വിദേശിയായ അഡീനിയം നമ്മുടെ പൂന്തോട്ടങ്ങളിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ബോൺസായ് പ്രകൃതമുള്ള ചെടിയിലെ മനോഹരമായ പൂക്കളില്‍ ആരുടേയും കണ്ണുടക്കും. വിവിധ ഇനത്തിലുള്ള അഡീനിയങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇതില്‍ മിക്കവയും ഗ്രാഫ്റ്റ് ചെയ്‌തു വളർത്തിയെടുക്കുന്നവയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അഡീനിയം ചെടികകള്‍ക്ക് ലളിതമായ പരിചരണം മാത്രം മതി. എന്നാല്‍ ചെടികള്‍ നന്നായി വളരുകയും പൂകൊണ്ട് നിറയുകയും ചെയ്യണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ഈ രംഗത്ത് ഏറെ പരിചയമുള്ള ആളുകള്‍ പറയുന്നത്.
നടലും പരിപാലനവും
വിപണയില്‍ നിന്നും വാങ്ങുന്ന അഡീനിയം തൈകള്‍ ചട്ടിയില്‍ നടുന്നതാണ് നല്ലത്. ഇതിനായി ആറ് ഇഞ്ച് വലുപ്പമുള്ള ചട്ടികള്‍ തിരഞ്ഞെടുക്കാം. നാരു കലർന്ന ചകിരിച്ചോറിനൊപ്പം ഒരുപിടി ഉണക്ക ചാണകപ്പൊടിയോ എല്ലുപൊടിയോ കലര്‍ത്തി ചെടി നടാനുള്ള മിശ്രിതം തയ്യാറാക്കാം. ചെടി നട്ടതിന് ശേഷം ഈ മിശ്രിതം നന്നായി കുതിരുന്ന രൂപത്തില്‍ നനകൊടുക്കണം. തുടര്‍ന്നുള്ള നന മിശ്രിതത്തിലെ ഈർപ്പം ഉണങ്ങിയശേഷം നല്‍കിയാല്‍ മതി.
അഡീനിയം പൂകൊണ്ട് നിറയാന്‍
ചെടി നന്നായി പൂവിടാന്‍ ഇതു വയ്‌ക്കുന്ന ഇടം ഏറെ പ്രധാനമാണ്. നാല് മുതല്‍ അഞ്ച് വരെ മണിക്കൂര്‍ നേരിട്ട് വെയിലും ചൂടും ലഭിക്കുന്ന ഇടമാണ് അഡീനിയം വളര്‍ത്താന്‍ ഏറ്റവും അനുയോജ്യം. ചെടിയുടെ കരുത്തുറ്റ വളര്‍ച്ചയ്‌ക്കും പൂവിടുന്നതിനും നാനോ ഡിഎപി നല്‍കാം.
ഇതുവഴി ചെടിക്ക് ഫോസ്‌ഫറസ്, നൈട്രജൻ ലഭ്യത സാധ്യമാകും. ഒരു ലിറ്റര്‍ വെള്ളത്തില്‍ നാല് മില്ലിയാണ് നാനോ ഡിഎപി കലര്‍ത്തേണ്ടത്. എൻപികെ 19:19:19 പൂവിടാൻ നല്ലതാണ്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവയടങ്ങിയതാണ് എൻപികെ 19:19:19. ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് ഗ്രാം കലര്‍ത്താം. അഡീനിയത്തിന് നല്‍കുന്നത് രാസവളമാണെങ്കിലും ജൈവവളമാണെങ്കിലും കഴിയുന്നതും ദ്രവരൂപത്തില്‍ ഉള്ളത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം.
നല്ലവളര്‍ച്ചയ്‌ക്ക്
നല്ല വളർച്ചക്കായി വർഷത്തിൽ ഒരിക്കൽ മിശ്രിതം നീക്കി ചെടി മാറ്റി നടേണ്ടതുണ്ട്. മഴക്കാലത്ത് നേരിട്ട് മഴ കൊള്ളാത്ത ഇടത്താണ് ചെടി ഉള്ളതെന്ന് ഉറപ്പാക്കുകയും വേണം. ചെടി പൂവിട്ടുകഴിഞ്ഞാല്‍ കൊമ്പ് കോതിക്കൊടുക്കണം. മഴക്കാലത്തിന് ശേഷമാണ് കൊമ്പുകോതല്‍ ചെയ്യേണ്ടത്. കുമിള്‍നാശിനി മുറിച്ച ഭാഗത്ത് തേച്ചുകൊടുക്കുന്നതും നല്ലതാണ്.
ഇലയും മൊട്ടും കൊഴിയുന്നതിന് പരിഹാരം
ഇലകളും പൊമൊട്ടുകളും കൊഴിഞ്ഞുപോകുന്ന പ്രശ്‌നം അഡീനിയത്തില്‍ കാണാറുണ്ട്. ഇതു പരിഹരിക്കാനായി കോണ്ടാഫ് എന്ന കുമിള്‍നാശിനി തളിച്ചാല്‍ മതി. ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മില്ലിയാണ് അനുപാതം.