ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ ഉറക്കം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശരിയായ ഉറക്കം കിട്ടാതെ വരുമ്പോൾ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. കുട്ടികൾ മുതൽ പ്രായമായവർ വരെ ഉറക്ക പ്രശ്‌നങ്ങൾ നേരിടാറുണ്ട്. പേടി, സങ്കടം തുടങ്ങിയവ കുഞ്ഞു മനസുകളുടെ ഉറക്കത്തെ കെടുത്തുമ്പോൾ ജോലി സമ്മർദ്ദവും കുടുംബത്തിന്‍റെ ഉത്തരവാദിത്ത്വവും മുതിർന്നവരുടെ ഉറക്കം ഇല്ലാതാക്കുന്നു. എന്നാൽ ഉറക്ക പ്രശ്‌നങ്ങളെ നേരിടാൻ ഇതാ ഫലപ്രദമായ ഒരു ടെക്‌നിക്ക് നിങ്ങളെ പരിചയപ്പെടുത്താം.
രാജ്യത്തിന്‍റെ അതിർത്തികളിൽ സദാ ജാഗരൂകരായി കഴിയുന്ന സൈനികരെ നിമിഷ നേരം കൊണ്ട് ഉറങ്ങാൻ സഹായിക്കുന്നതിനായി ഗവേഷകർ കണ്ടെത്തിയ ഒരു തന്ത്രമാണ് മിലിറ്ററി സ്ലീപ്പിങ് ടെക്‌നിക്. ഈ ടെക്‌നിക് പാലിച്ചാൽ രണ്ട് മിനിട്ടിനുള്ളിൽ തന്നെ ഏതൊരാളും ഗാഢമായ ഉറക്കത്തിലേക്ക് നയിക്കപ്പെടുമെന്ന് ഗവേഷകർ പറയുന്നു.
2017 ൽ നാഷണൽ സെൻ്റർ ഫോർ കോംപ്ലിമെൻ്ററി ആൻഡ് ഇൻ്റഗ്രേറ്റീവ് ഹെൽത്ത് പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് സൈനിക ഉദ്യോഗസ്ഥർക്കായി ഈ ടെക്‌നിക് കണ്ടെത്തിയത്. ഉറക്ക തകരാറുകൾ പരിഹരിക്കാൻ ഈ തന്ത്രം പിന്തുടരുന്നത് നല്ലതാണെന്ന് ഉറക്കമില്ലായ്‌മയെ കുറിച്ച് ഗവേഷണം നടത്തുകയും ചികിത്സിക്കുകയും ചെയ്യുന്ന ഡോ ബ്രയാൻ പറയുന്നു.
എന്താണ് മിലിട്ടറി സ്ലീപ് ടെക്‌നിക്
സൈനികരെ എവിടെയും എപ്പോൾ വേണമെങ്കിലും ഉറങ്ങാൻ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ തന്ത്രം വികസിപ്പിച്ചത്. തല മുതൽ കാൽ വരെയുള്ള ഭാഗത്തെ ശാന്തമാക്കാനും വിശ്രമിക്കാനും ഇത് സഹായിക്കും. മിലിട്ടറി സ്ലീപ് ടെക്‌നിക്‌സ് പരീക്ഷിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആദ്യം നിവർന്ന് കിടന്നതിന് ശേഷം കണ്ണുകൾ അടക്കുക. രണ്ട് കൈകളും ശരീരത്തോട് ചേർത്ത് വയ്ക്കണം. ശേഷം നെറ്റി, കണ്ണുകൾ, കവിളുകൾ, താടിയെല്ലുകൾ, തോൾ, കൈകൾ തുടങ്ങീ കാൽ വിരലുകൾ വരെയുള്ള എല്ലാ ഭാഗങ്ങളും അയച്ചിടുക. ശേഷം പതിയെ ശ്വാസമെടുക്കുക. ഇങ്ങനെ ചെയ്യമ്പോൾ നെഞ്ച് മുതൽ പാദങ്ങൾ വരെയുള്ള പേശികൾ പതിയെ വിശ്രമിക്കാൻ തുടങ്ങും. ശ്വസിക്കുമ്പോൾ തോളും കൈകളും അയച്ചിടാൻ ശ്രദ്ധിക്കണം. ശരീരത്തിലെ സമ്മർദ്ദം ക്രമേണ കുറയാൻ ഇത് സഹായിക്കും.
അടുത്തതായി നിങ്ങളുടെ മനസിനെ ശാന്തമാക്കേണ്ടതുണ്ട്. അതിനായി ശാന്തമായ അന്തരീക്ഷത്തിൽ നീലാകാശത്തിന് കീഴിൽ ഒരു തടാകത്തിൽ തോണിയിൽ ഒറ്റയ്ക്ക് കിടക്കുന്നതോ അല്ലെങ്കിൽ ഒരു ഇരുണ്ട മുറിയിൽ വയലറ്റ് ഊഞ്ഞാലിൽ ആടുന്നതായോ സങ്കൽപ്പിക്കുക. ഇത് മനസിനെ സന്തമാക്കാനുള്ള ഒരു ടെക്‌നിക്കാണ്. മനസിൽ നിന്ന് നെഗറ്റീവ് ചിന്തകൾ ഇല്ലാതാക്കാനും നല്ല ഉറക്കത്തിലേക്ക് നയിക്കാനും ഇത് സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
ഈ സ്ലീപ്പ് ട്രിക്ക് നിമിഷങ്ങൾക്കുള്ളിൽ ഉറങ്ങാൻ സഹായിക്കുമെന്ന് ഒളിമ്പിക് സ്പ്രിൻ്റ് പരിശീലകനായ ബഡ്‌വിൻ്റർ പറഞ്ഞു. നാവികസേനയുടെ പ്രീ-ഫ്ലൈറ്റ് സ്‌കൂളിൽ ഈ വിദ്യ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഴത്തിലുള്ള ശ്വാസമെടുക്കുമ്പോൾ ഹൃദയമിടിപ്പ് നിയന്ത്രിക്കുകയും നാഡീവ്യവസ്ഥ ശാന്തമാക്കുകയും ചെയ്യും. ഉറക്കത്തിലേക്ക് നയിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്‍റെ ഉത്പാദനം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കുക:https://med.umn.edu/news/top-story-practice-military-sleep-method-fall-asleep-mere-minutes-naturally
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : രാത്രി ഉറക്കമില്ലേ ? ഈ കാര്യങ്ങൾ ചെയ്‌തു നോക്കൂ... ഉറക്കം ഉറപ്പായും ലഭിക്കും