇത് കാരണമാകും. ദിവസവും നൂറ് മുടി വരെ കൊഴിയുന്നത് സ്വാഭാവികമാണ്. എന്നാൽ അതിൽ കൂടുതൽ കാണപ്പെട്ടാൽ കൃത്യമായി ചികിത്സ തേടേണ്ടത് പ്രധാനമാണ്. പോഷകങ്ങളുടെ അഭാവം, താരൻ, പാരമ്പര്യം, തൈറോയ്‌ഡ് പ്രശ്‌നങ്ങൾ, തലയോട്ടിയിലെ അണുബാധ എന്നിവയെല്ലാം മുടികൊഴിച്ചിലിന് കരണമാകുന്നവയാണ്. ഇതിനു പുറമെ ചില ദൈനംദിന ശീലങ്ങളും മുടി കൊഴിച്ചിൽ ഉണ്ടാക്കും. തുടക്കത്തിൽ അത്ര പ്രശ്‌നമായി തോന്നില്ലെങ്കിലും പോകപ്പോകെ അമിതമായ മുടി കൊഴിച്ചിലിലേക്ക് ഇത് നയിച്ചേക്കും. മുടികൊഴിച്ചിൽ കൂടുതൽ വഷളാക്കുന്ന 8 ശീലങ്ങൾ ഇവയാണ്.
വീര്യം കൂടിയ ഷാംപൂ
വീര്യം കൂടിയ ഷാംപൂവിൽ രാസവസ്‌തുക്കൾ അടങ്ങിയിട്ടുണ്ട്. അതിനാൽ പതിവായി ഇത്തരം ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിയുടെ സ്വാഭാവിക എണ്ണ നീക്കം ചെയ്യാൻ കാരണമാകും. മുടി വരണ്ടതാകാനും പൊട്ടിപ്പോകാനും ഇത് ഇടയാക്കും. അതിനാൽ തലമുടി കഴുകാൻ പ്രകൃതിദത്തമോ വീര്യം കുറഞ്ഞതോ ആയ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്.
ഹീറ്റ് സ്‌റ്റൈലിംഗ്
ഹെയർ ഡ്രയർ, സ്‌ട്രെയിറ്റനറുകൾ, കേളിംഗ് അയേണുകൾ എന്നിവ ഇടയ്‌ക്കിടെ ഉപയോഗിക്കുന്നത് മുടിയെ ദുർബലമാക്കും. ഇത് മുടി പൊട്ടി പോകാൻ കാരണമാകും.
ഇറുകിയ ഹെയർസ്റ്റൈലുകൾ
മുടി വലിച്ചു മുറുക്കി കെട്ടുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. ഇത് രോമകൂപങ്ങളെ നശിപ്പിക്കുകയും മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യും. പോണിടെയിലുകൾ, ബ്രെയ്‌ഡുകൾ, ബൺസ് എന്നീ രീതികളിൽ പതിവായി മുടി കെട്ടുന്നത് ട്രാക്ഷൻ അലോപ്പീസിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.
മോശം ഭക്ഷണക്രമം
അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഇരുമ്പ്, സിങ്ക്, ബയോട്ടിൻ, വിറ്റാമിൻ എ, ഡി, പ്രോട്ടീൻ തുടങ്ങിയ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ അഭാവം മുടി കൊഴിച്ചിലിന് കാരണമാകും.
സമ്മർദ്ദം
മുടി കൊഴിച്ചിൽ, മുടി പൊട്ടി പോകുക എന്നിവയ്ക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ് സ്ട്രെസ്. അതിനാൽ സ്ട്രെസ് കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അതിനായി യോഗ, ധ്യാനം എന്നിവ പതിവാക്കുക.
ഉറക്കക്കുറവ്
ഉറക്കകുറവ് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ ബാധിക്കും. അതിനാൽ ദിവസേന മതിയായ ഉറക്കം ഉറപ്പ് വരുത്തുക.
നനഞ്ഞ മുടി ചീകുന്നത്
ശക്തമായി മുടി ചീകുന്നതും തെറ്റായ ചീപ്പുകൾ ഉപയോഗിക്കുന്നതും മുടി കൊഴിച്ചിലിന് കാരണമാകും. പ്രത്യേകിച്ച് നനഞ്ഞ മുടി ചീകുന്നത് മുടി കൊഴിച്ചിൽ വർധിപ്പിക്കും. മുടി പൊട്ടുന്നതിനും മുടിയുടെ ദൃഢത നഷ്‌ടമാകാനും ഇടയാക്കും. മുടി ചീകാൻ എപ്പോഴും വീതി കൂടിയ പല്ലുള്ള ചീപ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
പുകവലി
ആരോഗ്യകരമായ മുടിയുടെ വളർച്ച തടസപ്പെടുത്തുന്ന ഒന്നാണ് പുകവലി. ഇത് തലയോട്ടിയിലെ രക്തചംക്രമണം കുറയ്ക്കുകയും അമിതമായ മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യും.
Also Read :