കോഴിക്കോട്: സിനിമയിലെ ഒരു സീനോ വെബ് സീരീസിലെ ഫ്രെയിമുകളോ മ്യൂസിക്ക് ആല്‍ബങ്ങളിലെ കോസ്റ്റ്യൂമോ ഒക്കെ വേഷവിധാനങ്ങളിലെ ഫാഷനെ നിര്‍ണയിച്ചു പോരുന്ന രീതി ഇന്നും തുടരുകയാണ്. കാലം കടന്നു പോകവേ അതിലും ചില മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. മലയാള സിനിമയോ ബോളിവുഡോ കോളീവുഡോ ടോളീവുഡോ ഹോളീവുഡോ മാത്രമല്ല ഇന്ന് യൂത്തിന്‍റെ അഭിരുചികളെ സ്വാധീനിക്കുന്ന കാഴ്‌ചാനുഭവങ്ങള്‍. അതിനുമപ്പുറത്തേക്ക് വെബ് സീരീസുകളും മ്യൂസിക് ആല്‍ബങ്ങളും റെഡിമേയ്‌ഡ് ലോകത്തെ ട്രെന്‍ഡ് നിശ്ചയിക്കുന്നതാണ് ഇന്നത്തെ പുത്തന്‍ പ്രവണത.
ടൈറ്റ് ഫിറ്റില്‍ നിന്നും ലൂസിലേക്ക്: മാറ്റങ്ങൾക്കും വൈവിധ്യങ്ങള്‍ക്കും തീപിടിച്ച് കൊണ്ടിരിക്കുന്ന കാലത്ത് ഇതിലും അദ്ഭുതപ്പെടാനില്ല. ദേശാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് കടന്ന് ഇഷ്‌ടപ്പെട്ട വേഷ ധാരണ രീതികളെ പകര്‍ത്തുകയാണ് മലയാളി യുവാക്കളും. ശ്വാസം മുട്ടുമെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ശരീരത്തോട് ഇറുകിപ്പിടിച്ച് സിക്‌സ് പാക്കും ആകാര വടിവും മുഴുവനായും വെളിവാക്കുന്ന വസ്‌ത്രങ്ങളായിരുന്നു ഇടക്കാലത്ത് താരങ്ങള്‍ക്കിടയില്‍ ഹരമായത്. അതുതന്നെ നമ്മുടെ യുവാക്കളും കണ്ണും പൂട്ടി സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ഇടക്കാലത്ത് തരംഗമായിരുന്ന സ്‌കിന്‍ടൈറ്റ്, ടൈറ്റ് ഫിറ്റ് വസ്ത്രങ്ങളോട് യുവാക്കള്‍ ബൈ ബൈ പറഞ്ഞു തുടങ്ങിയിരിക്കുകയാണ്.
ശരീരത്തോട് ഒട്ടിപ്പിടിച്ചിരിക്കുന്ന വസ്ത്രധാരണ രീതി മാറി പകരമെത്തിയിരിക്കുന്നത് വിൻ്റേജ് മോഡലുള്ള ലൂസ് ഷർട്ടുകളാണെന്ന് കോഴിക്കോട്ടെ വസ്ത്ര വ്യാപാരിയായ കമാല്‍ പറയുന്നു." അണ്‍ഫിറ്റ് മോഡലുകള്‍ തേടിയാണ് യുവാക്കളും കൗമാരക്കാരുമെല്ലാം ഷോപ്പുകളിലെത്തുന്നത്. ആവശ്യമനുസരിച്ച് പുതിയ ട്രെൻഡിലുള്ള വസ്ത്രങ്ങള്‍ എത്തിക്കാന്‍ ഞങ്ങളും പാടുപെടുകയാണ്. ഹാഫ് സ്ലീവാണ് യുവതയ്ക്ക് താത്പര്യം. വെറും സിംപിൾ എന്ന് തോന്നിപ്പിക്കുന്ന ഇറക്കുമതി ഷർട്ട്, ടീ ഷർട്ട്, ബനിയൻ ക്ലോത്തുകൾക്ക് നല്ല മൂവാണ്. ചൈനീസ്, കൊറിയൻ തുണിത്തരങ്ങളാണ് വിപണിയിലെ താരം. മുംബൈ മാർക്കറ്റ് വഴിയാണ് ഇത് കേരളത്തിലേക്ക് എത്തുന്നത്". കൊറിയന്‍ ബ്രാന്‍ഡുകളും കൊറിയന്‍ സിനിമകളും ആല്‍ബങ്ങളുമൊക്കെ യുവാക്കളുടെ വസ്ത്രധാരണ രീതിയെ സ്വാധീനിക്കുന്നുണ്ട്. അലസ സൗന്ദര്യത്തിലേക്ക് മലയാളികളെ നയിച്ചത് കൊറിയന്‍ ആല്‍ബങ്ങളും സൗന്ദര്യ സങ്കല്‍പ്പങ്ങളുമാണെന്ന് ഫാഷന്‍ നിരൂപകര്‍ പറയുന്നു.
ഇടക്കാലത്ത് ഇറുകിപ്പിടിച്ച ഷര്‍ട്ടുകളിട്ട് ടൈറ്റ് സ്ലീവുകളുമായി നടന്ന യുവാക്കളെ നോക്കി സഹതപിച്ചിരുന്ന മുതിര്‍ന്ന തലമുറ ഇപ്പോഴത്തെ മാറ്റം കണ്ടും ഞെട്ടിയിരിക്കുകയാണ്. ഒട്ടും പാകമല്ലെന്ന് തോന്നിക്കുന്ന വസ്ത്രങ്ങള്‍ അണ്‍ഫിറ്റ് മോഡല്‍ എന്നാണ് ഫാഷന്‍ ലോകത്ത് അറിയപ്പെടുന്നത്. കണ്ടു കണ്ട് വസ്ത്ര ധാരണത്തിലെ പുത്തന്‍ ട്രെന്‍ഡുകളോടുള്ള വിമര്‍ശനങ്ങളുടെ മുനയും ഒടിഞ്ഞിരിക്കുകയാണിപ്പോള്‍. എന്ന് മാത്രമല്ല ഇത്രയും കാലം വസ്ത്ര ഫാഷന്‍റെ പേരില്‍ തങ്ങളെ വിമര്‍ശിച്ചവര്‍ തന്നെ ഇപ്പോള്‍ അതേ ഫാഷന്‍ പിന്തുടരുന്നുണ്ടെന്നും കോഴിക്കോട് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വിദ്യാര്‍ഥിയായ ആശിഷ് പറയുന്നു.
"വസ്ത്ര ധാരണ രീതികളോടുള്ള സമൂഹത്തിന്‍റെ വിമർശനം പൊതുവെ കുറഞ്ഞു വരുന്നുണ്ട്. യൂത്തിനെ പോലെ തന്നെ മുതിര്‍ന്നവരും ഫാഷനിലേക്ക് നന്നായി മാറിത്തുടങ്ങിയിട്ടുണ്ട്. വയസാവുന്നത് ആർക്കും ഇഷ്‌ടമല്ല എന്നതാണ് ഈ മാറ്റത്തിൻ്റെ കാതൽ. ഇഷ്‌ടമുള്ള വസ്ത്രം ധരിച്ചതിന്‍റെ പേരില്‍ വഴക്ക് കേള്‍ക്കേണ്ടി വരുന്ന സ്ഥിതി ഇന്നില്ല. മുതിര്‍ന്ന തലമുറയും ഏറെ മാറിയിട്ടുണ്ടെന്നും ആശിഷ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജീൻസ് പാൻ്റ്സ് രംഗത്തെ മാറ്റങ്ങള്‍: ഒരിടവേളയ്ക്ക് ശേഷം ബൂട്ട് കട്ടും ബാഗിയും വീണ്ടും രംഗപ്രവേശം ചെയ്‌തിരിക്കുകയാണ്. ബൂട്ടുകള്‍ക്ക് മേല്‍ സൗകര്യപ്രദമായി ധരിക്കാവുന്ന അല്‍പ്പം കൂടി തുറന്ന ലെഗ് ഓപ്പണിങ്ങോടെയുള്ള ജീന്‍സുകളാണ് ബൂട്ട് കട്ട് ജീന്‍സുകള്‍. മുട്ടു മുതല്‍ താഴെ വരെ വീതി കൂടുതലുള്ള സ്റ്റൈലിലാണ് ഇവ എത്തുന്നത്. ഏത് ശരീര പ്രകൃതത്തിനും ഇണങ്ങുമെന്നതാണ് ബൂട്ട് കട്ട് ജീന്‍സുകളെ വീണ്ടും പ്രിയങ്കരമാക്കുന്നത്. ഓഫിസ്- കാഷ്വല്‍ വെയറുകള്‍ക്ക് ഒരുപോലെ ചേര്‍ന്ന് പോകുന്നതാണ് എന്നതും ബൂട്ട് കട്ട് ജീന്‍സുകള്‍ക്ക് പ്ലസ് പോയിന്‍റാണ്.
1980കള്‍ മുതല്‍ 2000 വരെ പ്രചാരത്തിലുണ്ടായിരുന്ന ബാഗി ജീന്‍സും തിരിച്ചെത്തിയിട്ടുണ്ട്. പൊതുവേ അയഞ്ഞ ജീന്‍സ് ഇനത്തില്‍പ്പെട്ട് ബാഗി പുതിയ ഫാഷന്‍ ട്രെന്‍ഡായ അണ്‍ഫിറ്റ് അഥവാ അലസ ഗമനത്തിന് ചേര്‍ന്നുപോകുന്നതാണ്.
നിരവധി കമ്പനികൾ വസ്ത്ര നിർമാണ രംഗത്തുണ്ടെങ്കിലും കൗമാരക്കാരുടെ ഫേവറേറ്റ് ബ്രാന്‍ഡുകൾ തെരഞ്ഞ് പിടിച്ച് വിറ്റുപോകുകയാണെന്നും വ്യാപാരികൾ പറഞ്ഞു.
യുവതയെ ആകര്‍ഷിക്കുന്ന മങ്ങിയ മാറ്റ്: കടുംകളർ എന്ന കടുംപിടുത്തവും കൗമര ഫാഷനിൽ ഇല്ല. പൊതുവെ മിന്നിത്തിളങ്ങുന്ന ഫ്ലൂറസെന്‍റ് ഐറ്റങ്ങൾ ക്ഷണിക്കപ്പെട്ട വേദികളിലേക്ക് മാത്രം ഒതുങ്ങി. മങ്ങിയ മാറ്റ് തരത്തിലുള്ള ഡ്രസിങ്ങാണ് യുവതയെ ആകർഷിപ്പിക്കുന്നത്.
ബ്രാൻഡഡ് ഷർട്ടുകളും ജീൻസും അതിനനുസരിച്ച് വിപണിയിൽ എത്തുന്നുണ്ട്. അതിനായി പ്രത്യേക ഷോപ്പുകൾ തന്നെ ഡിസൈൻ ചെയ്‌തിട്ടുണ്ട്. വിലക്കുറവിന്‍റെ ആകർഷണത്തിൽ മിഠായ് തെരുവ്, സിൽക്ക് ബസാർ എന്നിവിടങ്ങളിൽ വസ്ത്രമേള നടക്കുമ്പോഴും ബ്രാൻഡഡ് ഷോപ്പുകളിലേക്കാണ് കൗമാരം കണ്ണുവയ്‌ക്കുന്നത്.
Also Read: ഐഎഫ്എഫ്‌കെ വൈബില്‍ ഫാഷന്‍ ട്രെന്‍ഡുകള്‍; മേളയിലെ മനോഹര കാഴ്‌ചകള്‍